- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി കണ്ണൂരിൽ അഞ്ചിടങ്ങളിൽ മൊബൈൽ ടവർ നിർമ്മിക്കും; നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കാൻ ഇടപെടലുമായി ജില്ലാ ഭരണകൂടം
കണ്ണൂർ:വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താൻ ജില്ലയിലെ അഞ്ച് ഇടങ്ങളിൽ അടിയന്തരമായി പുതിയ മൊബൈൽ ടവറുകൾ നിർമ്മിക്കാൻ തീരുമാനം. ജില്ലാ കലക്ടർ ടി.വി സുഭാഷിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത മൊബൈൽഇന്റർനെറ്റ് സേവന ദാതാക്കളുടെയും ടവർ മാനേജ്മെന്റ് കമ്പനികളുടെയും യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
ഓൺലൈൻ പഠന കാര്യത്തിൽ ജില്ലയിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാൻ ജില്ലാ കലക്ടർ ടി.വി സുഭാഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ അദാലത്തിൽ ജില്ലയിലെ ചില ഭാഗങ്ങളിൽ ഇന്റർനെറ്റ് ലഭ്യത ഇല്ലാത്ത കാര്യം വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും ചൂണ്ടിക്കാണിച്ചിരുന്നു.
ഇതേത്തുടർന്നാണ് പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി മൊബൈൽ കമ്പനി പ്രതിനിധികളുടെയും ടവർ നിർമ്മാതാക്കളുടെയും യോഗം ചേർന്നത്. കണ്ണൂർ കോർപറേഷനിലെ ചേലോറ, കതിരൂർ പഞ്ചായത്തിലെ നാലാംമൈൽ, പാനൂർ, കണ്ണപുരം, മുഴപ്പിലങ്ങാട് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പുതിയ ടവറുകൾ സ്ഥാപിക്കാൻ ജില്ലാ കലക്ടർ അനുമതി നൽകിയിരിക്കുന്നത്. ഇവിടങ്ങളിൽ എത്രയും വേഗം ടവർ നിർമ്മാണം ആരംഭിക്കാൻ ടവർ വിഷൻ, റിലയൻസ് എന്നിവയ്ക്ക് ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
ആറളം, പേരാവൂർ ഗ്രാമപഞ്ചായത്തുകളിലെ നെറ്റ്‌വർക്ക് പ്രശ്നത്തിന് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബി.എസ്.എൻ.എല്ലിനെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തി. മറ്റിടങ്ങളിലെ വിദ്യാർത്ഥികൾ അനുഭവിക്കുന്ന നെറ്റ്‌വർക്ക് പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ടവർ നിർമ്മാണത്തിനുള്ള അനുമതിക്കായി തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുള്ള അപേക്ഷകളിൽ ബന്ധപ്പെട്ടവർ എത്രയും വേഗം തീരുമാനമെടുക്കുകയും അതുവഴി വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം എളുപ്പമാക്കാൻ വഴിയൊരുക്കണം. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടാവമെന്നും ജില്ലാ കലക്ടർ പറഞ്ഞു.