കണ്ണൂർ: ആ കുരുന്നുകളെ ഓർത്ത് പുറത്തേക്ക് വന്ന കരച്ചിൽ ഉള്ളിലൊതുക്കിയാണ് ബിജോയുടെയും റെജീനയുടെയും അന്ത്യ കർമ്മങ്ങൾക്ക് സാക്ഷിയാകാൻ ബന്ധുക്കളും നാട്ടുകാരും എത്തിയത്. എന്നാൽ ആ പൊന്നു മക്കളുടെ ഉരുകി ഒലിക്കുന്ന കണ്ണു നീരിനു മുമ്പിൽ ആർക്കും പിടിച്ചു നിൽക്കാനായില്ല. കണ്ടു നിന്നവരെല്ലാം വിതുമ്പി. മാസ്‌ക് കൊണ്ടു മറച്ച എബിന്റെയും എറിന്റെയും മുഖത്ത് നോക്കാൻ പോലും ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കണ്ണൂർ മുണ്ടയാട് ആംബുലൻസ് അപകടത്തിൽ മരിച്ച ബിജോ മൈക്കിളിന്റെയും റെജീനയുടെയും സംസ്‌കാര ചടങ്ങിനെത്തിയവരെയെല്ലാം നൊമ്പരപ്പെടുത്തുന്ന കാഴ്ചയായിരുന്നു പതിനൊന്നും അഞ്ചും വയസ്സുള്ള കുരുന്നുകൾ.

ഒറ്റ രാത്രികൊണ്ട് ഒറ്റയ്ക്കായിപ്പോയ ആ കുരുന്നുകളെ കണ്ടവർക്കെല്ലാം സങ്കടം സഹിക്കുമായിരുന്നില്ല. പൊട്ടൻപ്ലാവ് സെന്റ് ജോസഫ്‌സ് പള്ളിയിൽ അന്ത്യകർമങ്ങൾ നടക്കുമ്പോൾ ബിജോയുടെ സഹോദരി മിനിയുടെ തോളിൽ തളർന്നു കിടക്കുകയായിരുന്നു എബിൻ. തൊട്ടരികിൽ രണ്ടു പെട്ടികളിലായി അച്ഛനും അമ്മയും ശാന്തരായുറങ്ങുന്നു. അവരെ അങ്ങനെ കാണാൻ ഇഷ്ടമില്ലാത്തതുകൊണ്ടാവാം അവൻ അവിടേക്കു നോക്കിയതേയില്ല. അടുത്ത ബന്ധുക്കളും കന്യാസ്ത്രീകളും ചേർത്തു നിർത്തിയാണ് എറിനെ ആശ്വസിപ്പിച്ചത്. എന്നാൽ ആ ആശ്വാസ വാക്കുകൾക്കൊന്നും എറിന്റെയും എബിന്റെയും സങ്കടം തെല്ലും കുറയ്ക്കാനായില്ല,

പള്ളിയിലെ പ്രാർത്ഥനകൾക്കു ശേഷം രണ്ട് ആംബുലൻസുകളിലായാണ് ബിജോയുടെയും റെജീനയുടെയും മൃതദേഹങ്ങൾ സെമിത്തേരിയിലെത്തിച്ചത്. അച്ഛന്റെയും അമ്മയുടെയും മൃതദേഹങ്ങൾ കണ്ട ആ കുരുന്നുകൾ പൊട്ടിക്കരഞ്ഞു. അന്ത്യചുംബനം നൽകാനായി ബന്ധുക്കൾ ഓരോരുത്തരായെത്തിയപ്പോൾ ചുറ്റും നിന്നവരും ഒപ്പം വിതുമ്പി. തണുത്തു മരവിച്ച നെറ്റിയിൽ നേരിട്ടൊരു ചുടുചുംബനം നൽകാൻ പോലും അവർക്കാർക്കും കഴിഞ്ഞില്ല.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ടിഷ്യു പേപ്പറിന്റെ നേർത്ത അകലത്തിനപ്പുറം അവർ ബിജോയുടെയും റെജീനയുടെയും മുഖങ്ങളിൽ അവസാനമായി ചുണ്ടുചേർത്തു. അച്ഛൻ മൈക്കിൾ അന്ത്യവിശ്രമംകൊള്ളുന്ന വെട്ടിക്കുഴിയിൽ കുടുംബ കല്ലറയിലേക്ക് ആദ്യം ബിജോയും തൊട്ടുപിന്നാലെ റെജീനയുമെത്തി. കല്ലറ മൂടുമ്പോഴും സങ്കടക്കടൽ മൂടാനാവാതെ വിങ്ങുകയായിരുന്നു എല്ലാവരും.