തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്തേക്കു ഇന്നോവ കാറിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ എത്തിയത്. എ്‌നനാൽ വൈകിട്ടു മടങ്ങിയതാവട്ടെ പഴയ അംബാസഡർ കാറിലും. അദ്ദേഹത്തെ കാത്ത് മണിക്കൂറുകളായി കിടന്ന അംബാസിഡറിൽ കയറി മടങ്ങുക ആയിരുന്നു. കെപിസിസി ഭാരവാഹികളായ ടി.സിദ്ദിഖ്, കെ.ബി.ശശികുമാർ, ജോൺ വിനേഷ്യസ് എന്നിവരും ജീവനക്കാരും ചേർന്നു നൽകിയ യാത്രയയപ്പു വൈകാരികമായിരുന്നു.

2018 ൽ കെപിസിസി അധ്യക്ഷനായ മുല്ലപ്പള്ളിക്ക് പ്രതീക്ഷിച്ചത്ര പ്രവർത്തന കാലയളവു ലഭിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും യുഡിഎഫ് നേടിയതോടെ മുന്നണിയുടെ തന്നെ ഭാഗ്യനക്ഷത്രമായി പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചു.

എന്നാൽ പിന്നാലെ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ വിമർശനമുയർന്നു. നിയമസഭാ തിരഞ്ഞെടുപ്പു ഫലം വന്ന അന്നുതന്നെ ഒഴിയാനുള്ള സന്നദ്ധത ചില നേതാക്കളെ മുല്ലപ്പള്ളി അറിയിച്ചിരുന്നു.

എന്നാൽ ഒറ്റയ്ക്ക് ആ ഭാരം ഏറ്റെടുക്കേണ്ടതില്ലെന്ന ഉപദേശത്തെ തുടർന്നു ഹൈക്കമാൻഡ് തീരുമാനം വരെ കാത്തു. സുധാകരനെ പിൻഗാമിയായി നിശ്ചയിച്ചത് അറിഞ്ഞയുടൻ അദ്ദേഹത്തെ വിളിച്ച് ആശംസയും അറിയിച്ചു. ജീവനക്കാർക്കെല്ലാം 1000 രൂപ ശമ്പളവർധനയായിരുന്നു അവസാന തീരുമാനം. കോവിഡിനെ ഭയക്കാതെ ദിവസവും ഓഫിസിൽ എത്തിയവർക്കു ചില ആനുകൂല്യങ്ങളും നിർദേശിച്ചു.