ഹിമാചൽ പ്രദേശിൽ ആദ്യമായി രാജവെമ്പാലയെ കണ്ടെത്തി. ഇവിടെ ഇന്നോളം കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത പാമ്പുവർഗമായിരുന്നു രാജവെമ്പാല. ഇപ്പോഴിതാ ഹിമാചൽപ്രദേശിൽ ആദ്യമായി ഒരു രാജവെമ്പാലയെ കണ്ടെത്തിയപ്പോൾ ആ വാർത്ത ലോകത്തോട് പങ്കുവയ്ക്കുകയാണ് സംസ്ഥാനത്തെ വനംവകുപ്പ്. കോലാർ വനമേഖലയിലെ ഗിരിനഗർ എന്ന പ്രദേശത്തിനു സമീപമാണ് രാജവെമ്പാലയെ കണ്ടെത്തിയത്.

പ്രദേശവാസിയായ പ്രവീൺ സിങ് എന്ന വ്യക്തിയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. മലമുകളിലേക്ക് ഇഴഞ്ഞുകയറുന്ന രാജവെമ്പാലയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയ ശേഷം ഏത് വിഭാഗത്തിൽ പെട്ട പാമ്പാണെന്ന് അറിയാത്തതിനാൽ മൊബൈൽ ഫോണിൽ പകർത്തിയ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. അതിന്റെ വലുപ്പം കണ്ട് ആശ്ചര്യപ്പെട്ടാണ് അദ്ദേഹം ചിത്രങ്ങൾ പകർത്തിയത്.

ഇത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസറായ കുനാൽ അംഗ്രിഷ് പ്രവീണുമായി ബന്ധപ്പെട്ടു. പ്രവീൺ അയച്ചു കൊടുത്ത ചിത്രങ്ങളും ദൃശ്യങ്ങളും ഇന്ത്യൻ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുമായി പങ്കുവെച്ച ശേഷമാണ് അത് രാജവെമ്പാല തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഏകദേശം മൂന്നു മീറ്റളോളം നീളമുണ്ടായിരുന്നു ഈ രാജവെമ്പാലയ്ക്ക്.

രാജവെമ്പാലയെ കണ്ടെത്തിയത് വനമേഖലയിൽ ആയതിനാൽ അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെക്കുറിച്ചുള്ള പഠനങ്ങൾ നടത്തുകയാണ് ഇപ്പോൾ വനംവകുപ്പ് അധികൃതർ. ലോകത്തിലെതന്നെ വിഷപ്പാമ്പുകളിൽ ഏറ്റവും നീളമുള്ളവയാണ് രാജവെമ്പാലകൾ. നാല് മീറ്ററോളം നീളമുണ്ടാകാറുണ്ട് ഇവയ്ക്ക്.