ന്യൂഡൽഹി: ഇന്ത്യയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദത്തിൽ ആശങ്കപ്പെട്ട് ലോകം. മറ്റു വകഭേദങ്ങളിൽ നിന്നും വ്യത്യസ്തമായി ഡെൽറ്റാ വകഭേദം കൂടുതൽ അപകടകാരിയാണെന്നാണ് ഇന്ത്യൻ ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. മനുഷ്യ ശരീരം അഴുകുന്നതും ചെവിക്കു കേൾവി ശക്തി നഷ്ടമാകുന്നതും അടക്കം വലിയ പ്രശ്നങ്ങളാണ് ഇതു രോഗികൾക്ക് നൽകുന്നത്.

കോവിഡ് മുക്തരായവരിലും വീണ്ടും കോവിഡ് ബാധയ്ക്കിടയാക്കുന്നതു തീവ്രവ്യാപന സ്വഭാവമുള്ള വൈറസിന്റെ ഡെൽറ്റ വകഭേദമെന്ന് (ബി.1.617.2) പഠനം. വാക്സീൻ വഴിയും രോഗപ്രതിരോധം വഴിയും ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളെ ഡെൽറ്റ വൈറസ് മറികടക്കും. ഡൽഹിയിൽ 57 ശതമാനം പേരിലും നേരത്തെ രോഗബാധിതരായി ആന്റിബോഡി ശേഷി കൈവരിച്ചവരായിട്ടും ഡെൽറ്റ ഇനം വ്യാപകമായി പടർന്നു. ഡെൽറ്റയ്ക്കു വീണ്ടും ജനിതകമാറ്റം സംഭവിച്ചാൽ സ്ഥിതി ഗുരുതരമാകും.

വയറിനുള്ളിലെ അസ്വസ്ഥത, രക്തം കട്ടപിടിക്കൽ എന്നിവയും ഡെൽറ്റാ വകഭേദത്തിന്റെ പ്രത്യക്ഷമായ ലക്ഷണങ്ങളാണ് ചൂണ്ടിക്കാട്ടുന്നു. ആൽഫാ വകഭേദത്തേക്കാൾ അൻപത് ശതമാനത്തിലധികം അപകടകാരി കൂടിയും അതിവേഗം പടരുന്നതുമാണ് ഡെൽറ്റ. കഴിഞ്ഞ മാസമാണ് ഡെൽറ്റാ വകഭേദത്തെ ആശങ്ക പടർത്തുന്ന വകഭേദമെന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയത്.

ബി 1617.2 അഥവാ ഡെൽറ്റാ എന്നറിയപ്പെടുന്ന പുതിയ വകഭേദത്തിന്റെ അതിവ്യാപനത്തിൽ ഇന്ത്യ തകർന്നിരിക്കുകയാണ്. ലക്ഷക്കണക്കിനു പേരാണ് രോഗം ബാധിച്ച് ആശുപത്രികളിലേക്ക് എത്തുന്നതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് വാക്സിനുകൾക്ക് ഡെൽറ്റാ വകഭേദത്തിൽ കാര്യമായ മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഗവേഷകർ വിശദമാക്കുന്നത്. ഇതുതന്നെയാണ് ഈ വകഭേദത്തിന്റെ അപകട സാധ്യത കൂട്ടുന്നതും.

ഇന്ത്യയിൽ കേൾവി ശക്തി കുറഞ്ഞിട്ടും രക്തം കട്ടപിടിച്ച് ശരീരം അഴുകുന്ന അവസ്ഥയിലും നിരവധി പേരാണ് ആശുപത്രികളിലേക്ക് എത്തുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. കെന്റ് വകഭേദത്തേക്കാൾ അപകടകാരിയായ ഡെൽറ്റയ്ക്കെതിരെ കൂടുതൽ കരുതലും ശ്രദ്ധയും എടുക്കണമെന്ന് യുകെയിലെ ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷെ, ഇന്ത്യൻ വകഭേദവുമായി നിരവധി രോഗികൾ യുകെ ആശുപത്രിയിൽ എത്തിയിട്ടുണ്ടെങ്കിലും ആർക്കും ഇതുവരെ കേൾവി ശക്തി കുറവോ രക്തം കട്ടപിടിക്കുന്ന അവസ്ഥയോ ഉണ്ടായിട്ടില്ലായെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ വേഗം ഡെൽറ്റ വകഭേദം ബാധിച്ചതിനാൽ അവ വളരെ അപൂർവവും ഇന്ത്യയിൽ മാത്രം കണ്ടെത്തിയതുമാണെന്നാണ് സൂചിപ്പിക്കുന്നത്. ഡെൽറ്റാ വകഭേദം ബാധിക്കുന്ന കോവിഡ് രോഗികളിൽ മരണനിരക്ക് അധികമാണെന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. 60ഓളം രാജ്യങ്ങളാണ് ഇതിനോടകം ഡെൽറ്റാ വകഭേദം കണ്ടെത്തിയത് വ്യക്തമാക്കിയത്. ആശുപത്രികളിൽ അഡ്‌മിറ്റ് ചെയ്യുന്ന രോഗികളിൽ രക്തം കട്ടപിടിക്കുന്നത് കൂടുന്നത് ഡോക്ടർമാരേയും വലയ്ക്കുന്നുണ്ട്.

കഴിഞ്ഞ വർഷമാണ് ഈ വകഭേദത്തെ യുകെയിൽ ആദ്യമായി കണ്ടെത്തിയത്. ആൽഫ വകഭേദത്തിന് പുറമേ ബീറ്റ, ഗാമ വകഭേദങ്ങൾ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയിരുന്നു. ഒരു ലക്ഷണവും ഇല്ലാതിരിക്കുന്നതാണ് ഈ വകഭേദങ്ങളുടെ പ്രത്യേകത. ഇത് കേരളത്തിലും വ്യാപകമാണ്. ഈ വകഭേദത്തെ നേരിടാൻ അതുകൊണ്ട് തന്നെ അതിശക്തമായ നടപടികൾ തുടർന്നും എടുക്കേണ്ടി വരും. സംസ്ഥാന സർക്കാരിനു വേണ്ടി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി എന്നിവിടങ്ങളിൽ നടത്തിയ പഠനവും ഡെൽറ്റാ വൈറസിന്റെ ഭീകരത കണ്ടെത്തിയിരുന്നു.

കേരളത്തിൽ കഴിഞ്ഞ 2 മാസങ്ങളിൽ ഡെൽറ്റ മൂലം കോവിഡ് ബാധിച്ചവർക്കു വീണ്ടും കോവിഡ് ബാധയുണ്ടാകുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള സാംപിളുകളിലാണു രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയത്. തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലെ സാംപിളുകളാണു കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിക്കുന്നത്.

2 ഡോസ് വാക്സീൻ സ്വീകരിച്ചതിനു ശേഷവും കോവിഡ് ബാധിതരായവർ, രണ്ടാം തവണ കോവിഡ് ബാധിതരായവർ എന്നിവരുടെ സ്രവം അതതു ജില്ലാ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ശേഖരിച്ചാണു ജനിതക പഠനത്തിന് അയച്ചത്.