- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ട് ചോദിച്ചു ചെന്ന മാക്രോണിന് ഒറ്റയടി; ഫ്രഞ്ച് പ്രസിഡന്റിന്റെ മുഖത്തടിച്ച് യുവാവ്; അവിശ്വസനീയ സംഭവത്തിന്റെ വീഡിയോ കാണാം
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ മുഖത്തടിച്ചു യുവാവ്. രാജ്യവ്യാപകമായി നടത്തുന്ന ഒരു വാക്കൗട്ടിനിടെ വോട്ടർമാരോട് സംവദിക്കുവാൻ ഇറങ്ങിയപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ വച്ച് യുവാവ് പ്രസിഡന്റിന്റെ മുഖത്ത് അടിച്ചത്. തെക്കൻ ഫ്രാൻസിലെ ഡ്രോം വാലെൻസ് സിറ്റിയിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ജനസമ്പർക്ക പരിപാടിക്കിടയിൽ ഒരു വേലിക്ക് അരികിൽ നിൽക്കുന്നവർക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ കൂട്ടത്തിൽ ഒരാൾ അക്രമം നടത്തുകയായിരുന്നു. അടിയേറ്റ ഉടനെ പ്രസിഡന്റ് പിറകിലേക്ക് മാറുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. പ്രസിഡന്റിന്റെ കൈപിടിച്ച് അഭിസംബോധന ചെയ്ത ശേഷം ഫ്രഞ്ച് ഭാഷയിൽ എന്തോ പറഞ്ഞ് കൊണ്ടാണ് പ്രതി അടിക്കുന്നത്. ഇയാൾ അടിക്കുന്നതും അടിയേറ്റ് മാക്രോൺ പിറകിലേക്ക് വീഴുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്.
കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ജീവിതം എങ്ങനെ സാധാരണ അവസ്ഥയിലേക്ക് എത്തും എന്നതിനെ കുറിച്ചാണ് മാക്രോൺ അവിടെ സംസാരിച്ചത്. രാജ്യത്തിന്റെ അവസ്ഥ എന്താണെന്ന് നേരിട്ടറിയാനുള്ള ഒരു ശ്രമം കൂടിയായിരുന്നു മാക്രോൺ ഈ സന്ദർശനത്തിലൂടെ നടത്തിയത്. കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തെ സാഹചര്യങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനാണ് മാക്രോൺ രാജ്യവ്യാപകമായ സന്ദർശന പരിപാടി നടത്തുന്നത്. ചൊവ്വാഴ്ചയാണ് സന്ദർശന പരിപാടി ആരംഭിച്ചത്.
അതേസമയം, അക്രമകാരിയുടെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. അയാളൊരു വിപ്ലവകാരിയാണെന്നാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തെത്തുടർന്ന് നിരവധി പേരാണ് മാക്രോണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യമെന്നാൽ ആരോഗ്യപരമായ ചർച്ചകളും സംവാദങ്ങളുമാണെന്നും ശാരീരികമായ ആക്രമണം അല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്റ്റെക്‌സ് തുറന്നടിച്ചു.
രാഷ്ട്രീയപരമായ കാര്യങ്ങളിൽ എത്ര തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു ജനാധിപത്യരാജ്യത്ത് അവ ഒരിക്കലും ദേഹോപദ്രവത്തിൽ കലാശിക്കരുതെന്ന് പല രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ