ന്യൂഡൽഹി: എഫ്‌സിഐ ജീവനക്കാരുടെ വിരമിക്കൽ വ്യവസ്ഥകളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ വിജ്ഞാപനം. പുതിയ വിജ്ഞാപനം അനുസരിച്ച് കാറ്റഗറി 1, 2 തസ്തികകളിലെ അർധസ്ഥിര (ക്വാസി പെർമനന്റ്), താൽക്കാലിക ജീവനക്കാരെ, 50 വയസ്സ് കഴിഞ്ഞാൽ (35നു മുൻപേ ജോലിക്കു കയറിയിട്ടുണ്ടെങ്കിൽ), പൊതുതാൽപര്യം കണക്കിലെടുത്ത് (കാര്യക്ഷമതയില്ലായ്മ, പരാതികൾ എന്നിവയുണ്ടെങ്കിൽ) പിരിച്ചുവിടാൻ അധികൃതർക്ക് അധികാരമുണ്ടാകും.

കുറഞ്ഞതു 3 മാസത്തെ നോട്ടിസ്, ഈ കാലയളവിലെ ആനുകൂല്യങ്ങൾ നൽകും എന്നീ വ്യവസ്ഥകളിൽ മാറ്റമില്ല. മറ്റു തസ്തികകളിൽ 55 കഴിഞ്ഞാലും പിരിച്ചുവിടാൻ അധികാരമുണ്ടാകും. കാറ്റഗറി 3, 4 തസ്തികകളിൽ 30 വർഷം പൂർത്തിയാക്കിയവരെ ഇതേ വ്യവസ്ഥകൾ പ്രകാരം പിരിച്ചുവിടാനാവും. സ്വയം വിരമിക്കൽ വ്യവസ്ഥകളിൽ മാറ്റമില്ല. എഫ്‌സിഐ സ്വകാര്യവൽക്കരിക്കാനുമുള്ള പദ്ധതികളുടെ ഭാഗമാണിതെന്ന് തൊഴിലാളി യൂണിയനുകൾ ആരോപിച്ചു.