തിരുവനന്തപുരം: ലക്ഷദ്വീപിന് കേരളവുമായുള്ള അത്മബന്ധം തകർത്തുകൊണ്ടാണ് സംഘപരിവാർ സാംസ്കാരിക അധിനിവേശം നടപ്പാക്കുന്നതെന്നും ഇതിനെ ദ്വീപ് ജനത ഒറ്റകെട്ടായി ചെറുക്കുമെന്നും ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹംദുള്ള സെയ്ദ് വ്യക്തമാക്കി.

ലക്ഷദ്വീപിലെ സാംസ്കാരിക അധിനിവേശത്തിനെതിരെ സംസ്‌ക്കാര സാഹിതിയുടെ വെബിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ സംഘപരിവാറിന്റെ താൽപര്യങ്ങളാണ് നടപ്പാക്കുന്നത്. കൊച്ചിയും കോഴിക്കോടുമായുള്ള ഗതാഗത,ചരക്ക് നീക്കം അവസാനിപ്പിച്ച് അത് മംഗലാപുരം വഴിയാക്കാനാണ് ശ്രമം. കേരള ഹൈക്കോടതിക്ക് പകരം ദ്വീപിനെ ബംഗളൂരും ഹൈക്കോടതിയുടെ പരിധിയിലാക്കാനുള്ള നീക്കവും ആശങ്കപ്പെടുത്തുന്നതാണ്.

കുറ്റകൃത്യനിരക്ക് കുറഞ്ഞ ദ്വീപിൽ ഗുണ്ടാ നിയമം അടിച്ചേൽപ്പിച്ചത്് ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്താനാണ്. ലക്ഷദ്വീപിന്റെ പൈതൃകത്തെയും സാംസ്കാരിക തനിമയെയും തകർക്കാനുള്ള നീക്കത്തിനെതിരെ ദ്വീപ് ജനതയുടെ പോരാട്ടത്തിന് കേരളം നൽകുന്ന പിന്തുണ കരുത്തുപകരുന്നതാണെന്നും ഹംദുള്ള സയിദ് പറഞ്ഞു. ലക്ഷദ്വീപ് പി.സി.സി ജനറൽ സെക്രട്ടറി വി.കെ കോയ മുഖ്യപ്രഭാഷണം നടത്തി. സംസ്‌ക്കാര സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ആധ്യക്ഷം വഹിച്ചു. ജനറൽ കൺവീനർ എൻ.വി പ്രദീപ്കുമാർ, ഷിബു വൈക്കം പ്രസംഗിച്ചു. സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.

ലക്ഷദ്വീപിലെ സാംസ്കാരിക അധിനിവേശത്തിനെതിരെ സംസ്‌ക്കാര സാഹിതി കലാരൂപങ്ങളുമായി സാംസ്കാരിക പ്രതിരോധം തീർക്കുമെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേലിനെ നീക്കണമെന്നാവശ്യപ്പെട്ട് 14ന് നിയോജകമണ്ഡലം തലങ്ങളിൽ നിന്നും രാഷ്ട്രപതിക്ക് 10,000 കത്തുകൾ അയക്കും. കോവിഡ് ലോക്ഡൗൺ തീരുന്നമുറക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തും ലക്ഷദ്വീപിലും സാംസ്കാരിക പ്രതിരോധ സദസുകൾ ഒരുക്കും.