ഹ്‌റൈനിൽ നിലവിലുള്ള  നിയന്ത്രണങ്ങൾ ജൂൺ 25വരെ തുടരാൻ തീരുമാനം.അവശ്യ സേവനങ്ങൾ നൽകുന്നവയൊഴിച്ചുള്ള വ്യാപാര സ്ഥാപനങ്ങളുടെ അടച്ചിടൽ അടക്കമുള്ള നിയന്ത്രണങ്ങളാണ് ഈ മാസം 25 വരെ തുടരാൻ അധികൃതർ തീരുമാനിച്ചത്. ബഹ്റൈനിലേക്ക് വരുന്നവർക്ക് നിലവിലുള്ള യാത്രാനിയന്ത്രണങ്ങളും തുടരും.

ബഹ്റൈനിൽ കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി മെയ് 27ന് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾരണ്ടാഴ്ചക്കാലത്തേക്കുകൂടി തുടരാനാണ് ആരോഗ്യമന്ത്രാലയവും നാഷനൽ മെഡിക്കൽ ടാസ്‌ക് ഫോഴ്സും തീരുമാനിച്ചത്. ജൂൺ 11 മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ ഇതനുസരിച്ച് അവശ്യ സർവീസുകളിൽപെടുത്തിയ സ്ഥാപനങ്ങളൊഴിച്ച് ഉപഭോക്താക്കൾക്ക് നേരിട്ട് സാധനങ്ങളോ സേവനങ്ങളോ നൽകുന്ന മറ്റ് വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടുന്നത് തുടരും. ഇത്തരം സ്ഥാപനങ്ങൾക്ക് ഓൺലൈനായും സമൂഹമാധ്യമങ്ങൾ വഴിയും ഓർഡർ സ്വീകരിച്ച് സാധനങ്ങളും സേവനങ്ങളും ഡെലിവറിയായി നൽകുന്നത് തുടരാം.

ഷോപ്പിങ് മാളുകൾ, വ്യാപാര സ്ഥപനങ്ങൾ ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, സ്പോർട്സ് ഹാളുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കില്ല. റസ്റ്റോറന്റുകൾ, കഫേ എന്നിവിടങ്ങളിൽ ടേക് എവേക്കും ഡെലിവറിക്കുമുള്ള അനുമതി തുടരും. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ബ്യൂട്ടി പാർലർ, മസാജ് സെന്റർ സിനിമാ തിയറ്ററുകൾ എന്നിവ പ്രവർത്തിക്കില്ല. കോൺഫറൻസുകളും മറ്റ് പരിപാടികളും ഉണ്ടാവില്ല. ബഹ്റൈനിലേക്ക് വരുന്നവർക്ക് നിലവിലുള്ള യാത്രാനിയന്ത്രണങ്ങളും തുടരും. നിലവിൽ ഇന്ത്യയടക്കം റെഡ്ലിസ്റ്റിൽ ഉൾപ്പെട്ട അഞ്ച് രാജ്യങ്ങളിൽനിന്ന് ബഹ്റൈനിൽ റസിഡന്റ് വിസയുള്ളവർക്ക് മാത്രമാണു പ്രവേശനം അനുവദിച്ചിട്ടുള്ളത്.

അടിസ്ഥാന സാധനങ്ങളുടെ വിൽപന നടത്തുന്ന ഹൈപർ മാർക്കറ്റ്, സൂപ്പർ മാർക്കറ്റ്, പഴം, പച്ചക്കറി, മത്സ്യ-ഇറച്ചി വിൽപനശാലകൾ, ബേക്കറികൾ എന്നിവ തുടർന്നും തുറന്നുപ്രവർത്തിക്കും. കൂടാതെ പെട്രോൾ സ്റ്റേഷനുകൾ, ബാങ്കുകൾ, എൻഎച്ച്ആർഎ അനുമതി നൽകിയ സേവനം നൽകുന്ന സ്വകാര്യ ആശുപത്രികൾ, ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങൾ, കമ്പനി ഓഫീസുകൾ, കയറ്റുമതി-ഇറക്കുമതി ചെയ്യുന്ന കമ്പനികൾ, ഗാരേജുകൾ, വെഹിക്കിൾ സ്പെയർ പാർട്സ് സ്ഥാപനങ്ങൾ, നിർമ്മാണ, മെയിന്റനൻസ് സ്ഥാപനങ്ങൾ, ടെലികോം സ്ഥാപനങ്ങൾ, ഫാർമസികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതി തുടരും.

70 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ക്രമീകരണം ഏർപ്പെടുത്തും. എല്ലാ സ്ഥാപനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. നിയന്ത്രണം നീക്കലും പ്രവർത്തനാനുമതി നൽകലും രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തിയായിരിക്കുമെന്ന് അധിക്യതർ വ്യക്തമാക്കി.