വാഷിങ്ടൺ ഡി.സി.: ഗ്വാട്ടിമാലയിൽ നിന്നും കൃത്യമായ രേഖകൾ ഇല്ലാതെ ആരും തന്നെ അമേരിക്കയിലേക്ക് വരാൻ ശ്രമിക്കരുതെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ പരസ്യ പ്രസ്താവനക്കെതിരെ അലക്സാഡ്രിയ ഒക്കേഷ കോർട്ടസ് ഉൾപ്പെടെ നിരവധി പ്രമുഖർ പ്രതിഷേധവുമായി രംഗത്ത്.

ഗ്വാട്ടിമാലയിൽ ആദ്യ സന്ദർശനത്തിനെത്തിയ കമലാഹാരിസ് ഗ്വാട്ടിമാല പ്രസിഡന്റുമൊത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് യു.എസ്.ഗവൺമെന്റിന്റെ തീരുമാനം വൈസ് പ്രസിഡന്റ് വെളിപ്പെടുത്തിയത്.

സെൻട്രൽ അമേരിക്കയിൽ നടക്കുന്ന അഴിമതികളെകുറിച്ചും, മനുഷ്യ കടത്തിനെ കുറിച്ചും അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന മുൻ കാലിഫോർണിയ സെനറ്ററായിരുന്ന കമലഹാരിസിന്റെ പ്രസ്താവന അമേരിക്കയിൽ അഭയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളെയാണ് നിരാശപ്പെടുത്തിയിരിക്കുന്നതെന്ന് ഇടതുപക്ഷ-പുരോഗമന ചിന്താഗതി വെച്ചു പുലർത്തുന്ന ന്യൂയോർക്കിൽ നിന്നുള്ള യു.എസ്. കോൺഗ്രസംഗം എ.ഓ.സി. പ്രതികരിച്ചു.

ബൈഡൻ ഭരണത്തിൽ ശരിയായ രേഖകളില്ലാതെ അമേരിക്കയിൽ പ്രവേശിക്കാം എന്ന് വിശ്വസിച്ചിരുന്ന വലിയൊരു ഗ്വാട്ടിമാലിയൻ ജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പാണ് കമലഹാരിസിന്റെ പത്രസമ്മേളനം പ്രകാരമായത്.

ദശാബ്ദങ്ങളായി ഭരണമാറ്റത്തിലൂടെ ലാറ്റിൻ അമേരിക്കയെ അസ്ഥിരപ്പെടുത്താൻ യു.എസ്. ഭരണകൂടം നടത്തുന്ന തന്ത്രങ്ങളിൽ ഭവനം നഷ്ടപ്പെടുകയും, മർദ്ദനങ്ങൾക്ക് വിധേയരാകുകയും ചെയ്തിരുന്ന ജനവിഭാഗങ്ങൾക്ക് അഭയം നൽകുവാൻ നൂറുശതമാനവും അമേരിക്കയ്ക്ക് ബാധ്യതയുണ്ടെന്ന് എ.ഓ.സി. ട്വിറ്ററിലൂടെ അറിയിച്ചു. അഭയാർത്ഥികളെ നിയമപരമായി സ്വീകരിക്കാൻ നടപടികൾ സ്വീകരിക്കുന്നതിന് അവർക്കെതിരെ മുഖം തിരിക്കുന്നത് വേദനാജനകമാണെന്നും എ.ഒ.സി. പറയുന്നു.