ഹാരിയുടെയും മേഗന്റെയും മകൾക്ക് പേരിട്ടത് പുതിയൊരു യുദ്ധമുഖം തുറന്നിരിക്കുകയാണ്. ഹാരിയും മേഗനും ഒരു ഭാഗത്തും, ഒരു ഭാഗത്ത് ബക്കിങ്ഹാം പാലസും മറ്റൊരു ഭാഗത്ത് ബി ബി സിയും ഉള്ള ഒരു ത്രികോണ യുദ്ധമാണ് ആരംഭിച്ചിരിക്കുന്നത്. ഹാരിയുടെ മകൾക്ക് ലില്ലിബെറ്റ് എന്ന് പേരിടാൻ എലിസബത്ത് രാജ്ഞിയോട് അനുമതി തേടിയില്ലെന്ന ബി ബി സി വാർത്തയാണ് ഈ പുതിയ വിവാദത്തിനു കാരണമായിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ഓമനപ്പേരാണ്‌ലില്ലിബെറ്റ്. ഈ റിപ്പോർട്ടിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഹാരി മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

രാജ്ഞിയുടെ കുട്ടിക്കാലത്തെ വിളിപ്പേര് തങ്ങളുടെ മകൾക്ക് ഇടുന്നതുമായി ബന്ധപ്പെട്ട് ഹാരിയും മേഗനും രാജ്ഞിയുടെ അഭിപ്രായം ചോദിച്ചില്ലെന്ന് ബി ബി സിയുടെ റോയൽ കറസ്പോണ്ടന്റ് ജോണി ഡിമണ്ടാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കൊട്ടാരം വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ടായിരുന്നു ആ റിപ്പോർട്ട്. വാർത്ത പുറത്തുവന്നതിന് ഒന്നരമണിക്കൂർ കഴിനുമുൻപ് തന്നെ മകളുടെ ജനനം അറിയിക്കുവാൻ ഹാരി ആദ്യം വിളിച്ചത് എലിസബത്ത് രാജ്ഞിയേയായിരുന്നു എന്ന് വെളിപ്പെടുത്തി ഹാരിയും മേഗന്റെ അടുത്ത സുഹൃത്തായ ഓമിഡ് സ്‌കോബിയും രംഗത്തെത്തി. മാത്രമല്ല, രാജ്ഞിയുടെ അനുവാദമില്ലാതെ ഹാരിയും മേഗനും അവരുടെ ഓമനപ്പേര് തങ്ങളുടെ മകൾക്ക് നൽകുകയില്ലെന്നും സ്‌കോബി പറഞ്ഞു.

ഏന്നാൽ, അവിടെയും നിന്നില്ല ഹാരിയുടെ പ്രതികരണം. പ്രശ്സ്ത നിയമ കമ്പനിയായ ഷില്ലിങ്സ് വഴി ഇപ്പോൾ ബി ബി സിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ഹാരി. വളരെ ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത വാക്കുകൾ ഉപയോഗിച്ച് എഴുതിയ നോട്ടീസിൽ മകളുടെ പേര് പ്രഖ്യാപിക്കുന്നതിനു മുൻപായി താൻ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടതായി പറയുന്നുണ്ട്. മാത്രമല്ല, മകളുടെ ജനന വിവരം അന്വേഷിക്കാൻ താൻ ആദ്യമായി ബന്ധപ്പെട്ടത് എലിസബത്ത് രാജ്ഞിയെ ആയിരുന്നു എന്നും പറയുന്നു. ഇതിനിടയിൽ, രാജ്ഞിയോടുള്ള ആദര സൂചകമായി ലില്ലിബെറ്റ് എന്ന പേര് നൽകുന്ന കാര്യം സൂചിപ്പിച്ചിരുന്നു എന്നും പറയുന്നുണ്ട്.

തന്റെ അമ്മയുടെ മരണത്തിനു ഒരുപരിധിവരെ കാരണമായ മാർട്ടിൻ ബഷീർ അഭിമുഖത്തിനെതിരെ കടുത്ത നിലപാടെടുത്ത ഹാരി വീണ്ടും ബി ബി സിക്കെതിരെ കടുത്ത നിലപാടുമായി വീണ്ടും രംഗത്തെത്തുകയാണ്. അതേസമയം കൊട്ടാരവും രാജ്ഞിയും ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. ഹാരി മകളുടെ ജനനം അറിയിക്കാൻ വിളിച്ചപ്പോൾ, പേരിന്റെ കാര്യം സൂചിപ്പിച്ചുകാണുമെന്നും രാജ്ഞിയുടെ മൗനം സമ്മതമായി എടുത്തിട്ടുണ്ടാകും എന്നുമാണ് ചില കൊട്ടാരം നിരീക്ഷകർ വിലയിരുത്തുന്നത്. ഏതായാലും രാജഭക്തരായ ബ്രിട്ടീഷുകാർ ഇക്കര്യത്തിൽ രണ്ടുതട്ടിലായി നിലകൊള്ളുകയാണ്.

മേഗൻ സ്വന്തം കുടുംബത്തെ അവഗണിക്കുന്നു എന്ന് ബന്ധുക്കൾ

മകളുടെ പേരുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടയിലാണ് മറ്റൊരു വിവാദവുമായി മേഗന്റെ ഒരു അടുത്ത ബന്ധു രംഗത്തെത്തിയത്. മേഗൻ ഇപ്പോൾ സമൂഹത്തിലെ ഉന്നത ശ്രേണിയിൽ എത്തിയെന്ന് സ്വയം വിശ്വസിക്കുന്നതിനാൽ മറ്റു കുടുംബാംഗങ്ങളുമായി സംസാരിക്കാറില്ലെന്നാണ് ഈ ബന്ധു പറഞ്ഞത്. തങ്ങളേക്കാൾ ഉയർന്ന സ്ഥാനത്തിരിക്കുന്ന മേഗൻ ഇപ്പോൾ തങ്ങളെ അവഗണിക്കുകയാണെന്നും അവർ പറയുന്നു. എന്നാൽ, മേഗന്റെ പുറകേ പോകാൻ തങ്ങൾക്ക് താത്പര്യമില്ലെന്നും ഇവർ വ്യക്തമാക്കി.

മേഗനുമായുള്ള ബന്ധം വ്യക്തമാക്കാത്ത ഒരു വ്യക്തിയാണ് ഒരു മാധ്യമത്തോട് ഈ ആരൊപണം ഉന്നയിച്ചത്. മേഗൻ ഉയർന്ന നിലയിൽ എത്തിയതിനാൽ ഇനി തങ്ങളോട് സംസാരിക്കുവാനോ പഴയതുപോലെ ഇടപഴകാനോ എത്തിലെന്ന് ഉറപ്പുണ്ടെന്നും അവർ പറഞ്ഞു. മേഗന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിൽ മേഗന്റെ ബന്ധുക്കൾ ആശംസകൾ അറിയിച്ചെങ്കിലും ആ കുഞ്ഞിനെ കാണുവാനോ എടുത്തു ലാളിക്കുവാനോ തങ്ങൾക്ക് അവസരം ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അവർ പറഞ്ഞു.

മേഗൻ ഇപ്പോഴും തന്റെ അമ്മയുമായി വളരെ അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. അവർ മേഗനൊപ്പമാണ് താമസിക്കുന്നതെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ, മറ്റ് കുടുംബാംഗങ്ങളുമായി മേഗൻ അത്ര നല്ല ബന്ധമല്ല പുലർത്തുന്നത്. നേരത്തെ മേഗന്റെ പിതാവും അർദ്ധ സഹോദരിയുമെല്ലാം മേഗൻ തങ്ങളെ അവഗണിക്കുകയാണെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.