- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടനില തരണം ചെയ്ത് അജീഷ് പോൾ; സംസാര ശേഷി വീണ്ടെടുക്കാനുള്ള സ്പീച്ച് തെറാപ്പി തുടങ്ങി: ഇനി വേണ്ടത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ചികിത്സകൾ: പ്രാർത്ഥനയോടെ ഒരു കുടുംബം
കൊച്ചി: മാസ്‌ക് വെയ്ക്കാത്തത് ചോദ്യം ചെയ്തതിന് യുവാവിന്റെ കയ്യിൽ നിന്നും കല്ലുകൊണ്ട് തലയ്ക്കടിയേറ്റ അജീഷ് പോൾ സാധാരണജീവിതത്തിലേക്കു തിരിച്ചുവരുമെന്ന പ്രത്യാശയിലാണ് അജീഷിന്റെ കുടുംബവും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരും. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജീഷ് അപകടാവസ്ഥ തരണം ചെയ്തുകഴിഞ്ഞു. ഓർമ്മശക്തിയും സംസാര ശേഷിയും ഇനിയും വീണ്ടെടുക്കാൻ ആയിട്ടില്ല.
സംസാരശേഷി വീണ്ടെടുക്കാനുള്ള 'സ്പീച്ച് തെറപ്പി' തുടങ്ങിക്കഴിഞ്ഞു. തലച്ചോറിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കാനുള്ള ചികിത്സകൾ തുടരുന്നതായി ഡോക്ടർമാർ പറയുന്നു. ഫിസിയോതെറപ്പിയുമുണ്ട്. മറയൂർ സ്റ്റേഷനിലെ സഹപ്രവർത്തകരോടു കഴിഞ്ഞ ദിവസം വിഡിയോ കോളിലൂടെ ബന്ധപ്പെട്ടെങ്കിലും അജീഷിനു പേരുകളും സംഭവങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ല.
വലതുകൈകാലുകൾ ചലിപ്പിക്കാൻ അജീഷിനു സാധിക്കുന്നുണ്ട്. മുറിക്കകത്തു പിടിച്ചുനടക്കാനും തുടങ്ങി. വാഹനാപകടത്തിൽ സംഭവിക്കാറുള്ളതിനേക്കാൾ മാരകമായിരുന്നു തലയോട്ടിയുടെ ഇടതുവശത്തെ അവസ്ഥ. തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. തലച്ചോറിന്റെ ഇടതുഭാഗത്ത്, സംസാരശേഷി നിയന്ത്രിക്കുന്നിടത്താണു മാരകപ്രഹരമേറ്റത്. 'സ്പീച്ച് സെന്റർ' എന്ന ഭാഗമാണ് ആശയങ്ങളെയും ചിന്തകളെയും വാക്കുകളായി പ്രകടിപ്പിക്കാൻ സഹായിക്കുന്നത്.
വലതുകൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. ആശുപത്രിയിൽ എത്തിച്ച് അരമണിക്കൂറിനകം ശസ്ത്രക്രിയ തുടങ്ങിയതു ഗുണകരമായി. 6 മണിക്കൂർ ശസ്ത്രക്രിയ, തുടർന്നു വെന്റിലേറ്റർ. ജീവൻ നിലനിർത്തുക എന്ന വെല്ലുവിളി തരണം ചെയ്തു. ചലനശേഷി മെച്ചപ്പെടുത്തുക, സംസാരശേഷി വീണ്ടെടുക്കുക എന്നിവയാണ് ലക്ഷ്യമെന്ന് രാജഗിരി ന്യൂറോസർജറി തലവൻ ഡോ. ജഗത് ലാൽ, ഡോ. ജോ മാർഷൽ ലിയോ, ഡോ. മനോജ് നാരായണപ്പണിക്കർ എന്നിവർ പറയുന്നു.