തിരുവനന്തപുരം: പുതിയ അധ്യയന വർഷവും ഓൺലൈൻ ആയതോടെ പഠനത്തിന് പ്രയാസം നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി രംഗത്ത്. നിർധനരും ആവശ്യക്കാരുമായ വിദ്യാർത്ഥികൾക്ക് വേണ്ട ഡിവൈസുകളെത്തിക്കാൻ ' ഡിജിറ്റൽ എജുക്കേഷൻ ചലഞ്ച്' എന്ന പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണിവർ. ടെക്നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരുടെ സാമ്പത്തിക സഹായത്തോടെ കുട്ടികൾക്ക് ടാബ്ലെറ്റുകൾ വാങ്ങി വിതരണം ചെയ്യാനാണു പദ്ധതി.

വിദ്യാർത്ഥികളുടെ, പ്രത്യേകിച്ച് ഉയർന്ന ക്ലാസുകളിലെ കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ പിന്തുണ തേടി വിവിധ സർക്കാർ സ്‌കൂളുകൾ സമീപിച്ചിരുന്നു. ഇവരെ സഹായിക്കാനാണ് ഫസ്റ്റ് ബെൽ ചലഞ്ചിന് തുടക്കമിട്ടതെന്ന് പ്രതിധ്വനി പ്രസിഡന്റ് റെനീഷ് എ. ആർ പറഞ്ഞു. കഴിഞ്ഞ വർഷം 57 കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രതിധ്വനനിയുടെ നേതൃത്വത്തിൽ സഹായമെത്തിച്ചിരുന്നു. ഐടി ജീവനക്കാരിൽ നിന്ന് 7500 രൂപ വീതം സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.