ന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദം ബ്രിട്ടനെ പൂർണ്ണമായും കീഴടക്കികഴിഞ്ഞു. നിലവിൽ ബ്രിട്ടനിലെ എല്ലാ കൗണ്ടികളിലും ഈ മാരക വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. കോൺവെൽ തീരത്തുനിന്നും അകന്നുമാറികടലിൽ സ്ഥിതിചെയ്യുന്ന ഐൽ ഓഫ് സിസിലിയിൽ മാതമാണ് ഈ വകഭേദത്തിന്റെ സാന്നിദ്ധ്യമില്ലാത്തതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് അറിയിച്ചു. ഇതുവരെ 3,896 രോഗികളുമായി ബോൾട്ടൺ തന്നെയാണ് ഇന്ത്യൻ വകഭേദത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്. 1924 രോഗികളുമായി ബ്ലാക്ക്‌ബേൺ തൊട്ടുപുറകെയുണ്ട്. 1580 രോഗികളുള്ള മാഞ്ചസ്റ്ററും 1,076 രോഗികളുള്ള ബിർമ്മിങ്ഹാമുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.

20 കൗൺസിൽ ഏരിയകളിൽ അഞ്ചിൽ താഴെ രോഗികൾ മാത്രമാണ് ഉള്ളതെങ്കിൽ 92 ൽ അധികം ഏരിയകളിൽ നൂറിൽ അധികം രോഗികളുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ കോവിഡ് വ്യാപനനിരക്കും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ 8,125 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 30 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ അനുമാനപ്രകാരം പുതിയതായി രോഗബാധ ഉണ്ടാകുന്നവരിൽ 96 ശതമാനം പേരിലും ഡെൽറ്റ വകഭേദത്തിന്റെ സാന്നിദ്ധ്യമാണ് കാണപ്പെടുന്നത്. ഇതോടെ, കഴിഞ്ഞ ഒരാഴ്‌ച്ചയിൽ ഈ ഇനം വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയവരുടെ എണ്ണം മൂന്നിരട്ടിയായി ഉയരുകയും ചെയ്തിട്ടുണ്ട്. നേരത്തേ ബ്രിട്ടനിൽ വ്യാപകമായിരുന്ന കെന്റ് ഇനത്തേക്കാൾ 60 ശതമാനം അധിക വ്യാപനശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ബ്രിട്ടനെ കടുത്ത ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്. നേരത്തേ നിശ്ചയിച്ചിരുന്നതു പോലെ ജൂൺ 21 ന് അവസാനഘട്ട ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കാനിടയില്ലെന്ന് അറിയുന്നു.

ജൂൺ 21 നുള്ള ഇളവുകൾ വൈകിപ്പിച്ചേക്കുമെന്ന് ബോറിസ് ജോൺസനും ചില സൂചനകൾ നൽകി. മാത്രമല്ല, സർക്കാരിന് ഏറെ ആശങ്കയുണ്ടെന്ന് സർവ്വകക്ഷി പാർലമെറ്ററി ഗ്രൂപ്പും സമ്മതിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നവരും ഈ പുതിയ സാഹചര്യത്തിൽ മൗനം പാലിക്കുകയാണ്. രോഗവ്യാപനം വളരെ ഗുരുതരമായ ഒരുനിലയിലേക്ക് വളരുകയാണെന്ന് അവരും മനസ്സിലാക്കുന്നു. ഇത് ഒരു മൂന്നാം തരംഗത്തിന്റെ ആരംഭമാണോ എന്നുള്ള സംശയവും ഉയർന്നിട്ടുണ്ട്.

ഇന്ത്യയുമായുള്ള യാത്രാവിലക്ക് പ്രഖ്യാപിക്കുന്നതിൽ വന്ന കാലതാമസമാണ് ബ്രിട്ടനിൽ സ്ഥിതിഗതികൾ ഇത്ര വഷളാക്കിയത് എന്ന വിമർശനത്തിന് ശക്തി വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ വ്യാപനം ശക്തിയായി തുടരുമ്പോഴും, അയൽ രാജ്യങ്ങളായ പാക്കിസ്ഥാനേയും ബംഗ്ലാദേശിനേയും ചുവപ്പുപട്ടികയിൽ പെടുത്തിയപ്പോഴും ഇന്ത്യയെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല.ബ്രെക്സിറ്റിനു ശേഷമുള്ള സ്വതന്ത്ര വ്യാപാര കരാറുകളിൽ ഇന്ത്യയെ ഒരു പ്രധാന പങ്കാളിയായി കാണുന്ന ബോറിസ് ജോൺസൺ ഇക്കാര്യത്താൽ തന്നെ ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്താൻ ആദ്യംമടിക്കുകയായിരുന്നു.

രോഗം ഗുരുതരമായി ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ എത്തുന്നവരിൽ മുക്കാൽ ഭാഗം പേരും വാക്സിന്റെ രണ്ടു ഡോസുകളും എടുക്കാത്തവരോ ഒരു ഡോസു പോലും എടുക്കാത്തവരോ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് പ്രതീക്ഷയുടെ നേരിയ കണിക നൽകിയിട്ടുണ്ട്.

വാക്സിൻ പദ്ധതി വിജയകരമായി പൂർത്തിയാക്കിയാൽ വലിയൊരു പരിധിവരെ കോവിഡിനെ ചെറുക്കാനാകുംഎന്ന ആശ്വാസവും വിശ്വാസവും ഇപ്പോൾ ശാസ്ത്രലോകത്തിന് കൈവന്നിട്ടുണ്ട്.