യൂറോ 2020 മാച്ചിനിടെ കളിക്കളത്തിൽ കുഴഞ്ഞുവീണ ഡാനിഷ് കളിക്കാരൻ ക്രിസ്റ്റ്യൻ എറിക്സണിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, ഇത്രയും വലിയൊരു ദുരന്തം നടന്നിട്ടും, കളിയുടെ ബാക്കി സമയം കൂടി കളിക്കണമെന്ന് വാശിപിടിച്ച യു ഇ എഫ് എ യുടെ നടപടിക്കെതിരെ പരക്കെ പ്രതിഷേധം ഉയരുകയാണ്. കോപൻഹേഗനിലെ പാർകെൻ സ്റ്റേഡിയത്തിൽ ഫിൻലാൻഡിനെതിരെ നടന്ന കളിക്കിടയിൽ, ആദ്യ പകുതി അവസാനിക്കുന്നതിന് ഏതാനും നിമിഷങ്ങൾക്ക് മുൻപായിരുന്നു ക്രിസ്റ്റ്യൻ എറിക്സൺ ഗ്രൗണ്ടിൽ കുഴഞ്ഞുവീണത്.

ഇന്റർ മിലാന്റെ മിഡ്ഫീൽഡർ കൂടിയായ 29 കാരൻ എറികസണിന് ഗ്രൗണ്ടിൽ വച്ചു തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയിരുന്നു. സംഭവം നടന്ന ഉടനെ കളി താത്ക്കാലികമായി നിർത്തിവയ്ക്കുന്നു എന്ന് പ്രഖ്യാപിച്ച യു ഇ എഫ് എ ഏതാനും മണിക്കൂറുകൾക്ക് ശേഷം കളി പുനരാരംഭിക്കാൻ ഉത്തരവിടുകയായിരുന്നു. ഇരു ഭാഗത്തേയും കളിക്കാരുടെ അഭ്യർത്ഥനപ്രകാരമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത് എന്നാണ് മനസ്സിലാകുന്നത്. കളിയിൽ ഡെന്മാർക്ക് തോറ്റു. ഫിൻലൻണ്ടിനെതിരെ ഏക ഗോളിനായിരുന്നു തോൽവി. എറിക്‌സണുണ്ടായ അപകടം കളിക്കാരെ ബാധിച്ചിരുന്നു. ഇത് വ്യക്തമാക്കുന്നത് കൂടിയായി പിന്നീടുള്ള ഡെന്മാർക്കിന്റെ കളി.

എറിക്സണിന് ബോധം വന്നെന്നും അപകടനില തരണം ചെയ്തുകഴിഞ്ഞെന്നുമാണ് മനസ്സിലാകുന്നത്. അദ്ദേഹം ആശുപത്രിയിൽ നിന്നും തന്റെ ടീമംഗങ്ങളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. ഹൃദയസ്തംഭനമാണ് ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീഴാൻ കാരണമെന്നാണ് അദ്ദേഹത്തിന്റെ കാർഡിയോളജിസ്റ്റ് പറയുന്നത്. അത് യാഥാർത്ഥ്യമാണെങ്കിൽ ഒരുപക്ഷെ അദ്ദേഹത്തിന് ഇനി ഫുട്ബോൾ കളിക്കാൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനുവേണ്ടി കളിക്കുന്നതിൽനിന്നും അദ്ദേഹത്തെ വിലക്കിയേകും.

ഹൃദ്രോഗമുള്ളവർ ഫുട്ബോൾ കളിക്കുന്നതിനെ ഇറ്റലിയിൽ നിയമം മൂലം തെന്നെ വിലക്കിയിട്ടുണ്ട്, അതുകൊണ്ടുതന്നെ, എറിക്സണിന്റെത് ഹൃദയസ്തംഭനം ആണെന്ന് തെളിഞ്ഞാൽ ഒരുപക്ഷെ അദ്ദേഹത്തിന് എ ക്ലാസ്സ് ഫുട്ബോളിനോട് എന്നെന്നേക്കുമായി വിടപറയേണ്ടതായി വന്നേക്കാം. അത് സംഭവിച്ചാലും ഇല്ലെങ്കിലും, ഹൃദ്രോഗമാണെന്ന് തെളീഞ്ഞാൽ പിന്നെ അദ്ദേഹത്തിന് ഇന്റർ മിലാന് വേണ്ടി കളിക്കാൻ കഴിയില്ല. ഏകദേശം 20 വർഷമായി ഇറ്റലി ഈ നിയമം കർശനമായി നടപ്പിലാക്കുന്നുമുണ്ട്.

അതേസമയം എറിക്സൺ കളിക്കുന്ന ഇന്റർ മിലാൻ ക്ലബ്ബിൽ ഹൃദയ സംബന്ധിയായ ആരോഗ്യ പ്രശ്നങ്ങൾ പരിശോധിക്കുന്നതിനും മുൻകൂട്ടി അറിയുന്നതിനും സഹായിക്കുന്ന ആധുനിക സൗകര്യങ്ങൾ ഉണ്ട്. ലോകത്തിലെ തന്നെ മികച്ച ഹൃദയ പരിശോധന സംവിധാനങ്ങളിൽ ഒന്നാണ് ഇന്റർ മിലാനിലേത്. എന്നിട്ടും, തികച്ചും അപ്രതീക്ഷിതമായി, മുൻകൂട്ടി അറിയാനാകാതെ എറിക്സണിന് ഹൃദയാഘാതം ഉണ്ടായി എന്നത് ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ എത്രമാത്രം ഭീകരമാണെന്ന് ബോദ്ധ്യപ്പെടുത്തുന്നു.

ഈ സംഭവങ്ങൾ നടക്കുമ്പോൾ താൻ ഒരു യഥാർത്ഥ ക്യാപ്റ്റൻ തന്നെയാണെന്ന് ബോദ്ധ്യപ്പെടുത്തന്നവിധത്തിലുള്ള പ്രവർത്തനങ്ങളായിരുന്നു ഡെന്മാർക്ക് ടീം ക്യാപ്റ്റൻ സൈമൺ കെയാർ കാഴ്‌ച്ചവച്ചത്. മൈതാനത്ത് കുഴഞ്ഞുവീണ സഹകളിക്കാരന് കൃത്രിമശ്വാസം നൽകാൻ ആദ്യമെത്തിയത് കെയാർ ആയിരുന്നു. ടീമിലെ മെഡിക്കൽ സംഘം ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തുന്നതിനു മുൻപേ എറിക്സണീന് കെയാർ പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കിയിരുന്നു.

മെഡിക്കൽ സംഘം ഗ്രൗണ്ടിലെത്തി എറിക്സണിന് ശുശ്രൂഷിക്കുമ്പോൾ ജാർ തന്റെ ടീമംഗങ്ങളോട് എറിക്സണിന് ചുറ്റും വട്ടം കൂടിനിന്ന് ഒരു മനുഷ്യമതിൽതീർക്കാൻ നിർദ്ദേശിച്ചു. അദ്ദേഹത്തിന് പരമാവധി സ്വകാര്യത ഉറപ്പാക്കാനായിരുന്നു ഈ നിർദ്ദേശം. ഗ്രൗണ്ടിലാകെ നിറഞ്ഞു നിൽക്കുന്ന കാമറക്കണ്ണുകൾ തന്റെ സഹപ്രവർത്തകന്റെ ദീനത ഒപ്പിയെടുക്കരുതെന്ന് ക്യാപ്റ്റന് നിർബന്ധമായിരുന്നു. മാത്രമല്ല, സ്റ്റാൻഡിൽ ഇരുന്നിരുന്ന, എറിക്സണിന്റെ ഭാര്യ സബ്രീന വിസ്റ്റിനടുത്തേക്ക് അദ്ദേഹമെത്തി അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.

അതിനുശേഷം സ്ട്രെച്ചറിൽ എറിക്സണിനെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോകുമ്പോഴും കെയാറിന്റെ നിർദ്ദേശപ്രകാരം ടീമംഗങ്ങൾ സ്ട്രെച്ചറിന്റെ ഇരുവശവും മനുഷ്യമതിൽ തീർത്തി നീങ്ങി. കാമറക്കണ്ണുകളിൽ നിന്നും അദ്ദേഹത്തെ രക്ഷിക്കുക തന്നെയായിരുന്നു ഉദ്ദേശം .