കൊച്ചി: കുറ്റസമ്മതം നടത്തിയതിന്റെ പേരിൽ മാത്രം പ്രതിയെ ശിക്ഷിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കുറ്റം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന ഉത്തരം നൽകിയതിന്റെ പേരിൽ മാത്രം പ്രതിയെ ശിക്ഷിക്കരുതെന്നും ഇക്കാര്യത്തിൽ പ്രതി കുറ്റം സമ്മതിച്ചതായി കണക്കാക്കുന്നതിനുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുൺ നിർദേശിച്ചു. നിയമ വ്യവസ്ഥകളും കീഴ്‌വഴക്കങ്ങളും അനുസരിച്ച് പിന്തുടരേണ്ട മാർഗനിർദേശങ്ങൾ ഹൈക്കോടതി വിശദീകരിച്ചു.

2014 ൽ ചെമ്മാടിൽ സ്‌കൂൾ പ്രവേശന ഘോഷയാത്ര തടസ്സപ്പെടുത്തിയ കേസിൽ പ്രതിയായ മലപ്പുറം ആനക്കയം സ്വദേശി റസീൻ ബാബുവിനെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ശിക്ഷിച്ചതു റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികൾ കുറ്റം സമ്മതിച്ചു എന്നതു കണ്ടെത്താൻ വിചാരണ കോടതി സ്വീകരിച്ച നടപടി ക്രമങ്ങൾ ചോദ്യം ചെയ്താണ് ഹർജി നൽകിയത്. കുറ്റം സമ്മതിക്കുന്നതിന്റെ പരിണതഫലങ്ങൾ മനസ്സിലാക്കി തന്നില്ലെന്നും ഇതറിയാതെയുള്ള പ്രവൃത്തി മൂലം ടെലി കമ്യൂണിക്കേഷൻ കോൺസ്റ്റബിൾ പട്ടികയിലുണ്ടായിട്ടും നിയമനം നിഷേധിക്കപ്പെട്ടെന്നും റസീൻ ബാബു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതുസംബന്ധിച്ച 7 നടപടി ക്രമങ്ങളും കോടതി വിശദീകരിച്ചു. കേസിൽ വിചാരണക്കോടതി വിധിച്ച പിഴ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി പുനർവിചാരണ നടത്താനും ഉത്തരവിട്ടു.