ബ്രിട്ടനിൽ മൂന്നാം തരംഗം എത്താറായി എന്നും ജൂലായ് മാസത്തോടെ പ്രതിദിനം ഒരു ലക്ഷം പുതിയ രോഗികൾ എന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. അടുത്ത ശരത്ക്കാലം വരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറ്റമില്ലാതെ തുടരുമെന്ന സൂചന ബോറിസ് ജോൺസനും നൽകുന്നു. ഇന്നലെ 7,738 പേർക്ക് കൂടി പുതിയതായി രോഗബാധ സ്ഥിരീകരിച്ചതോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ജൂൺ 20 ൽ നിന്നും ജൂലായ് 19 ലേക്ക് നീട്ടുമെന്നതിന്റെ ശക്തമായ സൂചനകൾ ലഭിച്ചു.

പ്രതീക്ഷകൾക്കും അപ്പുറം ഭീതി വിതച്ച് ഡെൽറ്റ വകഭേദം വ്യാപനം തുടരുകയാണെന്ന് പറഞ്ഞബോറിസ് ജോൺസൺ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നു എന്നും ചൂണ്ടിക്കാട്ടി. സാഹചര്യംതീർത്തും ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ, ബ്രിട്ടനിൽ പുതുതായി രോഗം സ്ഥിരീകരിക്കപ്പെടുന്നവരിൽ 90 ശതമാനം പേരിലും ഡെൽറ്റ വൈറസിന്റെ സാന്നിദ്ധ്യമാണ് ഉള്ളത്.

ഇത്തരം സാഹചര്യത്തിൽ പല കോണുകളിൽ നിന്നുമുയരുന്ന ആവശുങ്ങൾക്ക് ചെവികൊടുത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയാൽ ഒരുപക്ഷെ ആശുപത്രികൾ നിറഞ്ഞുകവിയുന്ന അവസ്ഥ സംജാതമായേക്കാം എന്ന് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി മുന്നറിയിപ്പ് നൽകുന്നു. രോഗവ്യാപനം കനക്കുന്നുണ്ടെങ്കിലും അത് മരണനിരക്കിൽ പ്രതിഫലിക്കുന്നില്ല എന്നത് ചെറിയൊരു ആശ്വാസം നൽകുന്നുണ്ട്. ഇന്നലെ കേവലം 12കോവിഡ് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്.

അതേസമയം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിൽ ഭരണകക്ഷിക്കുള്ളിൽ നിന്നു തന്നെ കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. ഇനിയും തുറക്കാൻ വൈകിയാൽ പല സ്ഥാപനങ്ങളും എന്നെന്നേക്കുമായി പൂട്ടിപ്പോകേണ്ടതായി വരും എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. തികച്ചും കോവിഡ് മുക്തമായ ഒരു ലോകം എന്നത് ഇനി സാധ്യമാകുന്ന ഒന്നല്ലെന്നും, ആവശ്യമായ സുരക്ഷാ നടപടികൾ കൈക്കൊണ്ട് കോവിഡിനൊപ്പം ജീവിക്കുക മാത്രമാണ് ഇനി സാധ്യമായിട്ടുള്ളതെന്നും അവർ പറയുന്നു. അതേസമയം, ഇന്നലെ നടന്ന ഒരു അഭിപ്രായ സർവ്വേയിൽ ബ്രിട്ടനിലെ മൂന്നിലൊന്ന് ജനങ്ങൾ മാത്രമാണ് കോവിഡ് പ്രതിസന്ധിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കം ചെയ്യണമെന്ന് ആവശ്യമുന്നയിക്കുന്നത് എന്ന് വ്യക്തമാകുന്നു.

അതേസമയം ബിസിനസ്സ് മേഖലയിലെ പലരും ലോക്ക്ഡൗൺ നീട്ടുന്നതിൽ അസ്വസ്ഥരാണ്. ലോക്ക്ഡൗൺ ഇനിയും നീട്ടിയാൽ ഫർലോ പദ്ധതിയും നീട്ടേണ്ടതായി വരും എന്ന് കഴിഞ്ഞ ദിവസം ഋഷി സുനാക് സൂചിപ്പിച്ചിരുന്നു. ഇത് സർക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. നേരത്തേ സൂചിപ്പിച്ചിരുന്നതുപോലെ ജൂൺ 21 മുതൽ പ്രവർത്തനാനുമതി നൽകാതിരിക്കുകയാണെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നൈറ്റ്ക്ലബ്ബുകളും ബറുകളും സൂചിപ്പിച്ചു.

വാക്സിൻ പദ്ധതി പുരോഗമിക്കുമ്പോൾ തന്നെ, വൈറസിന്റെ വ്യാപനത്തെ സൂചിപ്പിക്കുന്ന ആർ നിരക്കും വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഒക്ടോബറിനു ശേഷമുള്ള ഏറ്റവും കൂടിയ ആർ നിരക്കാണ് ഇപ്പോൾ ഉള്ളത്. നിലവിൽ 1.4 ആണ് ആർ നിരക്ക്. ഇത് 1 ന് താഴെ കൊണ്ടുവന്നാൽ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിയൂ.