നിശബ്ദത എല്ലാത്തിനും ഒരു പരിഹാരമല്ലെന്ന് ബ്രിട്ടീഷ് രാജകുടുംബം തിരിച്ചറിയുന്നു. രണ്ടുകൈകൾ കൊട്ടിയാലെ ശബ്ദം വരുകയുള്ളു എന്നത് ശരിയാണെങ്കിലും, കൊട്ടാതെ ഒഴിഞ്ഞുമാറിയിരുന്നാൽ, അത്, ഒളിക്കാൻ എന്തെങ്കിലുമൊക്കെ ഉള്ളതിനാലാണെന്ന് ജനം കരുതിയേക്കാം എന്നും അവർ ഭയക്കുന്നു. അതുകൊണ്ടു തന്നെ ഹാരിയും മേഗനും ഉന്നയിച്ച ആരോപണങ്ങളോട് ഇന്നലെ വരെ എടുത്തിരുന്ന നിലപാട് അവർ തിരുത്തുകയാണ്. മൗനം എല്ലായ്പോഴും വിദ്വാന് ഭൂഷണമല്ലെന്ന് തിരിച്ചറിഞ്ഞ രാജകുടുംബം ഇനിമുതൽ ഇത്തരത്തിലുള്ള ആരോപണങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും.

തികച്ചും നാടകീയമായിട്ടായിരുന്നു രാജ്ഞിയുടെ ഈ നീക്കം. ഇതുവരെ തുടർന്നതുപോലെ മൗനം പാലിച്ചിരിക്കാതെ, തന്റെയോ മറ്റു മുതിർന്ന രാജകുടുംബാംഗങ്ങളുടെയോ സ്വകാര്യ സംഭാഷണത്തിലെ വാക്കുകൾ വളച്ചൊടിച്ച് വിവാദമാക്കുവാൻ ആരെത്തിയാലും അതിനെ ശക്തമായി നേരിടുവാനാണ് രാജ്ഞി നിർദ്ദേശം നൽകിയിരിക്കുന്നത്. ഹാരിയുടെയും മേഗന്റെയും അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളിൽ നൽകുന്ന പല വിവരങ്ങളും രാജകുടുംബത്തെ അലസോരപ്പെടുത്തുന്നുണ്ട്. ഏറ്റവും ഒടുവിൽ ഹാരിയുടെ മകളുടെ പേരുമായി ബന്ധപ്പെട്ട വിവാദവും രാജകുടുംബത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ രാജ്ഞിയെ പ്രേരിപ്പിച്ചതെന്നറിയുന്നു.

ഹാരിയുടേയും മേഗന്റെയും മകൾക്ക് എലിസബത്ത് രാജ്ഞിയുടെ ഓമനപ്പേരായിരുന്ന ലിലിബെറ്റ് എന്ന പേര് നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു ഏറ്റവും ഒടുവിൽ വിവാദമുയർന്നത്. രാജ്ഞിയുടെ അനുവാദത്തോടെയാണ് ഇത് ചെയ്തതെന്നാണ് ഹാരിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നൽ, ഹാരി രാജ്ഞിയോട് അനുവാദം ചോദിച്ചില്ലെന്നായിരുന്നു ബി ബി സിയുടെ നിലപാട്. മറിച്ച് തങ്ങളുടെ മകൾക്ക് ലിലിബെറ്റ് എന്ന പേര് നൽകുന്നു എന്ന് അറിയിക്കുക മാത്രമാണ് ഉണ്ടായതെന്നും അവർ പറയുന്നു.

വീഡിയോ കോളിലൂടെ കൊച്ചു ലിലിബെറ്റിനെ രാജ്ഞിക്ക് കാണിച്ചുകൊടുത്തു എന്ന് മറ്റൊരു അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്തതും ഏറെ വിവാദമായിരുന്നു. ഹാരിയുടെയും മേഗന്റെയുംസുഹൃത്തുക്കളെ ഉദ്ദരിച്ചായിരുന്നു ഈ വാർത്ത നൽകിയത്. ഇത്തരത്തിൽ ഒരു വീഡിയോ കോൾ തന്നെ നടക്കാത്ത സാഹചര്യത്തിൽ, ഇനിയും കൂടുതൽ വ്യാജവാർത്തകൾ പ്രചരിക്കുവാനുള്ള സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് രാജ്ഞി ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്.

എന്നാൽ, ഈ വിവാദത്തെ ചിരിച്ചുതള്ളി തന്റെ കർമ്മത്തിൽ മുഴുകുകയാണ് 95 കാരിയായ എലിസബത്ത് രാജ്ഞി. തന്റെ പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുത്ത രാജ്ഞി ജി 7 രാഷ്ട്രത്തലവന്മാർക്കായി വിരുന്നൊരുക്കുകയും ചെയ്തു. വിരുന്നിനിടയിൽ കൊച്ചുകൊച്ചു തമാശകളുമായി അവർക്കിടയിൽ ചിരിപടർത്തി രാജ്ഞി നല്ലൊരു അതിഥേയയായും മാറി.