- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാര്യമൊക്കെ ശരി കളി ഞങ്ങളോട് വേണ്ട; സമ്പന്ന രാഷ്ട്രങ്ങളുടെ ചെറുഗ്രൂപ്പുകൾ ലോകഭാവി തീരുമാനിക്കുന്ന കാലമൊക്കെ പോയി; ചെറിയവനോ വലിയവനോ എന്ന ജാടയില്ലാതെ കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് ജി-7 രാഷ്ട്രങ്ങളോട് ചൈന; മുന്നറിയിപ്പ് ലണ്ടൻ സമ്മേളനത്തിൽ ചൈനീസ് കുത്തകയ്ക്ക് ബദൽ ആലോചിക്കാൻ യുഎസ് അടക്കം ജി-7 നേതാക്കൾ ഒന്നിച്ചിരിക്കെ
ലണ്ടൻ: ചൈനയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തെ ചെറുക്കാനുള്ള പണിപ്പാടിലാണ് ജി-7 രാഷ്ട്രങ്ങൾ. കാര്യമൊക്കെ കൊള്ളാം, കളി ഞങ്ങളോട് വേണ്ട എന്നതാണ് ചൈനയുടെ നിലപാട്. ഇക്കാര്യം ഞായറാഴ്ച അർത്ഥശങ്കയില്ലാതെ ആ രാജ്യം വെളിവാക്കുകയും ചെയ്തു. രാഷ്ട്രങ്ങളുടെ ചെറുഗ്രൂപ്പുകൾ ലോകത്തിന്റെ ഭാവി തീരുമാനിക്കുന്ന കാലമൊക്കെ പോയി എന്നാണ് ലോകത്തെ സമ്പന്ന ജനാധിപത്യ രാഷ്ട്രങ്ങളോട് ഞായറാഴ്ച ചൈന മുന്നറിയിപ്പ് നൽകിയത്.
ചൈനീസ് ഏംബസി വക്താവ് ലണ്ടനിൽ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രങ്ങൾ ചെറുതോ വലുതോ, ശക്തമോ, ദുർബലമോ, ദരിദ്രമോ, സമ്പന്നമോ ആകട്ടെ, തുല്യരാണെന്നാണ് ഞങ്ങളുടെ വിശ്വാസം. ലോകകാര്യങ്ങൾ എല്ലാ രാഷ്ട്രങ്ങളും കൂടിയാലോചിച്ച് തീരുമാനിക്കണം, ചൈനീസ് വക്താവ് പറഞ്ഞു.
ശീതയുദ്ധം അവസാനിപ്പിച്ച 1991 ലെ സോവിയറ്റ് യൂണിയന്റെ തകർച്ച പോലെ സമീപകാലത്ത് ആഗോള രാഷ്ട്രീയത്തിലെ സുപ്രധാന സംഭവമായി കണക്കാക്കുന്നത് ചൈനയുടെ ആഗോള ശക്തിയായുള്ള വൻതിരിച്ചുവരവാണ്. സാമ്പത്തിക രംഗത്തെ ചൈനയുടെ വളർച്ച തെല്ലൊന്നുമല്ല അമേരിക്കയെയും പ്രസിഡന്റ് ജോ ബൈഡനെയും അലോസരപ്പെടുത്തുന്നത്. ചൈനയുടെ സാമ്പത്തിക ക്രമക്കേടുകളും, മനുഷ്യാവകാശ ലംഘനങ്ങളും ഉയർത്തിക്കാട്ടി നേരിടാനാണ് യുഎസിന്റെ നീക്കം. അതേസമയം, ഐക്യരാഷ്ട്രസഭയുടെ തത്വങ്ങൾക്ക് അനുസൃതമായുള്ള ലോകക്രമത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സാധുവായ ആഗോള സംവിധാനം എന്നാണ് ചൈനീസ് വക്താവ് ഇന്ന് ഓർമിപ്പിച്ചത്. ചില രാഷ്ട്രഗ്രൂപ്പുകളുടെ തീട്ടൂരമനുസരിച്ചല്ല കാര്യങ്ങൾ എന്നും ചൈന വ്യക്തമാക്കി.
ലോകത്തിലെ സമ്പന്നരാജ്യങ്ങളായ യുഎസ്, കാനഡ, ബ്രിട്ടൻ, ജർമനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ എന്നിവയുടെ കൂട്ടായ്മയായ ജി-7 ന്റെ ഈ വർഷത്തെ സമ്മേളനം ബ്രിട്ടനിൽ നടക്കുകയാണ്. കഴിഞ്ഞ 40 വർഷമായി ചൈനയുടെ സാമ്പത്തിക-സൈനിക വളർച്ചയുടെ പശ്ചാത്തലത്തിൽ, പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ അഹംഭാവത്തെ നേരിടാൻ പോന്ന വഴികളാണ് ജി-7 നേതാക്കളുടെ ആലോചന. ചൈനയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനത്തിന് ഉതകുന്ന ബദലാണ്് ജി-7 ന്റെ ആലോചനാവിഷയം.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലാണ് ചർച്ചകൾ തുടരുന്നത്. ചൈനയുടെ വെല്ലുവിളികൾ നേരിടാൻ ഏകകണ്ഠമായ സമീപനമാണ് വേണ്ടതെന്ന് ട്രൂഡോ ആഹ്വാനം ചെയ്തു. ഷീജിൻ പിങ്ങിന്റെ ബെൽറ്റ്-റോഡ് പദ്ധതിക്ക് ബദലായി വികസ്വര രാഷ്ട്രങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് ജി-7 ആസൂത്രണം ചെയ്യുന്നത്.
എന്നാൽ, ഇത്തരം നീക്കങ്ങളോട് ചൈന പലവട്ടം ഏറ്റുമുട്ടിയിട്ടുണ്ട്. തങ്ങളെ ഒതുക്കാനുള്ള പാശ്ചാത്യ ശക്തികളുടെ പരിശ്രമമായാണ് ചൈന ഈ നീക്കങ്ങളെ വിലയിരുത്തുന്നത്. വർഷങ്ങളോളം ചൈനയെ താറടിച്ച് കാണിച്ച കാലഹരണപ്പെട്ട സാമ്രാജ്യത്വ മനോഭാവത്തിന് അടിപ്പെട്ടവരാണ് പാശ്ചാത്യ ശക്തികളെന്നും ചൈന കുറ്റപ്പെടുത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ