തിരുവനന്തപുരം: കമ്പനികളുടെ കസ്റ്റമർകെയർ നമ്പറുകൾ ആധികാരിക വെബ്സൈറ്റിൽനിന്ന് മാത്രമേ എടുക്കാവൂ എന്ന് മുന്നറിയിപ്പ് നൽകി. ഗൂഗിൾ സെർച്ച് ചെയ്ത് കിട്ടുന്ന ആദ്യ ഫലങ്ങൾ ചിലപ്പോൾ വ്യാജ നമ്പറുകളായിരിക്കും. ഈ നമ്പറുകളിൽ ബന്ധപ്പെട്ടതിന് ശേഷം ഓൺലൈൻ തട്ടിപ്പിന് ഇരയായ കേസുകൾ വർദ്ധിച്ചു വരികയാണെന്ന് കേരളാ പൊലീസ് വിലയിരുത്തുന്നു.

'ഓൺലൈൻ വിദ്യാഭ്യാസ കാലത്തെ സൈബർ സുരക്ഷ' എന്ന വിഷയത്തിൽ വയനാട് ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ ബത്തേരി സെന്റ് മേരീസ് കോളേജ് എൻ.സി.സി. യൂണിറ്റുമായി സഹകരിച്ചാണ് വെബ്ബിനാർ സംഘടിപ്പിച്ചത്. ഈ വെബ്ബിനാറിലാണ് ഈ നിർദ്ദേശങ്ങൾ ഉയർന്നത്. കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ കഴിയുമെങ്കിൽ മൊബൈൽ ഫോണിൽ നിന്ന് മാറ്റി കമ്പ്യൂട്ടറിൽ ആക്കണം. മൊബൈലിൽ നിന്ന് മൊബൈൽ ഗെയിംമിംഗിലേക്ക് കുട്ടികൾ വഴിതെറ്റാൻ സാധ്യതയുണ്ടെന്നും വെബ്ബിനാറിൽ പറഞ്ഞു.

അപരിചിതരുമായി ഓൺലൈനിൽ യാതൊരു ആശയവിനിമയവും നടത്തരുത്. അപരിചിതരിൽ നിന്ന് വരുന്ന ഫ്രണ്ട് റിക്വസ്റ്റുകൾ തട്ടിപ്പിനായുള്ള തുടക്കമാവാം എന്നാണ് നിരീക്ഷണം.. സൈബർ മേഖലയിൽ കുറ്റകൃത്യങ്ങൾ നടത്താൻ സാങ്കേതിക അറിവുകൾ ഉള്ള ധാരാളം ക്രിമിനലുകൾ ഉണ്ട്. അതുകൊണ്ട് അപരിചിത ബന്ധങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കണമെന്നും ആവശ്യപ്പെട്ടു.

ഓൺലൈനിൽ നടക്കുന്ന വിവിധ തട്ടിപ്പുകളെക്കുറിച്ചും അവ മനസിലാക്കുന്നതെങ്ങനെയെന്നും വെബ്ബിനാർ വിശദീകരിച്ചു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ പെൺകുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സിവിൽ പൊലീസ് ഓഫീസർ വിനീഷ സംസാരിച്ചു.

സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജോൺ മത്തായി വെബ്ബിനാർ ഉദ്ഘാടനം ചെയ്തു. വയനാട് എൻ.സി.സി 5 കെ. ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സി. എസ്. ബി. മൂർത്തി അധ്യക്ഷത വഹിച്ചു. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ എം വി സ്വാഗതവും, അങ്കിത് എസ്. കിരൺ നന്ദിയും പറഞ്ഞു.