സെവിയ്യ: സ്വന്തം തലവരയിൽ പഴിക്കുകയാണ് സ്‌പെയിൻ. അവസരങ്ങൾ ഏറെ ഒത്തു വന്നിട്ടും ഒരു ഗോൾ പോലും അടിക്കാൻ കഴിയാതിരുന്ന സ്‌പെയിൻ ആ ശാപം പിടിച്ച നിമിഷങ്ങളെ പഴിക്കുകയാണ്. ഗോളില്ലാ സമനിലയിൽ സ്‌പെയിനും സ്വീഡനും. കളിയിൽ 86 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും തൊള്ളായിരത്തിലേറെ പാസുകൾ ചെയ്തിട്ടും അവർക്ക് ഒരു ഗോൾ പോലും നേടാനായില്ല. യൂറോ കപ്പ് ഇ ഗ്രൂപ്പിലെ സ്‌പെയിൻ-സ്വീഡൻ മത്സരം അങ്ങനെ ഗോളില്ലാ സമനിലയിൽ തീർന്നു (00). പന്ത് കൈവശംവച്ചു കളിക്കാൻ വിട്ടു നൽകിയെങ്കിലും സ്പാനിഷ് ആക്രമണങ്ങളെ സ്വീഡിഷ് പ്രതിരോധനിരയും ഗോൾകീപ്പർ റോബിൻ ഓൾസനും ചേർന്നു ചെറുത്തു നിന്നു.

ഫെറാൻ ടോറസ്, അൽവാരോ മൊറാട്ട, ഡാനി ഒൽമോ, ജെറാർദ് മൊറീനോ തുടങ്ങി സ്പാനിഷ് മുൻനിര താരങ്ങൾക്കൊന്നും ലക്ഷ്യം കാണാനായില്ല. 12 ഷോട്ടുകളാണ് സ്‌പെയിൻ മത്സരത്തിലാകെ പായിച്ചത്. 6 കോർണറുകൾ നേടിയെടുക്കുകയും ചെയ്തു.