കോവിഡിനെതിരെ കാര്യമായ മുന്നേറ്റങ്ങൾ നടത്തിയ ബ്രിട്ടനെ ഇന്ത്യയിൽ നിന്നെത്തിയ ഡെൽറ്റ വകഭേദം വീണ്ടും പുറകോട്ടടുപ്പിച്ചിരിക്കുകയാണ്. ജൂൺ 21ന് ഉദ്ദേശിച്ചിരുന്ന ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാനുള്ള നടപടി ജൂലായ് 19 ലേക്ക് നീട്ടിയതായി ബോറിസ് ജോൺസൺ ഇന്നലെ അറിയിച്ചു. ഡെൽറ്റ വകഭേദം 80 ശതമാനത്തോളം അധിക വ്യാപനശേഷി കൈവരിച്ച് കൂടുതൽ അപകടകാരിയായേക്കന്നും പ്രതിദിനം 500 പേർ വരെ മരിക്കുന്ന സാഹചര്യം ഉരുത്തിരിഞ്ഞേക്കാമെന്നുമുള്ള ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പിനെ തുടർന്നായിരുന്നു ഈ തീരുമാനം.

ഒരു കൂട്ടം ഭരണകക്ഷി എം പിമാരുടെയും ഹോസ്പിറ്റാലിറ്റി വ്യവസായ മേഖലയുടെയും അപ്രീതി കണക്കിലെടുക്കാതെയായിരുന്നു ബോറിസിന്റെ ഈ പ്രഖ്യാപനം. ഇതല്ലാതെ മറ്റൊരു വഴിയില്ലെന്നും, കൂടുതൽ പേർക്ക് വാക്സിന്റെ രണ്ടു ഡോസുകളും ലഭിക്കുന്നതുവരെ നിയന്ത്രണങ്ങൾ തുടരണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ പൂർണ്ണമായും തുടച്ചുനീക്കാനാവില്ലെന്നും രാജ്യം അതിനൊപ്പം ജീവിക്കാൻ തുടങ്ങുമെന്നും പറഞ്ഞ അദ്ദേഹം പക്ഷെ, എൻ എച്ച് എസിന് ഒരല്പം ശ്വസിക്കുവാനുള്ള സമയം നൽകേണ്ടത് അത്യാവശ്യമാണെന്ന് കൂട്ടിച്ചേർത്തു.

ലോക്ക്ഡൗൺ നീക്കം ചെയ്യുവാനായി ഇപ്പോൾ പുതുക്കി നിശ്ചയിച്ചിരിക്കുന്ന തീയതിക്ക് തന്നെ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നേരത്തേ ബ്രിട്ടനിൽ ദുരിതം വിതറിയ കെന്റ് വകഭേദത്തേക്കാൾ അപകടകാരിയാണ് ഇന്ത്യൻ വകഭേദമെന്നും ഒരൊറ്റ ഡോസുകൊണ്ട് അതിനെ തടയാൻ കഴിയില്ലെന്നും ഈ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നായിരുന്നു ഈ പുതിയ തീരുമാനം. ഇത്തരമൊരു അവസ്ഥയിൽ കൂടുതൽ ഇളവുകൾ നൽകുന്നത് വാക്സിന്റെ രണ്ടു ഡോസുകളും എടുക്കാത്തവരെ രോഗത്തിന്റെ വായിലേക്ക് എറിഞ്ഞുകൊടുക്കുന്നതിനു തുല്യമാണെന്നായിരുന്നു വിദഗ്ദർ പറഞ്ഞത്.

നിയന്തണങ്ങൾക്ക് ഇളവുകൾ നൽകിയാൽ പ്രതിദിനം 2000 പേർ വരെ ആശുപത്രികളിൽ എത്തുന്ന സാഹചര്യമുണ്ടായേക്കുമെന്ന് മുന്നറിയിപ്പു നൽകിയ ശാസ്ത്രജ്ഞർ, പ്രതിദിനം 500 മരണങ്ങൾ വരെ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിരുന്നാലും, ഇളവുകൾ പ്രതീക്ഷിച്ചിരുന്ന പൊതുജനങ്ങൾക്കായി ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹത്തിന് 30 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന നിയന്ത്രണം എടുത്തുകളഞ്ഞു. എന്നാൽ, വിവാഹം നടക്കുന്ന വേദിയിലും ഹാളിലും മറ്റും നിർബന്ധമായും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്.

നിലവിൽ ഒരുമാസത്തേക്കാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത് എങ്കിലും, വിമർശകരെ ആശ്വസിപ്പിക്കുവാനായി, പതിനഞ്ചു ദിവസം കഴിയുമ്പോൾ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന വാഗ്ദാനവും ബോറിസ് ജോൺസൺ നൽകിയിട്ടുണ്ട്. മാത്രമല്ല, ഏതൊരു സാഹചര്യത്തിലും ലോക്ക്ഡൗൺ പിൻവലിക്കുന്നത് ജൂലായ് 19 ന് അപ്പുറത്തേക്ക് നീളുകയില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. ഏതായാലും ഈ മാറ്റം നാളെ പാർലമെന്റിൽ അവതരിപ്പിച്ച് വോട്ടിനിടണം.

ലേബർ പാർട്ടിയുടെ പിന്തുണയുള്ളതിനാൽ ഇത് പാസ്സാകും എന്ന് ഉറപ്പുണ്ടെങ്കിലും ചർച്ചകൾക്കിടയിൽ ബോറിസ് ജോൺസനെതിരെ ഭരണകക്ഷിയിൽ നിന്നും കടുത്ത വിമർശനങ്ങൾ ഉയർന്നേക്കം എന്ന ആശങ്കയുമുണ്ട്.