കോഴിക്കോട്: പൊലീസ് ലേലത്തിൽ വിറ്റ ബൈക്ക് എട്ട് വർഷത്തിനു ശേഷം പൊലീസ് തന്നെ തൊണ്ടിമുതലായി പിടിച്ചെടുത്തു. 2013ലാണ് ഉടമസ്ഥനില്ലാത്ത ബൈക്ക് പൊലീസ് ലേലത്തിൽ വിറ്റത്. 18,000 രൂപ നൽകി പ്രവാസി മലയാളിയായ മുറിച്ചാണ്ടിയിൽ മുനീർ (47) ബൈക്ക് സ്വന്തമാക്കുകയും ചെയ്തു. എന്നാൽ പണവും പോയി ഇപ്പോൾ തന്റേതല്ലാത്ത കുറ്റത്തിന് കോടതി കയറി ഇറങ്ങേണ്ടതുമായ അവസ്ഥയിലാണ് മുനീർ.

ഖത്തറിൽ ജോലി ചെയ്യുന്ന മുനീർ നാട്ടിൽ അവധിക്കു വരുമ്പോഴെല്ലാം ഉപയോഗിക്കാനാണ് ബൈക്ക് ലേലത്തിൽ പിടിച്ചത്. പഴയ വാഹനങ്ങൾ വാങ്ങുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാനാണു പൊലീസിൽനിന്നു വാഹനം ലേലത്തിൽ പിടിച്ചത്. എന്നിട്ടും തട്ടിപ്പിനും വാഹന മോഷണത്തിനും പ്രതിയായ അവസ്ഥയിലാണ് മുനീർ. പൊലീസിന്റെ പത്രപരസ്യം കണ്ടാണു എട്ട് വർഷം മുമ്പ് മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിൽ നടന്ന ബൈക്ക് ലേലത്തിൽ പങ്കെടുത്തത്.

2013 ഓഗസ്റ്റിലായിരുന്നു ലേലം.. കഎൽ 11ജെ 4033 ബൈക്ക് അക്കാലത്തെ വലിയ വിലയായ 18,000 രൂപയ്ക്കാണ് മുനീർ ലേലത്തിൽ പിടിച്ചത്. പൊലീസ് നൽകിയ രേഖകൾ പ്രകാരം കൊയിലാണ്ടി ആർടിഒ ഓഫിസിൽനിന്നു ബൈക്ക് തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു. ഈ ബൈക്കാണ് ഇപ്പോൾ യഥാർത്ഥ ഉടമ തേടി എത്തിയതോടെ മുനീറിനെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് കസബ പൊലീസിന്റെ നോട്ടിസ് കയ്യിൽ കിട്ടിയപ്പോൾ മുനീർ ഞെട്ടി.

തന്റെ പേരിലുള്ള ബൈക്ക് 2010 ൽ കസബ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലാണെന്നും എത്രയും വേഗം അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാക്കണമെന്നുമായിരുന്നു നോട്ടിസിൽ പറഞ്ഞിരുന്നത്. താമസിയാതെ തന്നെ കസബ പൊലീസ് കീഴ്പയുരിലെ മുനീറിന്റെ വീട്ടിലെത്തി മഹസർ തയാറാക്കി ബൈക്ക് കസ്റ്റഡിയിലെടുത്തു കൊണ്ടു പോയി. മുനീറിന്റെ നിരപരാധിത്വം മനസ്സിലാകാഞ്ഞിട്ടല്ല, വേറൊരു വഴിയുമില്ലാഞ്ഞിട്ടാണ് എന്നാണത്രെ പൊലീസ് പറഞ്ഞത്.

സത്യം കോടതിയെ ബോധ്യപ്പെടുത്തിയാൽ നഷ്ടപരിഹാരം കിട്ടുമെന്ന ഉപദേശവും പൊലീസ് നൽകി. 11 വർഷം മുൻപു മോഷണം പോയ തന്റെ ബൈക്ക് കണ്ടെത്താനുള്ള തൊണ്ടയാട് സ്വദേശി ശിവശക്തിയിൽ എസ്.സന്തോഷ് കുമാറിന്റെ പരിശ്രമമാണു പൊലീസിന്റെ നടപടിക്കു പിന്നിൽ. 2010 ഒക്ടോബർ 10നാണ് സന്തോഷിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബൈക്ക് മോഷണം പോയത്. മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് മോഷ്ടിക്കപ്പെട്ടത്. അന്നുതന്നെ സന്തോഷ് കസബ സ്റ്റേഷനിൽ പരാതി നൽകി.

രണ്ടു വർഷത്തോളം അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടാക്കാൻ കഴിയാതിരുന്നതിനാൽ, തെളിയാത്ത കേസുകളുടെ ഗണത്തിൽപ്പെടുത്തി കേസ് അവസാനിപ്പിച്ചു. എന്നാൽ മോഷ്ടിക്കപ്പെട്ട ഈ ബൈക്ക് പിന്നീട് മെഡിക്കൽ കോളജ് പൊലീസ് മറ്റൊരു കേസിൽ തൊണ്ടിമുതലായി പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഉടമസ്ഥർ ആരും എത്താതിരുന്നതിനെ തുടർന്നാണു കോടതി നിർദ്ദേശപ്രകാരം മെഡിക്കൽ കോളജ് പൊലീസ് ബൈക്ക് ലേലത്തിനു വയ്ക്കുന്നതും മുനീർ വാങ്ങുന്നതും.

കസബ സ്റ്റേഷനിൽനിന്നും 5 കിലോമീറ്റർ മാത്രം അകലെയുള്ള മെഡിക്കൽ കോളജ് സ്റ്റേഷനിൽ ബൈക്ക് പിടിച്ചിട്ടും പരാതിയുണ്ടായിട്ടും അറിഞ്ഞില്ലെന്നതു പൊലീസുകാരെ പോലും അദ്ഭുതപ്പെടുത്തുന്നു. സന്തോഷ് കുമാർ സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ബൈക്ക് കൊയിലാണ്ടിയിൽ മുനീറിന്റെ പേരിൽ രജിസ്റ്റർ ചെയ്തു ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.