ലണ്ടൻ: ബ്രിട്ടണിലെ ഹാട്ടിൽപൂൾ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിലെ സീനിയർ കൺസൾട്ടന്റ് അനസ്തീസ്റ്റായിരുന്ന ഡോ. ശ്രീധരൻ സുരേഷ് എന്ന മലയാളി ഡോക്ടറുടെ ജീവിതം മാറിമറിഞ്ഞത് തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു. സോഫ്റ്റ്‌വെയർ ആർക്കിടെക്ട് ആയ ഭാര്യ വിശാലക്ഷ്മിക്കൊപ്പം സന്തുഷ്ടജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതം തകർത്തത് ഒരു കൗമാരക്കാരിയുടെ പരാതിയായിരുന്നു. മരുന്നുനൽകി തന്നെ മയക്കികിടത്തി ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു കൗമാരക്കാരി ആരോപിച്ചത്.

എന്നാൽ, ഇതിനെതുടർന്നുണ്ടായ അന്വേഷണത്തിൽ തെളിഞ്ഞത്, ഇവർക്ക് കൊടുത്ത മരുന്ന് കഴിച്ചാൽ ചിലരിൽ ചിത്തഭ്രമം ബാധിച്ചതുപോലുള്ള അവസ്ഥയുണ്ടാകുമെന്നായിരുന്നു. മാത്രമല്ല, ഇത്തരം ഒരു സംഭവം നടന്നു എന്നതിന് സാക്ഷികളും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമെ, തന്നെ പീഡിപ്പിച്ചവനെ കുറിച്ചുള്ള വിവരണം ആ പെൺകുട്ടി നൽകിയിരുന്നു. അതിന് ഡോ. സുരേഷുമായി യാതൊരു സാമ്യവും ഉണ്ടായിരുന്നുമില്ല. എന്നാൽ, ഇത്തരത്തിലൊരു ആരോപണമുണ്ടായത് സുരേഷിനെ വളരെയധികം വേദനിപ്പിച്ചിരുന്നു.

കോടതി വിചാരണയിൽ ആരോപണം തെളിയാതെ വന്നപ്പോൾ, കേസ് തള്ളിപ്പോകുമെന്നും തനിക്ക് ജോലിയിൽ ഉടനെ പ്രവേശിക്കാമെന്നുമായിരുന്നു സുരേഷ് പ്രതീക്ഷിച്ചത്. എന്നാൽ, ആ പ്രതീക്ഷകളെയൊക്കെ അട്ടിമറിച്ചുകൊണ്ടായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം തുടരുമെന്ന വിവരം ജനറൽ മെഡിക്കൽ കൗൺസിൽ ഈ മെയിൽ വഴി ഡോ. സുരേഷിനെ അറിയിച്ചത്. ഇത് സുരേഷിനെ മാനസികമായി ഏറെ തളർത്തി എന്ന് ഭാര്യ പറയുന്നു.

പരാതിയിൽ മതിയായ തെളിവുകളില്ലാതെ കേസ് ക്രൗൺ പ്രോസിക്യുഷൻ സർവ്വീസിന് വിടുകയില്ലെന്ന് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റ് ഉറപ്പുനൽകിയിരുന്നതായും ഡോ. സുരേഷിന്റെ ഭാര്യ പറയുന്നു. ഏപ്രിൽ 30 ന് തങ്ങൾ പൊലീസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന വിവരം ട്രസ്റ്റ് സുരേഷിനെ അറിയിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് മെയ്‌ 1 ന് ഈ മെയിൽ വിലാസം സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു സന്ദേശം സുരേഷിന് എൻ എച്ച് എസ് ട്രസ്റ്റിൽ നിന്നും ലഭിച്ചു, അതിനു പിന്നാലെ മെയ്‌ രണ്ടിന് അന്വേഷണവുമായി മുന്നോട്ട് പോകുന്നു എന്ന അറിയിപ്പും ലഭിക്കുകയായിരുന്നു.

ജനറൽ മെഡിക്കൽ കൗൺസിൽ അന്വേഷണവുമായി മുന്നോട്ട് പോവുകയാണെങ്കിൽ അത് വർഷങ്ങളോളം നീണ്ടുനിൽക്കുമെന്നും അത് തന്റെ സത്പേരിനെ ബാധിക്കുമെന്നും സുരേഷ് ഭയപ്പെട്ടിരുന്നതായി ഭാര്യ പറയുന്നു. സുരേഷ് ശരിക്കും ഒറ്റപ്പെട്ടുപോയെന്നും ഈ ആധിയാണ് സുരേഷിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നുമാണ് ഭാര്യ ആരോപിക്കുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഒരു ഈ മെയിൽ ഭാര്യയ്ക്ക് അയച്ചതിനുശേഷമാണ് ഡോ. സുരേഷ് ആത്മഹത്യ ചെയ്യുന്നത്.

നല്ലൊരു ഭർത്താവും അതിലുപരി, തന്റെ കടമകൾ കൃത്യമായി നിർവഹിച്ചിരുന്ന ഡോക്ടറുമായ തന്റെ ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി ജനറൽ മെഡിക്കൽ കൗൺസിലാണെന്ന് ആരോപിച്ച് ഭാര്യ വിശാലക്ഷ്മി രംഗത്തെത്തി. ഒപ്പം എൻ എച്ച് എസ് ട്രസ്റ്റിനെയും കുറ്റപ്പെടുത്തുന്നുണ്ട്. അവരുടെ അവഗണനയും കാര്യങ്ങൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തതുമാണ് ഡോ. സുരേഷിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് നിയമനടപടികൾ സ്വീകരിച്ചിരിക്കുകയാണ് വിശാലക്ഷ്മി.

മനുഷ്യാവകാശ നിയമത്തിലെ ജീവിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്ന ആർട്ടിക്കിൾ 2 പ്രകാരമാണ് എൻ എച്ച് എസിനും ജി എം സിക്കും എതിരെ ഡോക്ടറുടെ ഭാര്യ നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസ്സോസിയേഷനും സ്ഥിരീകരിച്ചു. വേണ്ട സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ട്രസ്റ്റ് മുതിരാതിരുന്നതാണ് ആത്മഹത്യക്ക് കാരണമായതെന്ന് ആരോപിച്ച ബി എം എ ഇക്കാര്യത്തിൽ വിശാലക്ഷ്മിക്ക് എല്ലാ പിന്തുണയും നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.