കൊട്ടിയൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച കൊട്ടിയൂർ പീഡനക്കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പീഡനത്തിന്  ഇരയാക്കിയ പെൺക കുട്ടിയെ വിവാഹം കഴിക്കാനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്  പെൺകുട്ടിനൽകിയ ഹർജിയാണ് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച്  പരിഗണിക്കുന്നത്. ഹർജിയിലെ പ്രധാന ആവശ്യമെന്തെന്ന് വെളിപ്പെടുത്താൻ ഇവർക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ തയ്യാറായിട്ടില്ല. പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുൻ വൈദികനായ റോബിൻ വടക്കുംചേരിക്ക് ഇരുപത് വർഷം കഠിനതടവും, മൂന്നുലക്ഷം രൂപ പിഴയുമാണ് തലശേരിയിലെ വിചാരണക്കോടതി വിധിച്ചത്. 2016ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിലിൽ പ്രാർത്ഥനയ്ക്കായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. ഇതിനിടെ പെൺകുട്ടി ഗർഭിണിയായതിന്റെ ഉത്തരവാദിത്തം പിതാവിൽ ചുമത്തി കേസ് ഒതുക്കിത്തീർക്കാൻ പ്രതിയുടെ ഭാഗത്തുനിന്നും ശ്രമമുണ്ടായിരുന്നു. പെൺകുട്ടി ഉൾപ്പെടെയുള്ളവർ നിരവധി തവണ മൊഴി മാറ്റി പറഞ്ഞ കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് റോബിനച്ചനെ വൈദികവൃത്തിയിൽ നിന്നും സഭ പുറത്താക്കിയിരുന്നു.