- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക രക്തദാതാ ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു
തിരുവനന്തപുരം: ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. രക്തദാനത്തിന്റെ ആവശ്യകത, അതിന്റെ മഹത്വം, അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന ഗുണപരമായ മാറ്റങ്ങൾ എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നടത്തുന്നതിനും കൂടുതൽ പേരെ രക്തദാനം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് രക്തദാതാ ദിനം ആചരിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിൽ രക്തദാതാക്കളായ ധാരാളം വീരനായകർ നമ്മുടെ ഇടയിലുണ്ട്. അവർ പേരറിയാത്ത എത്രയോ പേർക്ക് രക്തം ദാനം നൽകിയിട്ടുണ്ട്. ഇത് ഒരുപാട് ജീവനുകൾ രക്ഷിക്കുന്നതിന് കാരണമായി. ഒരുപാട് സംഘടനകൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. എല്ലാ രക്തദാതാക്കൾക്കും സല്യൂട്ട് അർപ്പിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 4 ലക്ഷം യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. എന്നാൽ ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാനത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഇത് നൂറു ശതമാനത്തിലേയ്ക്ക് ഉയർത്തുകയാണ് ലക്ഷ്യം. ഇതിനായി മുൻകൈയെടുക്കുന്ന സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയേയും, മറ്റ് സന്നദ്ധ രക്തദാന സംഘടനകളേയും അഭിനന്ദിക്കുന്നു. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ' എന്ന സന്ദേശം എല്ലാവരിലും എത്തിക്കാൻ ശ്രമിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റി പ്രസിഡന്റ് ലിഡാ ജേക്കബ്, സ്റ്റേറ്റ് നോഡൽ ബ്ലഡ് സെന്റർ ഡയറക്ടർ ഡോ. മായാ ദേവി തുടങ്ങിയവർ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഡയറക്ടറും കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രോജക്ട് ഡയറക്ടറുമായ ഡോ. ആർ. രമേഷ് സ്വാഗതവും ജോ. ഡയറക്ടർ രശ്മി മാധവൻ കൃതജ്ഞതയും പറഞ്ഞു.