ബുഡാപെസ്റ്റ്: യൂറോ കപ്പ് മത്സരത്തിൽ ഹംഗറിയെ വീഴ്‌ത്തി 'മരണ ഗ്രൂപ്പാ'യ ഗ്രൂപ്പ് എഫിൽ പോർച്ചുഗലിന് വിജയത്തുടക്കം.കളിയുടെ തുടക്കത്തിൽ മനോഹരമായ പ്രകടനം ഹംഗറി പുറത്തെടുത്തെങ്കിലും എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ ഹംഗറിയെ തൂത്തെറിയുകയായിരുന്നു. മത്സരത്തിൽ 83 മിനിറ്റും പോർച്ചുഗൽ ആധിപത്യം തുടർന്നപ്പോൾ കടുകട്ടി പ്രതിരോധം ഉയർത്തി ഹംഗറി കട്ടയ്ക്ക് പിടിച്ചു നിന്നു. ശേഷിച്ച സമയത്ത് മത്സരം കൈവിട്ടു പോവുകയും ഒൻപതു മിനിറ്റിനിടെ മൂന്നു ഗോളടിച്ചുകൂട്ടി ഹംഗറിയുടെ 'സമനില തെറ്റിച്ച്' പോർച്ചുഗൽ കടന്നാക്രമിച്ച് വീഴ്‌ത്തുകയായിരുന്നു.

തിരിച്ചടിക്ക് നേതൃത്വം നൽകി ഇരട്ടഗോളുമായി മുന്നിൽനിന്ന് പടനയിച്ചത് നായകൻ ക്രിസ്റ്റ്യനോ റൊണാൾഡോയായിരുന്നു. 87 (പെനൽറ്റി), 90പ്ലസ് ടു മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. 84ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയിലൂടെയാണ് പോർച്ചുഗൽ മുന്നിലെത്തിയത്. ഗോളിലേക്കുള്ള റാഫ സിൽവയുടെ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചെത്തിയത് ഗുറെയ്റോയുടെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ താരം പന്ത് വലയിലെത്തിച്ചു.

യൂറോ കപ്പിൽ ഒരു മത്സരത്തിന്റെ അവസാന 10 മിനിറ്റിൽ മൂന്നു ഗോളടിക്കുന്ന ആദ്യ ടീമാണ് പോർച്ചുഗൽ. മത്സരത്തിൽ പോർച്ചുഗലിന്റെ ആദ്യ രണ്ടു ഗോളുകൾക്കിടയിലെ ഇടവേള വെറും 177 സെക്കൻഡുകൾ മാത്രം. ഗോൾ വീണതോടെ ഹംഗറിയുടെ മനോവീര്യം കുറഞ്ഞു. 86-ാം മിനിറ്റിൽ റാഫ സിൽവയുടെ മുന്നേറ്റം തടഞ്ഞ വില്ലി ഒർബാന് പിഴച്ചു. പോർച്ചുഗലിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. 87-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാൾഡോ പോർച്ചുഗലിന്റെ ലീഡുയർത്തി.

പിന്നാലെ ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ റാഫ സിൽവയുമൊത്തുള്ള മുന്നേറ്റത്തിനൊടുവിൽ റോണോ തന്റെ രണ്ടാം ഗോളും കണ്ടെത്തി. മരണ ഗ്രൂപ്പായ എഫിൽ ഹംഗറിക്കെതിരേ നേടിയ വിജയം പോർച്ചുഗലിന് മുൻതൂക്കം നൽകും. മത്സരത്തിൽ ഇരട്ടഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരുപിടി റെക്കോർഡുകളും സ്വന്തം പേരിലാക്കി. പോർച്ചുഗലിനായി ഒരു പ്രധാന ടൂർണമെന്റിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരമായി റൊണാൾഡോ മാറി. ഹംഗറിക്കെതിരെ ഇരട്ടഗോൾ നേടുമ്പോൾ റൊണാൾഡോയുടെ പ്രായം 36 വർഷവും 130 ദിവസവുമാണ്. റൊണാൾഡോ പിന്നിലാക്കിയത് 2018ലെ റഷ്യൻ ലോകകപ്പിൽ 35 വർഷവും 124 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ സഹതാരം പെപ്പെയെ!

യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡും റൊണാൾഡോ സ്വന്തമാക്കി. അഞ്ച് ടൂർണമെന്റുകളിലായി റൊണാൾഡോയുടെ ഗോൾനേട്ടം പതിനൊന്നിലെത്തി. യുവേഫ മുൻ തലവൻ കൂടിയായ ഫ്രാൻസിന്റെ മുൻ താരം മിഷേൽ പ്ലാറ്റിനിയുടെ റെക്കോർഡാണ് റൊണാൾഡോ തിരുത്തിയത്. 1984ലെ യൂറോ കപ്പിൽ മാത്രമായി ഒൻപതു ഗോളാണ് പ്ലാറ്റിനി നേടിയത്. രാജ്യാന്തര ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾനേട്ടം ഈ ഇരട്ടഗോളോടെ 106 ആയും ഉയർന്നു. എക്കാലത്തെയും മികച്ച ഗോൾ സ്‌കോററെന്ന നേട്ടത്തിനൊപ്പമെത്താൻ റൊണാൾഡോയ്ക്ക് വേണ്ടത് നാലു ഗോളുകൾ മാത്രം.