പാലക്കാട്: കോവിഡ് മൂലം അച്ഛനമ്മമാർക്കരുകിൽ എത്താൻ കഴിയാതെ വിഷമിക്കുകയായിരുന്നു ജൊഹാനയും എഫ്രേമും. ഓസ്‌ട്രേലിയയിലുള്ള അച്ഛനും അമ്മയ്ക്കും അടുത്തെത്താൻ ഒന്നര വർഷത്തിന് ശേഷം ലിന്റ എന്ന നഴ്‌സ് വഴിയൊരുക്കിയപ്പോൾ അത്യുത്സാഹത്തിലായിരുന്നു ഇരുവരും വിമാനം കയറിയത്.

ഓസ്‌ട്രേലിയയ്ക്കുള്ള യാത്രയ്ക്കിടെ ആകാശത്തു വച്ചാണ്, ഒപ്പമുണ്ടായിരുന്ന ലിന്റ എയർഹോസ്റ്റസിനോട് എഫ്രേമിന്റെ അഞ്ചാം പിറന്നാളാണെന്നു പറഞ്ഞത്. വിമാനം ഉടൻ ആഘോഷവീടായി. മധുരം നൽകി എല്ലാവരും അവന് ആശംസ പാടി. വിമാനം സിഡ്‌നിയിലിറങ്ങിയപ്പോൾ അവനു മുന്നിൽ പിറന്നാൾ സമ്മാനമായി അമ്മയും അച്ഛനുമെത്തുകയും ചെയ്തു.

ലോക്ഡൗൺ മൂലം ഒന്നര വർഷമായി കേരളത്തിലെ തറവാട്ടിലായിരുന്ന രണ്ടു കുട്ടികളാണ് ഓസ്‌ട്രേലിയയിൽ മാതാപിതാക്കളുടെ അടുത്തെത്തിയത്. മെൽബണിൽ താമസിക്കുന്ന കോട്ടയം പാലാ പൈങ്കുളം ടോം ജോസ് ജോയ്‌സി ദമ്പതികളുടെ മകൻ എഫ്രേം, സിഡ്‌നിയിലുള്ള പാലക്കാട് കാവിൽപാട് ദിലിൻ -ദൃശ്യ ദമ്പതികളുടെ മകൾ ജൊഹാന എന്നിവരാണു ഓസ്‌ട്രേലിയയ്ക്ക് തിരികെപ്പോയത്.

ദിലിനും ദൃശ്യയും അഞ്ചു വയസ്സുകാരി ജൊഹാനയുമായി 2020 ജനുവരിയിലാണു ഒലവക്കോട്ടെ വീട്ടിലെത്തിയത്. കുട്ടിയെ മുത്തച്ഛൻ എൽദോയ്ക്കും മുത്തശ്ശി സൂസനുമൊപ്പം നിർത്തി മടങ്ങിയ ഇവർ ഒരു മാസം കഴിഞ്ഞു തിരികെ കൊണ്ടുപോകാമെന്നാണു കരുതിയത്. അപ്പോഴേക്കും ലോക്ഡൗൺ വന്നു.

ജൊഹാനയെക്കുറിച്ചു 'മനോരമ' വാർത്ത പ്രസിദ്ധീകരിച്ചതിനെത്തുടർന്നു രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പ്, ഓസ്‌ട്രേലിയയ്ക്കു പോകുന്നവരുണ്ടെങ്കിൽ ഇവിടെ കുടുങ്ങിക്കിടക്കുന്ന കുട്ടികളെ കൊണ്ടുപോകാൻ തയാറുണ്ടോ എന്ന അന്വേഷണം തുടങ്ങി. അവധി കഴിഞ്ഞു സിഡ്‌നിയിലേക്കു മടങ്ങുന്ന നഴ്‌സ് ഏറ്റുമാനൂർ സ്വദേശി ലിന്റ തയാറായതോടെയാണു രണ്ടു കുട്ടികൾക്കും യാത്രാവഴി തെളിഞ്ഞത്. 14 കുട്ടികളെ ഇതിനോടകം ഓസ്‌ട്രേലിയയിലെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു.