ബെംഗളൂരു: വാഹനാപകടത്തിൽ മരിച്ച കന്നഡ നടൻ സഞ്ചാരി വിജയ്ക്ക് (38) കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി സിനിമാ ലോകം. ശനിയാഴ്ച രാത്രി വൈകിയുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ വിജയ് ഇന്നലെ പുലർച്ചെയാണു മരിച്ചത്. മൃതദേഹം ജന്മനാടായ ചിക്കമഗളൂരൂ കഡൂരിലെ പഞ്ചനഹള്ളിയിൽ സുഹൃത്തിന്റെ കൃഷിയിടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

ദേശീയ പുരസ്‌കാര നിറവിലും താരപ്പകിട്ടില്ലാതെ ബെംഗളൂരുവിലെ ഒറ്റമുറി വാടക വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ സഞ്ചാരി വിജയ് ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിച്ച താരമാണ്. ചെറുപ്പത്തിലേ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട വിജയ് ജീവിത മാർഗം തേടിയാണ് ബെംഗളൂരുവിൽ എത്തിയത്. ഹോട്ടലിലും ബേക്കറിയിലും മറ്റും ജോലി ചെയ്ത് എൻജിനീയറിങ് പഠനം പൂർത്തിയാക്കി. കംപ്യൂട്ടർ സയൻസ് അദ്ധ്യാപക ജോലി ചെയ്യുന്നതിനിടെ നാടക ഗ്രൂപ്പായ 'സഞ്ചാരി'യിൽ ചേർന്നതു വഴിത്തിരിവായി.

10 വർഷം മുൻപു രംഗപ്പ ഹോഗ്‌ബിട്ടിന എന്ന സിനിമയിൽ സഹനടനായി അരങ്ങേറ്റം. കില്ലിങ് വീരപ്പൻ, നത്തിച്ചരാമി, ഒഗ്ഗരംഗെ, കൃഷ്ണ തുളസി, വില്ലൻ, അല്ലമ്മ, വർത്തമാന, സിപായി തുടങ്ങി ഒരുപിടി ചിത്രങ്ങൾ. 2015ൽ 'നാനു അവനല്ല, അവളു' എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അഭിനയിച്ചു. 2020ൽ പുറത്തിറങ്ങിയ ആക്ട് 1978 ആണ് അവസാനം പ്രദർശനത്തിനെത്തിയ ചിത്രം.