- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗം കണ്ടെത്താൻ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പോസ്റ്റ് കോവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ലോകമെമ്പാടുമുള്ള പല പഠനങ്ങളിലും കോവിഡ് മുക്തരായ രോഗികളുടെ ശരീരത്തിൽ സജീവമാകാതെ കിടക്കുന്ന ക്ഷയ രോഗാണുക്കൾ സജീവമാകാനുള്ള സാധ്യത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് മുക്തരായ പത്തോളം പേർക്ക് ക്ഷയരോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മൂലമുണ്ടാകുന്ന താൽക്കാലിക രോഗപ്രതിരോധ ശേഷിക്കുറവും ശ്വാസകോശത്തിലെ വീക്കവും ക്ഷയരോഗത്തിലേക്ക് നയിച്ചേക്കാം. പോസ്റ്റ് കോവിഡ് ശ്വസന രോഗങ്ങളുടെ ലക്ഷണങ്ങൾ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ ക്ഷയരോഗ നിർണയത്തിലെ കാലതാമസം വരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കോവിഡ് മുക്തരായ രോഗികളിൽ ക്ഷയരോഗമുള്ളവരെ കണ്ടെത്താനാണ് മർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മുക്തരായവരിൽ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ ഉണ്ടെന്നുകണ്ടാൽ ക്ഷയരോഗമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. എല്ലാ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിലും ടിബി സ്‌ക്രീനിങ് നടപ്പിലാക്കും. പോസ്റ്റ് കോവിഡ് ക്ലിനിക്കുകളിൽ വരുന്ന എല്ലാ രോഗികൾക്കും അവബോധം നൽകുന്നതാണ്. 2 ആഴ്ചയിൽ കൂടുതലുള്ള ചുമ, രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി, രാത്രികാലങ്ങളിലെ വിയർപ്പ്, ഭാരം കുറയൽ, നെഞ്ചുവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ വ്യക്തികളെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയരാക്കുകയും നാറ്റ് പരിശോധകൾ നടത്തുകയും ചെയ്യും.
ശ്വാസകോശ ലക്ഷണങ്ങളുള്ള കോവിഡ് മുക്തരായ രോഗികളെ ടെലി കൺസൾട്ടേഷനിലൂടെ കണ്ടെത്തുകയാണെങ്കിൽ അവരെയും ക്ഷയ രോഗപരിശോധനക്ക് വിധേയരാക്കും. കിടത്തിചികിത്സ ആവശ്യമായിവരുന്ന കോവിഡ് രോഗികളെ എൻടിഇപി അംഗങ്ങൾ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമെങ്കിൽ അവരെ ക്ഷയരോഗ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നതാണ്.