ഓസ്റ്റിൻ: ടെക്സസ് മുൻ സുപ്രീം കോടതി ജഡ്ജി ഇവ ഗുസ്മാൻ റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറിയിൽ നിലവിലുള്ള ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സറ്റനെതിരെ മത്സരിക്കുന്നു.ഇതു സംബന്ധിച്ചു ആവശ്യമായ രേഖകൾ ടെക്സസ് എത്തിക്സ് കമ്മീഷന് ഗുസ്മാൻ സമർപ്പിച്ചു. ഗുസ്മാന്റെ തിരഞ്ഞെടുപ്പ് ക്യാമ്പയ്ൻ ട്രഷററായി ഒർലാന്റ് സലാസറിനേയും നിയമിച്ചിട്ടുണ്ട്. റിപ്പബ്ലിക്കൻ നാഷ്ണൽ ഹിസ്പാനിക്ക് അസംബ്ലി വൈസ് ചെയർ കൂടിയാണ് ഒർലാന്റൊ.

ടെക്സസ് സംസ്ഥാന സുപ്രീം കോർട്ടിൽ 2009 മുതൽ ജഡ്ജിയായി പ്രവർത്തിച്ചുവരികയായിരുന്നു. അന്നത്തെ ഗവർണറായിരുന്ന റിക്ക് പെറിയാണ് ടെക്സസ് സുപ്രീം കോടതിയിൽ ആദ്യ ഹിസ്പാനിക്ക് വനിത ജഡ്ജിയായി ഗുസ്മാനെ നിയമിച്ചത്.

അറ്റോർണി ജനറൽ മത്സരത്തിനു വേണ്ടി ഒരാഴ്ച മുമ്പാണ് ഈവ ഗുസ്മാൻ സുപ്രീം കോടതി ജഡ്ജി സ്ഥാനം രാജിവെച്ചത്. അടുത്ത വർഷം വരെ ജഡ്ജിയായി തുടരുന്നതിനുള്ള അവസരം ഉപേക്ഷിച്ചാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ ഇവർ തീരുമാനിച്ചത്.നിലവിലുള്ള അറ്റോർണി ജനറലിനെതിരെ മത്സരിക്കുന്നതിന് ലാന്റ് കമ്മീഷ്ണറായ ജോർജ് പി. ബുഷും രംഗത്തുണ്ട്.

കെൽപാക്സ്റ്റനും, ജോർജ്ജ് ബുഷും തനിക്ക് ഇഷ്ടപ്പെട്ട വ്യക്തികളാണെന്ന് ട്രമ്പ് നേരത്തെ പറഞ്ഞിരുന്നു. ഗുസ്മാൻ കൂടി രംഗത്തെത്തിയതോടെ ഡൊണാൾഡ് ട്രമ്പിന്റെ പിന്തുണ ആർക്ക് ലഭിക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഡെമോക്രാറ്റിക് പ്രൈമറിയിൽ സിവിൽ റൈറ്റ്സ് അറ്റോർണി ലിമെറിറ്റ് നാമനിർദ്ദേശപത്രിക നൽകി കഴിഞ്ഞു.