- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്ന് സഞ്ചാരികളെ ടിയാൻഹെ ബഹിരാകാശ നിലയത്തിലെത്തിച്ച് ചൈന; മൂന്ന് മാസത്തേക്ക് ബഹിരാകശത്തെത്തിയ യാത്രികരുടെ പ്രധാന ദൗത്യം ടിയാങ്‌ഗോങ് നിലയത്തിന്റെ തുടർനിർമ്മാണം: ഉറ്റുനോക്കി ലോകരാജ്യങ്ങൾ
ബെയ്ജിങ്: ചൈന മൂന്ന് സഞ്ചാരികളെ ടിയാൻഹെ ബഹിരാകാശ നിലയത്തിലെത്തിച്ചു. ചൈനയുടെ സ്വപ്നപദ്ധതിയായ ടിയാങ്‌ഗോങ് ബഹിരാകാശ സ്റ്റേഷന്റെ കേന്ദ്രഭാഗമാണ് (കോർ മൊഡ്യൂൾ) ടിയൻഹെ നിലയം. നൈ ഹെയ്‌ഷെങ് (56), ലിയു ബോമിങ് (54), ടാങ് ഹോങ്‌ബോ (45) എന്നിവരാണു യാത്രികർ. ഇവർ നിലയത്തിൽ 3 മാസം താമസിക്കും.
ചൈനയിലെ ഗോബി മരുഭൂമിയിൽ നിന്നും ഇന്നലെ രാവിലെയാണ് ഷെൻസു12 പേടകത്തിലേറി സഞ്ചാരികൾ ടിയാൻഹുവിലേക്ക് പറന്നുയർന്നത്. ലോങ് മാർച്ച് 2 എഫ് റോക്കറ്റായിരുന്നു വിക്ഷേപണ വാഹനം. പുറപ്പെട്ട് ആറര മണിക്കൂറിനു ശേഷം പേടകം ടിയൻഹെ നിലയവുമായി ബന്ധിപ്പിച്ചു. ടിയാങ്‌ഗോങ് നിലയത്തിന്റെ തുടർനിർമ്മാണമാണ് മൂവർ സംഘത്തിന്റെ പ്രധാനദൗത്യം. 2003 ലാണ് ആദ്യ ചൈനീസ് സഞ്ചാരി ബഹിരാകാശത്തെത്തിയത്. ഇതിനു ശേഷം ഇതുവരെ 11 ചൈനക്കാർ കൂടി ഇവിടെയെത്തി.
'ഹെവൻലി പാലസ്' എന്നു വിളിപ്പേരുള്ള ടിയാങ്‌ഗോങ് ദൗത്യം ഘട്ടംഘട്ടമായാണു പൂർത്തീകരിക്കുക. ഇതിന്റെ ആദ്യ മൊഡ്യൂളായ ടിയൻഹെ കഴിഞ്ഞ ഏപ്രിൽ 29 നാണു ബഹിരാകാശത്തെത്തിയത്. ഇനി 11 വിക്ഷേപണങ്ങളിലൂടെ വിവിധ മൊഡ്യൂളുകൾ ഇവിടെയെത്തിച്ച് ടിയൻഹെയുമായി കൂട്ടിച്ചേർക്കും.
അടുത്ത വർഷം പൂർത്തിയാക്കുന്നതോടെ സ്വന്തമായി സ്‌പേസ് സ്റ്റേഷനുള്ള ഏക രാജ്യമാകും ചൈന. 340-450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് 66,000 കിലോ ഭാരമുള്ള ബഹിരാകാശ സ്റ്റേഷൻ സ്ഥിതി ചെയ്യുക. 10 വർഷം പ്രവർത്തിക്കും.
ആശങ്കയായി റോബട്ടിക് കൈ?
ടിയൻഹെ സ്‌പേസ് സ്റ്റേഷന്റെ ഭാഗമായുള്ള റോബട്ടിക് കൈ, യുഎസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. ഭൂമിയിൽ നിന്നു പിന്നീടു കൊണ്ടുപോകുന്ന മൊഡ്യൂളുകളെ കേന്ദ്രഭാഗത്തേക്ക് വലിച്ചടുപ്പിക്കാനാണ് നിലവിൽ ഇത് ഉപയോഗിക്കുക. 20,000 കിലോ വരെയുള്ള ഭാഗങ്ങൾ പിടിച്ചുവലിക്കാൻ ഇതിനു ശേഷിയുണ്ട്.
എന്നാൽ, ഭാവിയിൽ ഇത് മറ്റു രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെയും പേടകങ്ങളെയും വലിച്ചടുപ്പിച്ച് നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാകാമെന്നു ചില നിരീക്ഷകർ സംശയിക്കുന്നു. ബഹിരാകാശ യുദ്ധത്തിനുള്ള ചൈനീസ് ശ്രമമാകാം ഇതെന്നും ആശങ്കയുണ്ട്.