- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനിവിന്റെ കരങ്ങൾ കൈകോർത്തപ്പോൾ ദേവേഷ് അച്ഛനടുത്തേക്ക് യാത്രയായി; കോവിഡ് ബാധിച്ച് അമ്മ മരിച്ചപ്പോൾ ദുബായിൽ തനിച്ചായ കുഞ്ഞ് നാടണഞ്ഞു
ദുബായ്: മാതാവ് കോവിഡ് ബാധിച്ച് മരിച്ചപ്പോൾ ദുബായിൽ തനിച്ചായ പത്ത് മാസം പ്രായമുള്ള തമിഴ്‌നാട് സ്വദേശിയായ ബാലൻ ദേവേഷ് നാടണഞ്ഞു. ഇന്നലെ രാവിലെ 11.45നുള്ള ഇൻഡിഗോ വിമാനത്തിലാണ് ദേവേഷ് തിരുച്ചിറപ്പള്ളിയിലേക്ക് യാത്രയായത്. സാമൂഹിക പ്രവർത്തകനും ഡിഎംകെ യുഎഇ പ്രസിഡന്റുമായ എസ്.എസ്. മീരാൻ, മലയാളി സാമൂഹിക പ്രവർത്തകരായ അബ്ദുൽ നാസർ, മുഹമ്മദ് എന്നിവരാണ് കുട്ടിയെ ആക്കുന്നതിന് നേതൃത്വം നൽകിയത്. മീരാന്റെ ജീവനക്കാരനാണ് കുട്ടിയോടൊപ്പം നാട്ടിലേയ്ക്ക് തിരിച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും സാമൂഹിക പ്രവർത്തകരും കൈകോർത്തതാണ് വളരെ പെട്ടെന്ന് തന്നെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായത്. കുട്ടിക്കും നാട്ടിലുള്ള സഹോദരനും സാമൂഹിക പ്രവർത്തകർ പുതിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ചോക്കലേറ്റുകളുമെല്ലാം സമ്മാനിച്ചു. കൂടാതെ, വീട്ടിലേയ്ക്കുള്ള അവശ്യവസ്തുക്കളും സമ്മാനിച്ചു.
ചൈൽഡ് പ്രൊട്ടക്ട് ടീം യുഎഇ പ്രസിഡന്റ് നാസർ ഒളകര, സെക്രട്ടറി ഷഫീൽ കണ്ണൂർ, മുഖ്യ രക്ഷാധികാരി മഹമൂദ് പറക്കാട്ട്, സാമൂഹിക പ്രവർത്തകനും ഗായകനുമായ യുസുഫ് കാരക്കാട് എന്നിവരടക്കം ഒട്ടേറെ പേർ കുട്ടിയെ യാത്രയയക്കാൻ വേണ്ടി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു. ഇവരെല്ലാം ചേർന്ന് ഭാരതിയുടെ മരണ ശേഷം ദേവേഷിനെ സംരക്ഷിച്ച കൂട്ടുകാരി ജെറീനാ ബീഗത്തെയും വാസന്തിയെയും ആദരിച്ചു.
കഴിഞ്ഞ മാസം 29 നാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളി കല്ലാകുറിച്ചി സ്വദേശിനി ഭാരതി(40) ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്. മരിക്കുന്നതിന് ഒരു മാസം മുൻപാണ് ഭാരതി പത്ത് മാസം പ്രായമുള്ള കുഞ്ഞുമായി ജോലി തേടി യുഎഇയിലെത്തിയത്. കൂട്ടുകാരിയും തമിഴ്‌നാട്ടുകാരിയുമായ ജെറീനാ ബീഗത്തിനോടൊപ്പമായിരുന്നു താമസം. ഇതിനിടെ കോവിഡ് ബാധിച്ച് ആശുപത്രിയിലാവുകയും മരിക്കുകയുമായിരുന്നു. ഇതോടെ വീട്ടുജോലി ചെയ്തു ജീവിക്കുന്ന ജെറീനാ ബീഗം ദേവേഷിന് സംരക്ഷണം നൽകി. കുട്ടിയെ വിട്ട് ജോലിക്ക് പോകാൻ പ്രയാസം നേരിട്ടപ്പോൾ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ സാമൂഹിക പ്രവർത്തകരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.
കുട്ടിയെക്കുറിച്ചുള്ള വിവരം വാർത്തയായതോടെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായ വാഗ്ദാനമുണ്ടായി. കുട്ടിയെ ഏറ്റെടുക്കാൻ തയാറാണെന്നും പലരും അറിയിച്ചതായി അബ്ദുൽ നാസർ പറഞ്ഞു. എന്നാൽ, സംഭവം ശ്രദ്ധയിൽപ്പെട്ട ദുബായിൽ ബിസിനസുകാരൻ കൂടിയായ എസ്.എസ്.മീരാൻ അബ്ദുൽ നാസർ, മുഹമ്മദ് എന്നിവരുമായി ചേർന്ന് ഇന്ത്യൻ കോൺസുലേറ്റിനെ ബന്ധപ്പെടുകയും അവർ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുകയുമായിരുന്നു. മകനെ ഏറ്റെടുക്കാൻ പിതാവ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തും.