കൊൽക്കത്ത: ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിലെ നിയമസഭ തിരഞ്ഞെടുപ്പു വിജയം ചോദ്യംചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പിൽ 1700 വോട്ടുകൾക്കാണ് മുൻ തൃണമൂൽ നേതാവു കൂടിയായ സുവേന്ദുവിനോട് മമത പരാജയപ്പെട്ടത്.

രാജ്യത്തെയാകെ മുൾമുനയിൽ നിർത്തി മെയ്‌ 2നായിരുന്നു വോട്ടെണ്ണൽ. അർധരാത്രി വരെ നീണ്ട വോട്ടെണ്ണലിൽ പലപ്പോഴും ഫലം മാറിമറിഞ്ഞു. മമത ജയിച്ചു എന്നുവരെ ഒരുഘട്ടത്തിൽ വാർത്തകൾ പുറത്തുവന്നിടത്താണ് മമതയുടെ പരാജയം. ആദ്യ പതിനൊന്നു റൗണ്ടിൽ സുവേന്ദുവിനെ പിന്നിലാക്കിയ മമത, പക്ഷേ അവസാന നാലു റൗണ്ടിൽ പരാജയം മണത്തു. ആറ് മുതൽ 11,000 വോട്ടുകൾക്കു വരെ സുവേന്ദു മുന്നേറ്റം പ്രകടിപ്പിച്ചു. ഒടുവിൽ ഫലം പുറത്തുവന്നപ്പോൾ സുവേന്ദു നന്ദിഗ്രാമിൽ വിജയക്കൊടി പാറിക്കുകയായിരുന്നു.

എന്നാൽ വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിൽ സെർവറുകൾ പ്രവർത്തനരഹിതമായിരുന്നെന്ന് പിറ്റേദിവസം മമത ആരോപിച്ചു. ഗവർണർ ആദ്യം തന്നെയാണ് അഭിനന്ദിച്ചതെന്നും പിന്നീട് പെട്ടെന്ന് കാര്യങ്ങൾ മാറിമറിഞ്ഞത് എങ്ങനെയെന്ന് അറിയില്ലെന്നും മമത പറഞ്ഞു. വോട്ടെണ്ണൽ കേന്ദ്രത്തിൽനിന്നു തിരഞ്ഞെടുപ്പ് ഓഫിസർക്കു നേരെ ഭീഷണികൾ ഉയർന്നിരുന്നെന്നും മമത മാധ്യമങ്ങളോട് പറഞ്ഞു.

റീക്കൗണ്ടിങ് നടത്തിയാൽ ജീവൻ അപകടത്തിലാകുമെന്നും കുടുംബം ഇല്ലാതാക്കുമെന്നുമടക്കമുള്ള ഭീഷണി സന്ദേശം റിട്ടേണിങ് ഓഫിസർക്ക് ലഭിച്ചു. അതിനാൽ റിക്കൗണ്ടിങ്ങിന് നിർദ്ദേശിക്കാനാകില്ലെന്ന് അദ്ദേഹം അയച്ച സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു.

നന്ദിഗ്രാമിൽ പരാജയപ്പെട്ടെങ്കിലും മമത ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയായിരുന്നു. ഭവാനിപുർ മണ്ഡലത്തിൽനിന്നു വീണ്ടും മമത ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. 2011ലും 2016ലും ഭവാനിപുരിലാണ് മമത മത്സരിച്ചത്. ആറുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വരും. മമത മന്ത്രിസഭയിൽ അംഗമായിരുന്ന സുവേന്ദു തിരഞ്ഞെടുപ്പ് തൊട്ടുമുൻപാണ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്നത്.