- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്മാർക്കിനെതിരായ കളിയുടെ പത്താം മിനിറ്റിൽ നിശബ്ദമായി എറിക്സണിനെ ആദരിച്ച് ബെൽജിയം; എണീറ്റ് നിന്ന് കൈയടിച്ച് കാണികൾ; ആദ്യ മാച്ചിൽ വീണുപോയ ഡാനിഷ് കളിക്കാരന് എതിരാളികൾ ആദരവൊരുക്കിയത് ഇങ്ങനെ
എതിരാളികളെ ആദരിക്കുകയും ബഹിമാനിക്കുകയും ചെയ്യുക എന്നതാണ് സ്പോർട്സ്മാൻ സ്പിരിറ്റിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഒന്ന്. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്നലെ ബെൽജിയവും ഡെന്മാർക്കും തമ്മിൽ നടന്ന കളിക്കിടയിൽ അത് അക്ഷരാർത്ഥത്തിൽ തന്നെ പ്രദർശിപ്പിക്കുകയായിരുന്നു ബെൽജിയം ടീം.
ഫിൻലാൻഡിനെതിരായ ആദ്യമാച്ചിൽ തന്നെ കളിക്കളത്തിൽ ഹൃദയാഘാതം വന്ന് വീണുപോയ ഡെന്മാർക്ക് കളിക്കാരൻ ക്രിസ്റ്റ്യൻ എറിക്സനെ ആദരിച്ചുകൊണ്ടായിരുന്നു ബെൽജിയം ടീം സ്പോർട്സ്മാൻ സ്പിരിറ്റ് പ്രദർശിപ്പിച്ചത്. കളിയുടെ പത്താം മിനിറ്റിൽ കളി നിർത്തിവച്ച് നിശബ്ദത പാലിച്ചുകൊണ്ടായിരുന്നു എറിക്സനെ അവർ ആദരിച്ചത്.
കളി ഫാഫ് ടൈമിനോട് അടുക്കുന്നതിനിടയിലായിരുന്നു പെട്ടെന്നുണ്ടായ ഹൃദയാഘാതം ക്രിസ്റ്റ്യൻ എറിക്സനെ വീഴ്‌ത്തിയത്. സഹകളിക്കാർ ഉടൻ തന്നെ എറിക്സനു ചുറ്റും ഒരു സംരക്ഷണ വലയം ഒരുക്കുകയും ടീം ഡോക്ടർമാരും സംഘവും ഗ്രൗണ്ടിലെത്തി പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തു. ഗ്രൗണ്ടിൽ വച്ചു തന്നെ എറിക്സന്റെ ഹൃദയത്തിന് ഷോക്ക് നൽകുവാൻ ഒരു ഡെഫെബ്രുിലേറ്റർ ഉപയോഗിക്കുകയും ചെയ്തിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എറിക്സൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ഫുട്ബോൾ ലോകം മുഴുവൻ എറിക്സനോടൊപ്പമുണ്ടെന്ന് അറിയിക്കുവാൻ ബെൽജിയം ടീം തീരുമാനിച്ചത്. പത്താം മിനിട്ടിൽ ബോൾ പുറത്തേക്ക് തട്ടിക്കളഞ്ഞ് അവർ നിശബ്ദത ആചരിക്കുകയായിരുന്നു. കോപ്പൻഹേഗനിലെ സ്റ്റേഡിയംതിങ്ങിനിറഞ്ഞിരുന്ന കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയടിച്ച് അവരും എറിക്സനോടൊപ്പമുണ്ടെന്ന് ഉദ്ഘോഷിച്ചു.
കളി ആരംഭിക്കുന്നതിനു മുൻപ് തന്നെ എറിക്സന് പിന്തുണ നൽകുവാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. അദ്ദേഹത്തിന്റെ പേരും നമ്പറും എഴുതിയ ഒരു വലിയ ഷർട്ട് കോപ്പൻഹേഗൻ സ്റ്റേഡിയത്തിൽ ഉയർത്തി. ഗാലറികളിൽ തടിച്ചുകൂടിയ ബെൽജിയം ആരാധകർ എറിക്സനു വേണ്ടി ആശംസ സന്ദേശങ്ങൾ എഴുതിയ ബാനറുകൾ ഉയർത്തിപ്പിടിച്ചിരുന്നു. മറ്റു ചിലർ എറിക്സൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നെഴുതിയ ടീഷർട്ടുകളും ധരിച്ചായിരുന്നു സ്റ്റേഡിയത്തിലെത്തിയത്.
സ്റ്റേഡിയത്തിൽ വച്ച് ഇലക്ട്രിക് ഷോക്ക് നൽകി എറിക്സന്റെ ഹൃദയത്തെ ഉത്തേജിപ്പിച്ച ജർമ്മൻ ഡോക്ടർ ജെൻസ് ക്ലീൻഫെൽഡ്, ബോധം വീണ്ടുകിട്ടിയതിനു ശേഷമുള്ള എറിക്സന്റെ വാക്കുകൾ ഓർമ്മിച്ചു. ഇലക്ട്രിക് ഷോക്ക് നൽകി 30 സെക്കന്റുകൾക്കകം എറിക്സന് ബോധം വീണു. അപ്പോൾ, നീ ഞങ്ങൽക്കൊപ്പം തിരിച്ചുവരില്ലെ എന്ന് ഡോക്ടർ ചോദിച്ചപ്പോൾ, നിങ്ങൾക്കൊപ്പം തന്നെയുണ്ട്, എനിക്ക് 29 വയസ്സേ ആയിട്ടുള്ളു എന്നായിരുന്നുവത്രെ എറിക്സന്റെ മറുപടി.
മറുനാടന് മലയാളി ബ്യൂറോ