ഗംഗാ നദിയിൽ ഒഴുകി നടന്ന മരപ്പെട്ടിയിൽ നിന്നും ജീവനുള്ള പെൺകുഞ്ഞിനെ കണ്ടെത്തി. കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ വള്ളക്കാരനായ ഗുല്ലു ചൗധരിയാണ് പെട്ടിക്കകത്ത് കിടക്കുന്ന പെൺകുഞ്ഞിനെ കണ്ടെത്തിയത്. ചുവന്ന തുണിയിൽ പൊതിഞ്ഞ ഹിന്ദു ദൈവത്തിന്റെ പടം കൊണ്ട് അലങ്കരിച്ച പെട്ടിയിലാണ് 21 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കിടത്തിയിരുന്നത്. നദിയിൽ നിന്നും തീരത്തേക്ക് പെട്ടി അടുപ്പിച്ച ശേഷം തുറന്നപ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്.

പെട്ടിക്കുള്ളിലെ കുഞ്ഞിനെ കണ്ട ഉടൻ തന്നെ കുഞ്ഞിനെ കൈകളിൽ കോരി എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുട്ടി ആരോഗ്യത്തോടെ ഇരിക്കുന്നതായും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതായുമാണ് വിവരം. കുട്ടിയെ സാമൂഹിക കേന്ദ്രത്തിലേക്ക് മാറ്റി.

കുട്ടിയുടെ കരച്ചിൽ കേട്ടെങ്കിലും പലരും അത് അവഗണിച്ചു പോയി, എന്നാൽ കുട്ടിയെ രക്ഷിക്കാനായി ചൗധരി ഓടി എത്തുക ആയിരുന്നു. കുട്ടിയെ ഒഴിക്കി വിട്ട പെട്ടിയിൽ കുട്ടിയുടെ ജാതകവും ജനന സമയവും ജനന തീയതിയും രേഖപ്പെടുത്തിയിരുന്നു. കുട്ടിയുടെ പേര് ഗംഗ എന്നും പെട്ടിയിൽ എഴുതി വച്ചിരുന്നു. കുട്ടി എങ്ങനെയാണ് വെള്ളത്തിൽ വന്നതെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.