ന്യൂഡൽഹി: ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപം 20,700 കോടി രൂപ ( 2.55 ബില്യൺ സ്വിസ് ഫ്രാങ്ക് ) കടന്നതായി റിപ്പോർട്ട്. സ്വിറ്റ്സർലാൻഡ് സെൻട്രൽ ബാങ്കിന്റെ വാർഷിക കണക്കിലാണ് ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്കുകളിലെ നിക്ഷേപം എത്രയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് വർഷത്തിനിടെ ഇന്ത്യക്കാരുടെ സ്വിസ് നിക്ഷേപം മൂന്നിരട്ടിയായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഉപഭോക്താക്കളുടെ പണനിക്ഷേപത്തിൽ കുറവുണ്ടെങ്കിലും കടപ്പത്രങ്ങൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയായി സ്വിസ് ബാങ്കുകളിലെ ഇന്ത്യക്കാരുടെ നിക്ഷേപം 13 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിൽ എത്തിയതായാണ് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച വാർഷിക കണക്ക് വ്യക്തമാക്കുന്നത്. ബാങ്കുകളുടെ ഇന്ത്യയിലുള്ള ശാഖകളിലൂടെയും മറ്റ് പണമിടപാട് സ്ഥാപനങ്ങളിലൂടെയുമുള്ള നിക്ഷേപവും ഇതിൽ ഉൾപ്പെടും.

2019-ന്റെ അവസാനത്തോടെ 899 ദശലക്ഷം സ്വിസ് ഫ്രാങ്ക്(6,625 കോടി രൂപ)ആയിരുന്ന ഇന്ത്യയിൽ നിന്നുള്ള ഇടപാടുകാരുടെ ആകെ നിക്ഷേപം. എന്നാൽ രണ്ട് കൊല്ലത്തിനിടെ വൻ വർധനവാണ് ഈ കണക്കിൽ ഉണ്ടായത്. 2020 അവസാനത്തോടെ നിക്ഷേപം 2554.7 മില്യൺ സ്വിസ് ഫ്രാങ്ക്(20,706 കോടി രൂപ) ആണെന്നാണ് സ്വിസ് നാഷണൽ ബാങ്ക് (എസ്എൻബി)അറിയിക്കുന്നത്. ഇതിൽ 503.9 മില്യൺ സ്വിസ് ഫ്രാങ്ക്(4,000 കോടിയിലധികം രൂപ) നേരിട്ടുള്ള നിക്ഷേപവും 383 മില്യൺ സ്വിസ് ഫ്രാങ്ക്(3,100 കോടിയിൽ പരം രൂപ)മറ്റ് ബാങ്കുകളിലുള്ള നിക്ഷേപവും രണ്ട് ദശലക്ഷം സ്വിസ് ഫ്രാങ്ക്(16.5 കോടി രൂപ) ട്രസ്റ്റുകളിലെ നിക്ഷേപവും കൂടാതെ ബോണ്ടുകൾ, സെക്യൂരിറ്റികൾ, മറ്റ് ഫിനാൻഷ്യൽ ഇൻസ്ട്രുമെന്റ്സ് എന്നിവയിലൂടെ 1,664.8 മില്യൺ സ്വിസ് ഫ്രാങ്ക്(ഏകദേശം 13,500 കോടി രൂപ)എന്നിങ്ങനെയാണ് നിക്ഷേപം.

അതേസമയം, 'കസ്റ്റമർ അക്കൗണ്ട് ഡെപോസിറ്റ്സ്, ട്രസ്റ്റുകൾ വഴിയുള്ള നിക്ഷേപം, മറ്റ് ബാങ്കുകളിലെ നിക്ഷേപം എന്നിവയിൽ കുത്തനെയാണ് ഇടിവ്. എന്നാൽ, ഇവയ്ക്കുപരിയായുള്ള ഇന്ത്യൻ നിക്ഷേപത്തിൽ 2019-ന്റെ അവസാനഘട്ടത്തിലുണ്ടായിരുന്ന 253 മില്യൺ സ്വിസ് ഫ്രാങ്കിനേക്കാൾ ആറ് മടങ്ങ് വർധനവാണ് ഉണ്ടായിരിക്കുന്നത്. മറ്റു ബാങ്കുകൾ കൈമാറിയ കണക്കുകൾ അടിസ്ഥാനമാക്കി എൻഎൻബി തയ്യാറാക്കിയ വാർഷിക റിപ്പോർട്ടാണിത്. ഇന്ത്യൻ നിക്ഷേപകർക്ക് സ്വിസ് ബാങ്കുകളുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണ ഇടപാടുകളുടെ ആരോപണങ്ങൾക്കുള്ള വിശദീകരണം ഈ കണക്കുകളിൽ ഉൾപ്പെടുന്നില്ല.

ഇന്ത്യയിൽനിന്ന് നേരിട്ടുള്ള നിക്ഷേപം നടത്താത്ത ഇന്ത്യക്കാരോ എൻ.ആർ.ഐകളോ ഈ കണക്കിൽ ഉൾപ്പെടുന്നില്ല. ഇന്ത്യക്കാരായ വ്യക്തികളിൽനിന്നോ ബാങ്കുകളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ ഇന്ത്യയിലുൾപ്പടെയുള്ള സ്വിസ് ബാങ്ക് ശാഖകളിൽനിന്ന് ലഭിച്ച കണക്കുകളാണിതെന്ന് എസ്എൻബി വ്യക്തമാക്കിയിട്ടുണ്ട്. നിക്ഷേപം മാത്രമല്ല, സ്വിസ് ബാങ്കുകളിൽനിന്നുള്ള വായ്പാകണക്കിലും ഏഴ് ശതമാനത്തോളം ഉണർവുണ്ടായതായാണ് സൂചന.