ഓസ്റ്റിൻ: വേണ്ടത്ര പരിശീലനമോ, ലൈസെൻസോ, ഇല്ലാതെ പൊതുസ്ഥലങ്ങളിൽ ഹാൻഡ്ഗൺ കൊണ്ടുപോകുന്നതിന് അനുമതി നൽകുന്ന ബില്ലിൽ ജൂൺ 16 ബുധനാഴ്ച ഗവർണ്ണർ ഗ്രേഗ് ഏബട്ട് ഒപ്പുവെച്ചു.

ഹൗസ് ബിൽ 1927 ന് വിധേയമായി ഫെഡറൽ നിരോധിത സ്ഥലങ്ങളിലോ, സംസ്ഥാന നിരോധിത സ്ഥലങ്ങളിലോ ഒഴികെ എവിടെയും തോക്ക് കൊണ്ടു നടക്കുന്നതിനുള്ള അനുമതിയാണ് ഇതോടെ ലോൺ സ്റ്റാർ സ്റ്റേറ്റ് പൗരന്മാർക്ക് ലഭിച്ചിരിക്കുന്നത്.

തോക്ക് ആവശ്യമാണെന്ന് വാദിക്കുന്ന ഗൺ റൈറ്റ്സ് ഗ്രൂപ്പിന്റെ വൻ വിജയമാണിതെന്ന് അവർ അവകാശപ്പെടുമ്പോൾ തന്നെ സംസ്ഥാനത്തു ഗൺ വയലൻസ് വർദ്ധിക്കാനെ പുതിയ ഉത്തരവ് ഉപകരിക്കൂ എന്ന് ബില്ലിനെ എതിർക്കുന്നവരും വാദിക്കുന്നു.

21 വയസ്സിനു മുകളിലുള്ള ആർക്കും തോക്ക് കൈവശം വക്കാം എന്നുള്ളത് ഭയാശങ്കകൾ വർദ്ധിക്കുന്നതായി പുതിയ ഉത്തരവിനെ എതിർക്കുന്നവർ പറയുന്നു.ടെക്സസ് സംസ്ഥാനത്തു ഭരണഘടന അനുവദിക്കുന്ന അവകാശമാണ് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് ഗവർണ്ണർ അഭിപ്രായപ്പെട്ടു.

ടെക്സസ് സെനറ്റ് ഈ ബിൽ പാസ്സാക്കുന്നതിന് നിരവധി ഭേദഗതികൾ ചർച്ച ചെയ്തുവെങ്കിലും ഭൂരിപക്ഷ അംഗങ്ങളും നിബന്ധനകൾ ഇല്ലാതെ ഹാൻഡ് ഗൺ കൈവശം വയ്ക്കാമെന്ന് വാദിക്കുകയായിരുന്നു.

പെർമിറ്റില്ലാതെ തോക്ക് കൈവശം വയ്ക്കാം എന്നതിനെ ഭൂരിപക്ഷം ടെക്സസ് വോട്ടർമാരും എതിർക്കുന്നതായാണ് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് നടത്തിയ സർവേ ചൂണ്ടികാട്ടിയിരുന്നത്. മാസ് ഷൂട്ടിങ് വർദ്ധിച്ചുവരുന്നതിനിടയിൽ പുതിയ ഉത്തരവ് എങ്ങനെ ബാധിക്കുമെന്നുള്ളതു പ്രവചനാതീതമാണ്.