- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ അക്കൗണ്ടിൽ കയറി വിദ്യാർത്ഥി നിരന്തരം ഓൺലൈൻ ഗെയിം കളി; ആലുവയിൽ 'ഫ്രീഫയർ'കളി ലഹരിയിൽ നഷ്ടപ്പെടുത്തിയത് മൂന്നുലക്ഷത്തോളം രൂപ; നാൽപത് മുതൽ നാലായിരം രൂപ വരെ ഒരുസമയം ചാർജ് ചെയ്ത് കളി; വീട്ടുകാർ വിവരം അറിഞ്ഞത് പൊലീസിൽ പരാതി കൊടുത്തപ്പോൾ
ആലുവ: ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർത്ഥിയുടെ അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് കളഞ്ഞത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് വന്ന പരാതി അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലായത്.
അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെട്ടെന്നായിരുന്നു വീട്ടമ്മയുടെ പരാതി. എസ്‌പിയുടെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക വിഭാഗം അന്വേഷിച്ചപ്പോഴാണ് ഫ്രീ ഫയർ എന്ന ഗെയിം കളിച്ചാണ് 'പയ്യൻ' കാശ് കളഞ്ഞതെന്ന് മനസിലായത്. ഗെയിം ലഹരിയായ വിദ്യാർത്ഥി നാൽപ്പത് രൂപ മുതൽ നാലായിരം രൂപ വരെ ഒരു സമയം ചാർജ് ചെയ്താണ് കളിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം തന്നെ പത്തു പ്രാവശ്യം ചാർജ് ചെയ്തിട്ടുണ്ട്.
അവിചാരിതമായി അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പലപ്പോഴായി പണം അക്കൗണ്ടിൽ നിന്നും പോയതായി വീട്ടമ്മ അറിഞ്ഞത്. സംഭവം മാതാപിതാക്കൾ അറിഞ്ഞു വന്നപ്പോഴേക്കും ലക്ഷങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ബോധവൽക്കരണത്തിന്
റൂറൽ ജില്ലാ പൊലീസ് കർമ്മ പദ്ധതി ആവിഷ്‌കരിച്ച് വരികയാണെന്ന് എസ്‌പി. കാർത്തിക്ക് അറിയിച്ചു.
കുട്ടികൾ ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. മൊബൈൽ ഫോണുകൾ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. മാതാപിതാക്കൾക്ക് കൂടി അറിയുന്ന യൂസർ ഐ.ഡിയും, പാസ് വേഡുകളും മാത്രമേ അക്കൗണ്ടുകളിലും, ഫോൺ ലോക്കിലും ഉപയോഗിക്കാവു.
കുട്ടികൾ പഠനാവശ്യത്തിനു മാത്രമേ മൊബൈൽ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുക. നിരോധിച്ച ഗയിമുകളും , ആപ്പുകളും ഉപയോഗിക്കുന്നില്ല എന്ന് ശ്രദ്ധിക്കണം. പരിചയമില്ലാത്ത ആപ്പുകൾ മൊബൈലിൽ ഇല്ലെന്നും ഉറപ്പു വരുത്തണം. കുട്ടികൾ പഠനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഫോണിൽ പേരന്റൽ കൺട്രോൾ ആയിട്ടുള്ള ഈമെയിൽ ക്രിയേറ്റ് ചെയ്യുക. അസമയങ്ങളിലും, കൂടുതൽ സമയവും മൊബൈൽ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. മാതാപിതാക്കളുടെ ഒൺലൈൻ ബാങ്കിങ് അക്കൗണ്ടുകൾ കുട്ടികൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാതിരിക്കുക.
സ്‌കൂളിൽ നിന്ന് പഠനാവശ്യങ്ങൾക്ക് അദ്ധ്യാപകർ അയക്കുന്ന ലിങ്കുകൾ മറ്റൊരാൾക്കും പങ്കുവയ്ക്കരുത്. ഇങ്ങനെ പങ്കു വച്ചതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ബോധവൽക്കരണ പരിപാടികൾ അടുത്ത ആഴ്ചയോടെ തുടങ്ങുമെന്ന് എസ്‌പി. കാർത്തിക്ക് പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.