- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: അനർഹമായി മുൻഗണനാ റേഷൻകാർഡ് (മഞ്ഞ,ചുവപ്പ്) കൈവശം വെച്ചിട്ടുള്ള കാർഡുടമകൾക്ക് റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ ജൂൺ 30 വരെ അവസരം നൽകി സർക്കാർ ഉത്തരവായി. അർഹതയുള്ള നിരവധി കുടുംബങ്ങൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടാതെ പുറത്തു നിൽക്കുന്ന സാഹചര്യത്തിൽ അവരെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് നടപടി. അനർഹമായി കാർഡ് കൈവശം വെച്ചവർക്ക് 2021 ലെ കേരള റേഷനിങ് ഉത്തരവ് പ്രകാരമുള്ള ശിക്ഷകളിൽ നിന്നും പിഴയിൽ നിന്നും താത്ക്കാലികമായി ഇളവുനൽകി കാർഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് സർക്കാർ അവസരം നൽകിയിരിക്കുകയാണ്.
കേന്ദ്ര - സംസ്ഥാന ജീവനക്കാർ, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാർ, ആദായ നികുതി നൽകുന്നവർ, സർവ്വീസ് പെൻഷൻ ലഭിക്കുന്നവർ റേഷൻകാർഡിൽ പേരുള്ള എല്ലാവർക്കുംകൂടി പ്രതിമാസം 25000 രൂപ വരുമാനമുള്ള കുടുംബങ്ങൾ, എല്ലാ അംഗങ്ങൾക്കുംകൂടി ഒരു ഏക്കറിലധികം ഭൂമിയുള്ളവർ, ആയിരം ചതുരശ്ര അടിക്കു മുകളിൽ വിസ്തീർണ്ണമുള്ള വീട് ഉള്ളവർ, നാലു ചക്ര വാഹനമുള്ളവർ (ഏക ഉപജീവന മാർഗ്ഗത്തിനല്ലാത്ത വാഹനം) എന്നിവർ ജൂൺ 30 നകം കൈവശമുള്ള മുൻഗണനാ റേഷൻ കാർഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റണം. അപേക്ഷകൾ റേഷൻകാർഡിന്റെ പകർപ്പ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലൊ, റേഷൻകടകളിലോ നൽകാം. താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഇ-മെയിൽ വിലാസത്തിലും അപേക്ഷ സമർപ്പിക്കാം. .
ജൂൺ 30 നകം റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാത്ത കാർഡുടമകളിൽനിന്നും അനർഹമായി കൈപ്പറ്റിയ ഭക്ഷ്യ സാധനങ്ങളുടെയും മണ്ണെണ്ണയുടെയും വിപണി വിലയുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുമെന്നും 2021 ലെ കേരള റേഷനിങ് ഉത്തരവ് പ്രകാരം ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
അനർഹമായി കൈവശം വെച്ചിട്ടുള്ള മുൻഗണനാ റേഷൻകാർഡുകൾ സറണ്ടർ ചെയ്യുന്നതിനുള്ള അവസാന തീയതിയായ ജൂൺ 30 നു ശേഷം പിഴയിളവ് ലഭിക്കില്ല. റേഷൻകാർഡിൽ ഉൾപ്പെട്ടിട്ടുള്ളവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ കാർഡുടമകൾ അറിയിക്കണം. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചിരിക്കുന്നത് കണ്ടെത്തുന്നതിനായി 2021 ജൂലൈ ഒന്ന് മുതൽ ജില്ലയിൽ താലൂക്ക് തല പരിശോധന കർശ്ശനമാക്കുകയും വിപണി വിലയുടെ അടിസ്ഥാനത്തിൽ പിഴ ഈടാക്കുകയും 2021 ലെ കേരള റേഷനിങ് ഉത്തരവ് പ്രകാരം ശിക്ഷാ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ