- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികാരമേറ്റെടുത്താലുടൻ രാജകുടുംബത്തിന്റെ വലിപ്പം വെട്ടിക്കുറയ്ക്കാൻ ഉറച്ച് ചാൾസ്; ഹാരിയുടെ മകൻ അടക്കമുള്ളവർ പുറത്താകുമെന്ന് സൂചന നൽകി; കുഞ്ഞിന് രാജപദവി നിഷേധിക്കുന്നതിനെ വംശീയമായി കണ്ട് മേഗൻ
ബ്രിട്ടണിൽ അധികാരത്തിലേറിയാൽ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് ചാൾസ് രാജകുമാരന്. എലിസബത്ത് രാജ്ഞി മരണമടയുകയോ, മറ്റെന്തെങ്കിലും കാരണവശാൽ സ്ഥാനമൊഴിയുകയോ ചെയ്താൽ രാജാവായി അധികാരമേറ്റാൽ ഉടൻ ചെയ്യുക കുടുംബത്തിലെ രാജപദവിയുള്ളവരുടേ എണ്ണം കുറയ്ക്കുക എന്നതായിരിക്കും എന്ന് അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു. വെട്ടിനിരത്തൽ പ്രായോഗികമാകുമ്പോൾ ഹാരിയുടെ മകൻ ആർച്ചിക്കും രാജപദവി നിഷേധിക്കപ്പെടും എന്നാണ് പുറത്തുവരുന്ന സൂചനകൾ.
അമേരിക്കയിലിരുന്ന് ചാൾസ് രാജകുമാരനും രാജകുടുംബത്തിനും എതിരെ നിരവധി ആരോപണങ്ങൾ ഉയർത്തിയതിന്റെ പ്രതികാരമാണ് ഈ നടപടി എന്നാണ് വിലയിരുത്തുന്നത്. സിംഹാസനത്തിലിരിക്കുന്ന വ്യക്തിയുടെ കൊച്ചുമക്കൾക്ക് രാജപദവി ലഭിക്കുവാൻ യോഗ്യതയും അർഹതയും ഉണ്ട്. എന്നാൽ, വിപുലമായിക്കൊണ്ടിരിക്കുന്ന രാജകുടുംബത്തിന്റെ ചെലവ് മുഴുവൻ സർക്കാർ വഹിക്കുന്നതിൽ പൊതുജനങ്ങൾക്ക് അതൃപ്തിയുണ്ടെന്ന കാരണമുയർത്തി, ഇത്തരത്തിൽ ആനുകൂല്യങ്ങൾക്ക് അർഹരാകുന്നവരുടെ എണ്ണം കുറയ്ക്കാനാണ് ചാൾസ് ശ്രമിക്കുന്നത്.
ചാൾസ് അധികാരമേറിയാൽ സ്വാഭാവികമായി ലഭിക്കേണ്ട രാജകുമാരൻ എന്ന പദവി ഹാരിയുടെ പുത്രൻ ആർച്ചിക്ക് ലഭിക്കാതിരിക്കാൻ ആവശ്യമായ മാറ്റങ്ങൾ ചട്ടങ്ങളിൽ വരുത്തുമെന്ന് ചാൾസ് ഹാരിയോടും മേഗനോടും പറഞ്ഞതായി അവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പിന്നണിയിൽ കഴിഞ്ഞകുറച്ചു മാസങ്ങൾ നടന്ന ചർച്ചകൾക്ക് ശേഷം എടുത്ത തീരുമാനം ഹാരിയും മറ്റു രാജകുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ വഷളാക്കുകയാണ് ചെയ്തിരിക്കുന്നത്.
അതേസമയം, ജൂലായിൽ നടക്കുന്ന ഡയാന രാജകുമാരിയുടെ പ്രതിമാനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ, സാധാരണ ഇത്തരം പരിപാടികൾക്ക് എത്തുന്ന പത്രപ്രവർത്തകർക്ക് പുറമേ താൻ നിർദ്ദേശിക്കുന്ന ഒരു പത്രപ്രവർത്തകനെങ്കിലും അനുമതി നൽകണമെന്ന് ഹാരി ആവശ്യപ്പെട്ടു. ബ്രിട്ടീഷ് മാധ്യമങ്ങളോട് ഹാരിക്കുള്ള അവിശ്വാസമാണ് ഇതിൽ നിഴലിക്കുന്നത്. രാജകുടുംബത്തിന്റെ വലിപ്പം വെട്ടിക്കുറയ്ക്കുവാനുള്ള ചാൾസിന്റെ പദ്ധതിയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഒന്നും അറിവായിട്ടില്ലെങ്കിലും, കിരീടാവകാശിയും, ആ വ്യക്തിയുടെ ഏറ്റവും അടുത്ത ബന്ധുക്കളും മാത്രമായിരിക്കും ഈ ലിസ്റ്റിൽ ഉൾപ്പെടുക എന്നാണ് അറിയാൻ കഴിഞ്ഞത്.
ഇതനുസരിച്ച്, ഇനിമുതൽ, രാജാവിനോ രാജ്ഞിക്കോ പുറമേ, അടുത്ത കിരീടാവകാശിക്കും അടുത്ത ബന്ധുക്കൾക്കും മാത്രമായിരിക്കും പൂർണ്ണമായ രാജപദവി ലഭിക്കുകയു, പൊലീസ് പ്രൊട്ടക്ഷൻ, സോവറിൻ ഗ്രാന്റ് എന്നീ വഴികളിലൂടെ സർക്കാരിൽനിന്നും ധനസഹായം ലഭിക്കുകയും ചെയ്യുകയുള്ളൂ.
നേരത്തേ ചാൾസിന്റെ അനുജൻ ആൻഡ്രൂ രാജകുമാരന്റെ മക്കൾ, ബിയാട്രീസ് രാജകുമാരിക്കും യൂജിനി രാജകുമാരിക്കും ഭാവിയിൽ ഏതുതരത്തിലുള്ള സംരക്ഷണമാണ് ഒരുക്കുക എന്നതുസംബന്ധിച്ച് ആൻഡ്രൂ രാജകുമരനും ചാൾസ് രാജകുമാരനും തമ്മിൽ തർക്കമുടലെടുത്തിരുന്നു. ഇപ്പോൾ ഹാരിയും മേഗനും പുതിയ പരിഷ്‌കരണത്തിന്റെ ഇരകളാകുന്നു.
മറുനാടന് മലയാളി ബ്യൂറോ