- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ എത്തുന്ന ഹാരിക്ക് ബ്രിട്ടീഷ് മാധ്യമങ്ങളെ വിശ്വാസമില്ല; ഹാരിക്കനുകൂലമായി വാർത്തകൾ എഴുതാൻ ജേർണലിസ്റ്റിനെ നിയമിച്ചു
അടുത്തടുത്തിരുന്ന് ഒരു ഫോട്ടോ ആൽബത്തിന്റെ താളുകളിലൂടെ ഭൂതകാലങ്ങളിലേക്ക് യാത്ര ചെയ്യുന്ന വില്യം രാജകുമാരനും ഹാരിയും. ഇടയ്ക്കിടെ അവർ ചിരിക്കുന്നുണ്ട്, എന്തെല്ലാമോ ഓർമ്മകൾ പങ്കുവയ്ക്കുന്നുണ്ട്. സഹോദരന്മാർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ശക്തി വിളിച്ചറിയിക്കുന്ന ഈ ദൃശ്യങ്ങൾ നാലുവർഷം മുൻപുള്ളതാണ്. അമ്മ ഡയാനയുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ഒരു ടി വി ഡോക്യൂമെന്ററിയുടേ ചിത്രീകരണ വേളയായിരുന്നു അത്.
എന്നാൽ, ഇന്ന് ആ ബന്ധം ആ നിലയിലല്ല. അവർക്കിടയിലെ ആ പഴയ സ്നേഹം ഇന്ന് ഇല്ലാതെയായിരിക്കുന്നു. അവർ തമ്മിലുള്ള അകലം വർദ്ധിച്ചിരിക്കുന്നു. ഒരുപക്ഷെ ഒരിക്കലും കൂട്ടിയിണക്കാൻ കഴിയാത്ത തരത്തിൽ തന്നെ ആ സഹോദരബന്ധം ഇല്ലാതെയായിരിക്കുന്നു എന്നു തന്നെ പറയാം. ഈ സാഹചര്യത്തിലാണ് രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ ഇവർ വീണ്ടും മറ്റൊരു ചടങ്ങിൽ ഒരുമിച്ചെത്തുന്നത്. അമ്മ ഡയാനയുടെ അറുപതാം പിറന്നാൾ ആണ് ഈ സന്ദർഭം. ഡയാനയുടേ ഒരു പ്രതിമ അനാച്ഛാദനം ചെയ്യുന്നുമുണ്ട്.
നാലുവർഷം മുൻപ് കണ്ട ആ സഹോദരസ്നേഹത്തിന്റെ നിഴൽ പോലും ഇത്തവണ വേദിയിൽ കാണാനാകിലെന്നാണ് നിലവിലെ സംഭവവികാസങ്ങൾ പറയുന്നത്. തന്റെ കുടുംബത്തോട് മാത്രമല്ല, ബ്രിട്ടീഷ് മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടും വിശ്വാസമില്ലെന്ന് പറയാതെ പറയുകയാണ് ഹാരി. ഡയാനയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ, പരിപാടികൾ റിപ്പോർട്ട് ചെയ്യുവാൻ താൻ നിർദ്ദേശിക്കുന്ന ഒരു ജേർണലിസ്റ്റിനും അവസരം നൽകണമെന്ന് ആവശ്യമുയർത്തിയിരിക്കുകയാണ് ഹാരി.
ബ്രിട്ടീഷ് മാധ്യമങ്ങൾ എന്നും തങ്ങൾക്കെതിരെ വിവേചനം കാണിക്കുന്നു എന്ന് ഹാരിയും മേഗനും പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ബ്രിട്ടീഷ് മാധ്യമങ്ങൾ എല്ലാക്കാലവും ബ്രിട്ടൻ പക്ഷപാതികളാണെന്നും അവയ്ക്ക് വൈവിധ്യമില്ലെന്നുമായിരുന്നു ഹാരിയുടെ പരാതി. ഇത്തവണ അവയ്ക്ക് പുറമേ താൻ പറയുന്ന ഒരു ജേർണലിസ്റ്റെങ്കിലും പരിപാടി കവർ ചെയ്യാൻ ഉണ്ടായിരിക്കണം എന്നാവശ്യം ഹാരി ഉയർത്തിയിട്ടുണ്ട്.
അടുത്തയിടെ ഓപ്ര വിൻഫ്രിയുമായി നടത്തിയ അഭിമുഖത്തിൽ പോലും താനും അമ്മയുമായുണ്ടായിരുന്ന ആത്മബന്ധം ഹാരി വെളിപ്പെടുത്തിയിരുന്നു. അമ്മയുടേ മരണശേഷം താൻ അൻഭവിച്ച മാനസിക സമ്മർദ്ദങ്ങളും ഒറ്റപ്പെടലിന്റെ വേദനയുമെല്ലാം വിവരിച്ചതിനുശേഷം, എല്ലാം ഒറ്റയ്ക്ക് അനുഭവിക്കുവാൻ തന്നെയും തന്റെ സഹോദരനേയും പിതാവ് വിട്ടുകൊടുക്കുകയായിരൂന്നു എന്നും ആരോപിച്ചിരുന്നു.
വളരെക്കാലത്തെ ആലോചനയ്ക്ക് ശേഷമായിരുന്നു ഡയാന രാജകുമാരി,അവരുടെ മരണം വരെ താമസിച്ചിരുന്ന കെസ്റ്റിങ്ടൺ പാലസിലെ ഡയാന മെമോറിയൽ ഗാർഡനിൽ ഈ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചത്. സഹോദരന്മാർ ഇരുവരും അതിന്റെ രൂപകല്പന കണ്ട് സംതൃപ്തി അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇനിയിപ്പോൾ അമ്മയുടെ ഓർമ്മകളുടെ സാന്നിദ്ധ്യം സഹോദരന്മാർക്കിടയിലെ മുറിവ് ഉണക്കുമോ എന്നാണ് എല്ലാരും ഉറ്റുനോക്കുന്നത്.