തിരുവനന്തപുരം: ലോക്ഡൗണിൽ പലരുടേയും ജീവിതം പോലെ ബിന്ദുവിന്റെ ജീവിതവും പ്രതിസന്ധിയിൽ. എന്നാൽ ചിന്തിച്ചു വിഷമിച്ചിരിക്കാതെ മനക്കരുത്തിൽ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് ബാലരാമപുരം ഐത്തിയൂർ കോട്ടാംവിളാകത്ത് വീട്ടിൽ എസ്.ബിന്ദു. സെയിൽസ് ഗേളായിരുന്നു ബിന്ദു. ലോക്ഡൗൺ വന്നതോടെ ജോലി ഇല്ലാതായി. ഹോട്ടൽ തൊഴിലാളിയായ ഭർത്താവിനും ജോലി ഇല്ലാതായതോടെ വിദ്യാർത്ഥികളായ രണ്ട് മക്കളും അർബുദ ബാധിതയായ അമ്മയും അടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി.

എന്നാൽ എല്ലാവരെയും പോലെ ചിന്തിച്ച് വിഷമിച്ചിരിക്കാൻ ബിന്ദു തയ്യാറായിരുന്നില്ല. ജീവിതം കരുപ്പിടിപ്പി്ക്കാൻ പുതിയ മാർഗങ്ങൾ തേടി അലഞ്ഞു. ബാലരാമപുരത്തെ അറിയാവുന്ന കടകളിൽ കയറിച്ചെന്ന് ജോലി ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. ദിവസങ്ങൾ ജോലി തേടി അലഞ്ഞെങ്കിലും ഫലമില്ലാതായതോടെ മെഡിക്കൽ കോളേജിൽ അച്ചാർ വ്യാപാരം തുടങ്ങി. നാരങ്ങയും മാങ്ങയും ഇഞ്ചിയും രക്ഷയായില്ല. അവിടെയും ലോക്ഡൗൺ വിലങ്ങുതടിയായി. ഒടുവിൽ രണ്ടും കൽപ്പിച്ച് കൈയിൽ ഉണ്ടായിരുന്ന 600 രൂപയുമായി മീൻ വിൽപ്പനയ്ക്കിറങ്ങി.

മകനുമായി പുതിയതുറ കടപ്പുറത്തെത്തി ഒരു കുട്ട സി.ഡി.കോര മീൻ വാങ്ങി പെരിങ്ങമ്മലയിലെത്തി കച്ചവടത്തിന് തുടക്കം കുറിച്ചു. 600 രൂപയ്ക്ക് വാങ്ങിയ മീനിന് ചെറിയൊരു ലാഭം കിട്ടി. പിറ്റേദിവസം 900 രൂപയ്ക്ക് മീനെടുത്തു. അതും വലിയ കുഴപ്പം ഇല്ലാതെ വിറ്റഴിച്ചു. പ്രതീക്ഷ പതിയെ വളർന്നു. ജീവിതം തിരികെപ്പിടിക്കാമെന്നുറപ്പായി. അതൊരു നിയോഗമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. ഞാൻ ഇപ്പോൾ നന്നായി ജീവിക്കുന്നു. എന്റെ മക്കളെ നന്നായി പഠിപ്പിക്കുന്നു. ഭർത്താവിനെയും അമ്മയേയും നോക്കുന്നു. കരഞ്ഞുകൊണ്ടിരുന്നാൽ ഒന്നും നേടാനാവില്ല പെണ്ണുങ്ങളെ.. നിങ്ങൾ മുന്നിട്ടിറങ്ങൂ.. നമ്മൾ വിജയിക്കും.. എന്നത് മാത്രമാണ് ഉറപ്പുള്ളതെന്ന് ബിന്ദു പറയുന്നു.

ആദ്യമൊക്കെ ബന്ധുക്കൾ മീൻ വിൽക്കാൻ പോകുന്നതിന് എതിർപ്പുമായി രംഗത്തെത്തിയതായി ബിന്ദു പറയുന്നു. ഭർത്താവ് രാജേഷും മക്കളായ ബി.എസ്സി. നഴ്‌സിങ് വിദ്യാർത്ഥിനി അഞ്ജലിയും ഐ.ടി.ഐ. വിദ്യാർത്ഥി അശ്വിനും പിന്തുണ നൽകി. അമ്മ എന്തുജോലി ചെയ്താലും ഞങ്ങൾക്ക് സന്തോഷമേയുള്ളൂവെന്ന് പറഞ്ഞ മക്കൾ തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യമെന്നും 44 കാരിയായ ബിന്ദു ഉറപ്പിക്കുന്നു.

രാവിലെ 18 വയസ്സുള്ള അശ്വിനുമൊത്ത് വിഴിഞ്ഞം, അടിമലത്തുറ, പുതിയതുറ എന്നിവിടങ്ങളിൽ പോയാണ് മീൻ വാങ്ങുന്നത്. പെരിങ്ങമ്മല ടൗണിലാണ് മീൻ വിൽക്കാനിരിക്കുന്നത്. ഇടയ്ക്ക് സ്‌കൂട്ടറിലും മീൻ വിൽക്കാൻ പോകും. സ്ഥിരം കസ്റ്റമേഴ്‌സായി കുറച്ചുപേരുണ്ടെന്നതും ആശ്വാസകരമാണ്. 'ഇപ്പോൾ പതിയെ ഞാൻ ജീവിതം തിരികെപ്പിടിക്കുകയാണ്. എനിക്ക് സാധിച്ചാൽ എല്ലാവർക്കുമാകും. വിഷമിക്കാതെ, മുന്നോട്ടിറങ്ങി പുതിയ തൊഴിലുകൾ കണ്ടെത്തൂ എന്ന് മാത്രമാണ് എല്ലാവരോടുമായി പറയാനുള്ളത്'- ബിന്ദു ഓർമിപ്പിക്കുന്നു.