കോപ്പൻഹേഗൻ: അവിശ്വസനീയമായ പ്രകടനത്തിലൂടെ യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇടംപിടിച്ച് ഡെന്മാർക്ക്. ഒന്നിനെതിരേ നാലുഗോളുകൾക്കാണ് ഡെന്മാർക്കിന്റെ വിജയം. ഗ്രൂപ്പ് ബിയിൽ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ഡെന്മാർക്ക് അവസാന 16-ൽ പ്രീക്വാർട്ടറിൽ ഇടംപിടിച്ചത്.ഗ്രൂപ്പ് ബിയിലെ ആദ്യ 2 കളിയും തോറ്റ ഡെന്മാർക്കിനെ രക്ഷപ്പെടുത്തിയതു റഷ്യയ്‌ക്കെതിരായ 4 ഗോൾ ജയം മാത്രമല്ല, ഒരേ സമയത്തു നടന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബൽജിയത്തിന്റെ വിജയം കൂടിയാണ്.

ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഡെന്മാർക്ക് റഷ്യയ്ക്കെതിരായ മൂന്നാം മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഡെന്മാർക്കിനും റഷ്യയ്ക്കും ഫിൻലൻഡിനും മൂന്ന് പോയന്റ് വീതമാണെങ്കിലും ഗോൾ ശരാശരിയുടെ ബലത്തിൽ ഡെന്മാർക്ക് പ്രീ ക്വാർട്ടറിലെത്തി. ഡെന്മാർക്കിനായി മിക്കേൽ ഡാംസ്ഗാർഡ്, യൂസഫ് പോൾസെൻ, ആൻഡ്രിയാസ് ക്രിസ്റ്റിയൻസെൻ, ജോക്കിം മാലെ എന്നിവർ ഗോൾ നേടിയപ്പോൾ പെനാൽട്ടിയിലൂടെ ആർട്ടെം സ്യൂബ റഷ്യയ്ക്കായി ആശ്വാസ ഗോൾ നേടി.

ഈ തോൽവിയോടെ റഷ്യ ഗ്രൂപ്പിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രീ ക്വാർട്ടർ കാണാതെ പുറത്താകുകയും ചെയ്തു. പ്രീക്വാർട്ടർ കടക്കണമെന്ന ആവേശത്തോടെ ആദ്യം മുതൽ ഡെന്മാർക്ക് ആക്രമിച്ചു കളിച്ചു. കൂടുതൽ ഗോൾ അടിക്കുക എന്നത് തന്നെയായിരുന്നു ടീമിന്റെ ലക്ഷ്യവും. അതു കൊണ്ട് തന്നെ ഗോൾ പെരുമഴ പെയ്യിച്ചായിരുന്നു ഡെന്മാർക്കിന്റെ മടക്കം. 26ന് ആംസ്റ്റർഡാമിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഡെന്മാർക്ക് വെയ്ൽസിനെ നേരിടും.


ബൽജിയം 2-0ന് ഫിൻലൻഡിനെ തോൽപിച്ച് പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പ് ബിയിൽ കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ലോക ഒന്നാം നമ്പർ ടീമായ ബെൽജിയം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചത്. റൊമേലു ലുക്കാക്കു ബെൽജിയത്തിനായി ഗോൾ നേടിയപ്പോൾ ഫിൻലൻഡ് ഗോൾകീപ്പർ ലൂക്കാസ് ഹ്രാഡെസ്‌കിയുടെ സെൽഫ് ഗോളും ചുവന്ന ചെകുത്താന്മാർക്ക് തുണയായി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. തോറ്റെങ്കിലും ഫിൻലൻഡിന്റെ പ്രീക്വാർട്ടർ പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല.

കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ നിന്നും എട്ട് മാറ്റങ്ങളുമായാണ് ബെൽജിയം ഫിൻലൻഡിനെതിരേ കളിക്കാനിറങ്ങിയത്. തുടക്കം മുതൽ ബെൽജിയമാണ് കളി നിയന്ത്രിച്ചത്. കുറിയ പാസുകളുമായി ടീം നിരന്തരം ഫിൻലൻഡ് ഗോൾമുഖത്ത് ഭീതിപരത്തി. എന്നാൽ ഫിൻലൻഡ് പ്രതിരോധം ബെൽജിയൻ ആക്രമണങ്ങളെ നന്നായി തന്നെ നേരിട്ടു. ആദ്യ പത്തുമിനിട്ടിൽ ഒരു ഗോളവസരം സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല.

ഗ്രൂപ്പിലെ ശേഷിച്ച ടീമുകളായ റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക് ടീമുകൾക്കു 3 പോയിന്റ് വീതം. മികച്ച ഗോൾവ്യത്യാസത്തിൽ 2ാം സ്ഥാനക്കാരായി ഡെന്മാർക്കും നോക്കൗട്ടിലെത്തി.
മുഴുവൻ സമയത്തും ഫിൻലൻഡിന്റെ ഗോൾമുഖത്തായിരുന്ന കളിയിൽ ആദ്യപകുതിയിൽ നേടാൻ കഴിയാതെ അരഡസൻ ഗോളവസരങ്ങളുടെ കേടുതീർത്താണ് ബൽജിയം രണ്ടാം പകുതിയിൽ 2 ഗോളുകൾ നേടിയത്. 74ാം മിനിറ്റിൽ ഫിൻലൻഡ് ഗോളി ലൂക്കാസ് ഹ്രാഡെക്കിയുടെ കയ്യിൽ തട്ടി അകത്തുകയറിയ സെൽഫ് ഗോളിലായിരുന്നു തുടക്കം. 7 മിനിറ്റിനകം റൊമേലു ലുക്കാകുവിലൂടെ ബൽജിയം 2ാം ഗോളും നേടി. മികച്ച 3ാം സ്ഥാനക്കാരുടെ കൂട്ടത്തിൽ നോക്കൗട്ടിലെത്തുമോ എന്നറിയാൻ ഫിൻലൻഡ് ശേഷിക്കുന്ന മത്സരങ്ങൾ കൂടി കഴിയാൻ കാത്തിരിക്കണം.