- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുള്ളൂർക്കര ക്വാറിയിലെ സ്‌ഫോടനം; മരിച്ചത് ഉടമകളിലൊരാളായ അബ്ദുൽ റഷീദ്; പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം: പൊട്ടിത്തെറിച്ചത് മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ
തൃശൂർ: വടക്കാഞ്ചേരി മുള്ളൂർക്കര വാഴക്കോട്ടെ കരിങ്കൽ ക്വാറിയിൽ ഇന്നലെ ഉണ്ടായ സ്‌ഫോടനത്തിൽ മരിച്ചത് ക്വാറി ഉടമകളിലൊരാളായ അബ്ദുൽ റഷീദ് (45). മുള്ളൂർക്കര വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകനാണ്. ഇദ്ദേഹത്തിന്റെ സഹോദരൻ അടക്കം അഞ്ച് പേർക്കു പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മുള്ളൂർക്കര വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ മകൻ അബ്ദുൽ റഷീദ് (45) ആണു മരിച്ചത്. സഹോദരൻ മൂലയിൽ അബ്ദുൽ അസീസ് (47), മുള്ളൂർക്കര കുറ്റിയമച്ചിക്കൽ അബൂബക്കർ (45), കിരണ്ടുപറമ്പിൽ ഉമ്മർ (40), കോലോത്തുകുളം അലിക്കുഞ്ഞ് (35), ഇതരസംസ്ഥാന തൊഴിലാളിയായ ഛോട്ട (24) എന്നിവർക്കാണു പരുക്കേറ്റത്. അലിക്കുഞ്ഞിനെ അശ്വനി ആശുപത്രിയിലും മറ്റുള്ള 4 പേരെ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മാസങ്ങളായി അടഞ്ഞുകിടന്ന ക്വാറിയിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. ഇതിനോടു ചേർന്നുള്ള മീൻവളർത്തൽകേന്ദ്രത്തിൽ മീൻപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു അബ്ദുൾ റഷീദ് എന്നാണ് പറയുന്നത്. കൂടെയുണ്ടായിരുന്നവർക്കാണ് പരിക്ക്. മുള്ളൂർക്കര പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എം.എച്ച്. അബ്ദുൽ സലാമിന്റെ സഹോദരന്മാരാണു റഷീദും അസീസും. ഇവരുടെ ഉടമസ്ഥതയിലുള്ളതാണ് ക്വാറി. ഇന്നലെ രാത്രി 7.40ന് ആയിരുന്നു നാടിനെ ഞെട്ടിച്ച സ്‌ഫോടനം. ആറ് മാസമായി ക്വാറി പ്രവർത്തിച്ചിരുന്നില്ല.
ക്വാറി പ്രവർത്തനം നിർത്തിയ സമയത്തു ബാക്കിയുണ്ടായിരുന്ന വെടിമരുന്നും സ്‌ഫോടക സാമഗ്രികളും ഇവിടെ മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ഇവ നീക്കാൻ ക്വാറിയുടെ ലൈസൻസ് ഉടമയായ അസീസിനൊപ്പം റഷീദ് ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതിനിടെ സ്‌ഫോടനമുണ്ടായെന്നാണു പ്രാഥമിക നിഗമനം. ഇവർ ക്വാറിയിലെ വെള്ളക്കുഴിയിൽ മീൻപിടിക്കാൻ എത്തിയതാണെന്നും വിവരമുണ്ട്. സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടു. വെടിമരുന്ന് അടക്കം സ്‌ഫോടക വസ്തുക്കൾ കുഴിച്ചിട്ട സ്ഥലത്തു 2 മീറ്റർ ആഴത്തിൽ ഗർത്തം രൂപപ്പെട്ടു. ഭൂചലനമാണെന്നു കരുതി ജനം പരിഭ്രാന്തരായി. സമീപ മേഖലകളിലെ ഒട്ടേറെ വീടുകളുടെ ഭിത്തികളിൽ വിള്ളലുണ്ടായി.