കരിപ്പൂർ: കോഴിക്കോട് വിമാനത്താവള പരിസരത്ത് ഗുണ്ടാസംഘങ്ങൾക്ക് വിളയാടുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സംഘങ്ങളുടെ കുടിപ്പകയാണ് പ്രദേശത്ത് അശാന്തി വിതയ്ക്കുന്നത്. ഇത്തരം സംഘങ്ങളുടെ കൊലവിളിയിൽ അഞ്ചുപേർക്കാണ് തിങ്കളാഴ്ച പുലർച്ചെ ജീവൻ നഷ്ടമായത്. ഇത്തരം പിന്തുടരലുകളും സ്വർണം തട്ടിയെടുക്കലും നേരത്തേ പലതവണ നടന്നിട്ടുണ്ടെങ്കിലും ഇത്തവണ അത് മരണത്തിൽ അവസാനിച്ചതാണ് സംഭവം പുറത്തറിയാൻ കാരണമായത്. ഒരു വർഷത്തിനിടെ ഇത്തരത്തിലുള്ള 20 സംഭവങ്ങളാണ് വിമാനത്താവള പരിസരത്ത് നടന്നത്.

നേരത്തേ കോടാലി ശ്രീധരന്റെ നേതൃത്വത്തിൽ കൊടുവള്ളി സംഘങ്ങളുടെ കുഴൽപ്പണവും സ്വർണവും തട്ടിയെടുത്തായിരുന്നു തുടക്കം. പിന്നീട് കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിൽനിന്ന് സ്വർണവുമായി പുറത്തു കടന്നവരെ തട്ടിക്കൊണ്ടുപോയി. കുറച്ചു മുമ്പ് വരെ കണ്ണുർ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങൾ ഇത്തരം പ്രവർത്തനങ്ങളിൽ സക്രിയമായിരുന്നു.

സംസ്ഥാനത്തെ ഏറെ അറിയപ്പെടാത്ത സംഘങ്ങളാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ. ഒരു സംഘം കൊണ്ടുവരുന്ന സ്വർണം മറ്റൊരു സംഘം തട്ടിക്കൊണ്ട് പോകുന്നതാണ് പുതിയ രീതി. പരസ്പരം ഒറ്റിക്കൊടുക്കുന്നതിലെ പകതീർക്കൽ ഗുണ്ടാസംഘങ്ങൾ ഏറ്റെടുത്തു. സ്വർണക്കടത്ത് പിടിക്കാനെത്തിയ ഡി.ആർ.ഐ. സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതും ഇതിൽപ്പെടും. കൊട്ടപ്പുറത്തും ഒഴുകൂരിലും നിരപരാധികളായ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം പലസംഘങ്ങൾക്കും പ്രാദേശികമായി സഹായം ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.