കൊച്ചി: മുൻകൂർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാരോപിച്ച് പൊലീസ് തടവിലാക്കിയതിനെതിരെ ജർമൻ പൗരനായ റോളണ്ട് മോസ്ലേ ഹൈക്കോടതിയിൽ ഹർജി നൽകി. പാസ്‌പോർട്ട് നിയമവും ഫോറിനേഴ്‌സ് നിയമവും ലംഘിച്ചെന്ന കേസിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥകൾ ലംഘിച്ചെന്നാരോപിച്ചാണ് അഗത്തി പൊലീസ് നടപടിയെടുത്തതെന്നു ഹർജിയിൽ പറയുന്നു.

എൻജിനീയറായ റോളണ്ട് 2011 വരെ കാലാവധിയുള്ള ജർമൻ പാസ്‌പോർട്ടും വീസയുമായി 2006 ലാണ് ഇന്ത്യയിലെത്തിയത്. തുടർന്നു യൂറോലാൻഡ് കൺസ്ട്രക്ഷൻസ് സൊല്യൂഷൻസ് എന്ന പേരിൽ കമ്പനി തുടങ്ങി. കമ്പനിയുടെ പേരിലും സ്വന്തം പേരിലും ഇദ്ദേഹത്തിനു പാൻകാർഡും ലഭിച്ചു. ആധാർ കാർഡും സമ്പാദിച്ച റോളണ്ട് ബംഗാരം ദ്വീപിൽ താമസവും തുടങ്ങി. തനിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചെന്ന ധാരണയിലാണ് ഇദ്ദേഹം കഴിഞ്ഞിരുന്നത്.

എന്നാൽ പാസ്‌പോർട്ട് നിയമം, ഫോറിനേഴ്‌സ് നിയമം എന്നിവ ലംഘിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം കേസെടുക്കുകയായിരുന്നു. തുടർന്ന് അമിനി ദ്വീപിലെ സിജെഎം കോടതിയിൽ വിചാരണ നേരിടണമെന്നും ദ്വീപിനു പുറത്തു പോകരുതെന്നുമുള്ള വ്യവസ്ഥകളിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. ബംഗാരം ദ്വീപിലേക്ക് പോയെന്ന് കണ്ടെത്തിയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.