തിരുവനന്തപുരം: അന്തരിച്ച മുതിർന്ന പത്രപ്രവർത്തകനും മാധ്യമമേഖലയിലെ അദ്ധ്യാപകനും പരിശീലകനുമായിരുന്ന കവടിയാർ ജവഹർനഗർ റോഡ് ദി ക്വാർട്ടർ ഡെക്കിൽ ആർ.വിജയരാഘവന്(71) ആദരാഞ്ജലികൾ അർപ്പിച്ച് മാധ്യമ ലോകം.

ഹ്രസ്വകാല നാവികസേനാ സേവനത്തിനു ശേഷം ന്യൂഡൽഹിയിൽ പത്രപ്രവർത്തകനായി സേവനം അനുഷ്ഠിച്ചു. പിലു മോദി എംപി.യുടെ 'മാർച്ച് ഓഫ് ദി നേഷൻ' വാരികയിലും ജയപ്രകാശ് നാരായണന്റെ 'എവരിമാൻസ്' വാരികയിലും സബ് എഡിറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു. ഇന്ത്യൻ എക്സ്‌പ്രസ് ടൊറന്റോയിൽനിന്നു പ്രസിദ്ധീകരണമാരംഭിച്ച ഇന്റർനാഷണൽ എക്സ്‌പ്രസ് വാരികയുടെ ഡൽഹി ഡസ്‌കിൽ സൂപ്പർവൈസിങ് എഡിറ്ററുമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോൾ കൊച്ചിയിൽ ഇന്ത്യൻ എക്സ്‌പ്രസ് ഡസ്‌കിലും പിന്നീട് തിരുവനന്തപുരം ബ്യൂറോയിൽ റിപ്പോർട്ടറായും പ്രവർത്തിച്ചു.2005-ൽ വിരമിച്ച ശേഷം കവടിയാറിൽ ഇൻവിസ് മൾട്ടി മീഡിയയിലും പിന്നീട് ന്യൂഡൽഹിയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഗ്യാൻവിതരൺ ഇംഗ്ലീഷ് മാസികയിലും കൺസൾട്ടന്റ് എഡിറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.

കേരള സർവകലാശാലയിലെ ജേർണലിസം ആദ്യ ബാച്ചിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് അവിടുത്തെ വിദ്യാർത്ഥികളുടെ പരിശീലനപത്രങ്ങളായ കളരി, യൂണിവ് വോയ്സ് എന്നിവയുടെ എഡിറ്ററായി. ഒൻപതു വർഷത്തോളം തിരുവനന്തപുരം പ്രസ് ക്ലബ്ബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ ഫാക്കൽറ്റിയായിരുന്നു. പരേതരായ ദിവാൻ പേഷ്‌കാർ കെ.എൻ.ഗോവിന്ദന്റെ ചെറുമകനും പരേതരായ റിട്ട. ഡിസ്ട്രിക്ട് ജഡ്ജി എൻ.രാഘവന്റെയും തിരുവനന്തപുരം വിമെൻസ് കോേളജ് കർണാടക സംഗീതവിഭാഗം അധ്യക്ഷയായിരുന്ന വിജയാ രാഘവന്റെയും മകനുമാണ്.

ഭാര്യ: ജയശ്രീ(ദൂർദർശൻ, തിരുവനന്തപുരം). മക്കൾ: സൂരജ് സ്വരൂപ് രാഘവൻ(ജന. മാനേജർ കാവാസാക്കി, കോഴിക്കോട്), ആദിത്യ മൻജീത്ത് രാഘവൻ(എ.എം.ഇ. രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻസ് സ്റ്റഡീസ്, തിരുവനന്തപുരം). മരുമകൾ: അഞ്ജു മൻജീത്ത് രാഘവൻ(ടെക്നോപാർക്ക്).