ഡബ്ലിൻ : രാജ്യത്ത് ഡെൽറ്റ വേരിയന്റ് വ്യാപനത്തിനെതിരെ അതിശക്തമായ മുന്നറിയിപ്പുമായി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹൻ.ആദ്യമായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത ഈ വകഭേദം ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് പകരാൻ കൂടുതൽ സാധ്യതയുള്ളതാണെന്നാണ് വിദഗ്ദ്ധർ അനുമാനിക്കുന്നത്. അയർലണ്ടിൽ കഴിഞ്ഞയാഴ്ച റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളിൽ 20% പേരിലും ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.

ഇത് വലിയ ഉൽക്കണ്ഠ ഉണ്ടാക്കുന്നതാണെന്ന് സിഎംഒ പറഞ്ഞു.മുമ്പ് 5 ശതമാനം കേസുകളായിരുന്നു ഉണ്ടായിരുന്നത്.ജൂലൈ 5 മുതലാണ് ഇൻഡോർ ഡൈനിങ് ഉൾപ്പെടെയുള്ളവയുടെ നിയന്ത്രണങ്ങൾ നീക്കുന്നത്. ഇതു സംബന്ധിച്ച് തീരുമാനത്തെ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം ബാധിക്കുമോയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.രാജ്യം കൂടുതൽ ലോക്ഡൗൺ ഇളവുകളിലേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്

മുഴുവനായും വാക്സിനേറ്റ് ചെയ്യപ്പെടാത്തവർ കൂടുതൽ മുൻകരുതലുകളെടുക്കണമെന്ന് ഇതിന്റെ വെളിച്ചത്തിൽ ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.വാക്സിൻ എടുക്കാത്തവർ ജനക്കൂട്ടം ഒഴിവാക്കണമെന്നും, മറ്റുള്ളവരുമായുള്ള സമ്പർക്കം, വീടുകൾക്കും മറ്റും അകത്തുള്ള കൂടിക്കാഴ്ച എന്നിവ കുറയ്ക്കണമെന്നും, വർക്ക് ഫ്രം ഹോം പ്രാവർത്തികമാക്കണമെന്നും അഭ്യർത്ഥിച്ചു. ഒരു ഡോസ് എടുത്ത ശേഷം രണ്ടാം ഡോസിനായി കാത്തിരിക്കുന്നവരും ഇതേ മുൻകരുതലുകളെടുക്കണം.

ജൂലൈ 19 മുതൽ ഇയു ഡിജിറ്റൽ സെർട്ട് പ്രാബല്യത്തിൽ വരും.ഇവിടെ നിന്ന് യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിലേക്ക് 'ഫ്രീയായി 'യാത്ര ചെയ്യാൻ ഇതിലൂടെ അനുവദിക്കും.പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ആളുകൾ യാത്ര ചെയ്യരുതെന്ന ഉപദേശം ഡോ. ഹോളോഹൻ ആവർത്തിച്ചിട്ടുണ്ട്.