കോവിഡ് കാലത്തു 15% മുതൽ 40% വരെ സ്‌ക്കൂൾ ഫീസ് കുറച്ചു കൊടുക്കണം എന്നു് നിഷ്‌ക്കർഷിച്ചുകൊണ്ടു് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 2021 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഹൈക്കോടതി വിധി തൃണവൽഗണിച്ചു കൊണ്ടു് , അമിതമായ സ്‌ക്കൂൾ ഫീസ് ഈടാക്കുന്ന പ്രവണത തുടരുന്ന സ്‌കൂളുകൾക്കെതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണം എന്ന് ആം ആദ്മി പാർട്ടി ആവശ്യപെടുന്നു. ജീവിക്കാൻ കഷ്ടപ്പെടുന്ന സമൂഹമാണ് ഇന്ന് രക്ഷിതാക്കൾ

സ്‌ക്കൂൾ തുറക്കേണ്ട തിയതി മുതൽ ഇന്നേവരെ കേരളത്തിലെ സ്‌കൂളുകൾ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നേരിട്ട് തുറന്ന് പ്രവർത്തിക്കാതിരുന്നിട്ടും, വിദ്യാർത്ഥികൾക്ക് വേണ്ട ഇളവ് കൊടുക്കാതെ മുഴുവൻ ഫീസും നിർബന്ധപൂർവ്വം ഈടാക്കുന്ന നടപടി പല സ്‌കൂളുകളും തുടരുകയാണ്.

അഞ്ചും ആറും മണിക്കൂറുകൾ ഫിസിക്കലായി പ്രവർത്തിച്ചിരുന്ന സ്‌കൂളുകൾ ഇന്ന് ഓൺലൈനായി രണ്ടോ അല്ലെങ്കിൽ മൂന്ന് മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കുന്നില്ല. മാത്രവുമല്ല, സ്‌കൂൾ പ്രവർത്തിക്കുക യായിരുന്നെങ്കിൽ ഉണ്ടാവുമായിരുന്ന വൈദ്യുതി ബില്ല് മുതൽ സ്റ്റേഷനറി ചെലവ് വരെയുള്ള ചെലവുകൾ ഇപ്പോഴില്ല. അതുകൊണ്ട് തന്നെ സ്‌കൂളുകൾക്ക് മുഴുവൻ ഫീസ് പിരിക്കാൻ നിയമപരമായും, സാമാന്യ നീതിയുടെ അടിസ്ഥാനത്തിലും അധികാരമില്ല.

സ്‌ക്കൂൾ നടത്തുന്നതിനുള്ള ചിലവു് തുക മാത്രമെ കുട്ടികളിൽ നിന്നും ഫീസിനത്തിൽ ഈടാക്കാവൂ എന്ന ഹൈക്കോടതി വിധി പ്രകാരം 15% മുതൽ 40% വരെ സ്‌കൂൾ ഫീസ് കുറച്ചു കൊടുക്കാം എന്ന്, ആലുവ മണാലിമുക്ക് സെന്റ് ജോസഫ് പബ്ലിക് സ്‌കൂൾ , തൊടുപുഴ കോ ഓപ്പറേറ്റീവ് പബ്ലിക് സ്‌ക്കൂൾ , എറണാകുളം ശ്രീമൂലനഗരം , അൽ അമീൻ പബ്ലിക് സ്‌ക്കൂൾ , തൃപ്രയാർ ലെമർ പബ്ലിക് സ്‌ക്കൂൾ , ആലുവ തോട്ടുമുഖം ക്രെസെന്റ് പബ്ലിക് സ്‌കൂൾ, ചേർത്തല നടവത്തുൽ ഇസ്ലാം ഇംഗ്ലീഷ് സ്‌ക്കൂൾ , കായകുളം ജനശക്തി പബ്ലിക് സ്‌കൂൾ , കൊല്ലം വടക്കേവിള ശ്രീ നാരായണ പബ്ലിക് സ്‌കൂൾ , ചേർത്തല സെന്റ് മേരീസ് ലെവുക്ക സ്‌ക്കൂൾ , കുറ്റിപ്പുറം എം ഇ സ് കോളേജ് ഓഫ് എഞ്ചിനീയറിങ് ക്യാമ്പസ് സീനിയർ സെക്കന്ററി സ്‌കൂൾ , പല്ലാവൂർ , കൊല്ലങ്കോട് , തത്തമംഗലം ചിന്മയ വിദ്യാലയങ്ങൾ , തുടങ്ങിയ സ്‌കൂൾ മാനേജ്‌മെന്റുകൾ കോടതിയിൽ ഒരു സത്യവാങു്മൂലം സമർപ്പിച്ചിരുന്നു . അതിനെ തുടർന്ന് അത് നടപ്പിലാക്കാൻ ഉത്തരവായികൊണ്ടു് കോടതി പ്രസ്തുത കേസിൽ വിധിപ്രസ്താവിക്കുകയുണ്ടായി. പക്ഷേ അത് പാലിക്കാൻ കേരളത്തിൽ ഉള്ള പല സ്‌കൂളുകൾ ഇനിയും തയ്യാറായിട്ടില്ല, എന്നു മാത്രമല്ല പല സ്‌ക്കൂളുകളും നേരത്തെ നിലവിലുണ്ടായിരുന്ന ഫീസു് ഘടനയ്ക്കനുസരിച്ചുള്ള ഫീസു് രക്ഷിതാക്കളിൽ നിന്നും ആവശ്യപ്പെട്ടിരിക്കുകയുമാണ്.കോടതി വിധി നടപ്പിലാക്കേണ്ട ഗവൺമെന്റും ഇക്കാര്യത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതു് . ഇതു് കോടതി വിധി ധിക്കരിക്കുന്നതിന് തുല്യമാണ് എന്നും ഇങ്ങനെയുള്ള സ്‌കൂൾ മാനേജ്‌മെന്റിന് എതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുക്കണം എന്നും ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു

സർക്കാർ ഉടൻ ഇടപെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 2021 ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഹൈക്കോടതി വിധി നടപ്പിലാക്കണം എന്നും സ്‌ക്കൂൾ ഫീസ് കൊള്ളയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നും ആം ആദ്മി പാർട്ടി നേതാക്കളായ ഫോജി ജോൺ , ജോസ് ചിറമേൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു